Israel Hamas War: ഇസ്രയേൽ – ഹമാസ് സംഘർഷത്തിന് ഒരു വയസ്; ദുരന്തഭൂമിയായ ഗാസയിൽ കൊല്ലപ്പെട്ടത് 42000 പേർ
Israel Hamas War One Year: ലോകസമാധാനത്തിന് വേണ്ടി ഇടപെടേണ്ട ഐക്യരാഷ്ട്ര സഭ പോലും വെറും കാഴ്ചക്കാരായി മാറിയ ഒരു വർഷമാണ് നമുക്ക് മുന്നിലൂടെ കടന്നുപോകുന്നത്. ഇപ്പോൾ സംഘർഷം പശ്ചിമേഷ്യയുടെ കൂടുതൽ മേഖലകളിലേക്ക് പടരുകയാണ്. ലെബനൻ ഗാസ പോലെ മറ്റൊരു യുദ്ധഭൂമിയായി മാറുകയാണ്.

ടെൽ അവീവ്: പശ്ചിമേഷ്യയെ യുദ്ധഭൂമിയാക്കി മാറ്റിയ ഇസ്രയേൽ – ഹമാസ് സംഘർഷത്തിന് (Israel Hamas War) ഇന്ന് ഒരു വർഷം. കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിനായിരുന്നു ഇസ്രയേലിനെ നടുക്കിയ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. ആ ആക്രമണം ഇസ്രയേലിനെ മാത്രമായിരുന്നില്ല ലോകത്തെ ഒന്നാകെ നടുക്കിയ സംഭവമായിരുന്നു. അന്നത്തെ സംഭവത്തിൽ 1200 ഇസ്രയേലികൾ കൊല്ലപ്പെട്ടു. 250 ലേറെ പേരെ ബന്ദികളാക്കി. ഗാസയിലെ ഒരുവർഷം നീണ്ട യുദ്ധത്തിനിടയാക്കിയ ഈ സംഭവത്തിന്റെ ഓർമ്മ വിപുലമായി ആചരിക്കാൻ ഒരുങ്ങുകയാണ് ഇസ്രയേൽ.
ഇസ്രയേൽ അന്നോളം പുലർത്തിയ സുരക്ഷിതത്വ ബോധവും ആത്മവിശ്വാസവും അപ്പാടെ തകർത്തുകൊണ്ടായിരുന്നു ഹമാസിൻ്റെ നടപടി. എന്നാൽ മണിക്കൂറുകൾക്കകം തന്നെ ഹമാസ് തിരിച്ചടിച്ചു. ഹമാസിൻറെ പ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പ്രത്യാക്രമണം തുടങ്ങി. ഒരു വർഷത്തിനിപ്പുറം ഇന്നുവരെ ഗാസയിൽ കൊല്ലപ്പെട്ടത് 42000 പേർ. അതിൽ പകുതിയോളം സ്ത്രീകളും കുട്ടികളുമാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഒരു ലക്ഷം പേർക്ക് പരിക്കേറ്റതായാണ് വിവരം. പിന്നെ ലോകത്തെ ഏറ്റവും വലിയ ദുരന്തഭൂമി ആയി ഗാസ മാറുന്ന കാഴ്ചയാണ് ലോകം കണ്ടത്.
ALSO READ: ‘ഇറാന്റെ ആണവകേന്ദ്രങ്ങൾ ഇസ്രായേൽ തകർക്കണം’; തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡൊണാൾഡ് ട്രംപ്
എന്നാൽ യുദ്ധത്തിന് ഇപ്പോഴും അറുതിവന്നിട്ടില്ല. ഇപ്പോൾ സംഘർഷം പശ്ചിമേഷ്യയുടെ കൂടുതൽ മേഖലകളിലേക്ക് പടരുകയാണ്. ലെബനൻ ഗാസ പോലെ മറ്റൊരു യുദ്ധഭൂമിയായി മാറുന്ന സ്ഥിതിയാണ് നിലവിൽ. യെമനിലും സിറിയയിലും ആക്രമണങ്ങൾ നടക്കുന്നുണ്ട്. ഇറാൻ നേരിട്ട് രണ്ടു വട്ടം ഇസ്രയേലിനെ ആക്രമിച്ചു. ലോകസമാധാനത്തിന് വേണ്ടി ഇടപെടേണ്ട ഐക്യരാഷ്ട്ര സഭ പോലും വെറും കാഴ്ചക്കാരായി മാറിയ ഒരു വർഷമാണ് നമുക്ക് മുന്നിലൂടെ കടന്നുപോകുന്നത്. പരിഹാരമാർഗമെന്നോണം യുഎൻ മുന്നിൽവച്ച സമാധാന ആഹ്വാനം ഇരുപക്ഷവും തള്ളി.
യുഎൻ തലവൻ അന്റോണിയോ ഗുട്ടറസിന് ഇസ്രയേൽ പ്രവേശന വിലക്കു പോലും പ്രഖ്യാപിച്ചു. ഹമാസിന്റെ പൂർണ്ണമായ തകർച്ച ലക്ഷ്യമിട്ട് ആക്രമണം തുടങ്ങിയ ഇസ്രയേൽ ഇന്ന് നേരിടുന്നത് ഹിസ്ബുല്ലയും ഹൂതികളും ഇറാഖിലെ ഇസ്ലാമിക് റെസിസ്റ്റൻസും അടക്കം നിരവധി സായുധ സംഘങ്ങളെയാണ്. അവർക്കെല്ലാം പരസ്യ ആയുധ സാമ്പത്തിക സഹായവുമായി ഇറാനാണ് മുന്നിൽ നിൽക്കുന്നത്.
തലവൻ ഇസ്മായിൽ ഹനിയ അടക്കം നേതൃനിരയിലെ ഒട്ടേറെ പേരെ ഇസ്രയേലിന്റെ ആക്രമണത്തിൽ ഹമാസിന് നഷ്ടമായി. എന്നാൽ ഇപ്പോഴും ഹമാസ് ഇല്ലാതായി എന്നോ ഇനി തിരിച്ചടിക്ക് ശേഷിയില്ലാത്ത വിധം ദുർബലമായി എന്നോ പറയാനും കഴിയില്ല. ഇതിനിടയിലാണ് യുദ്ധത്തിൻ്റെ മുഖം മാറിയത്. ഇറാൻ – ഇസ്രയേൽ നേർക്കുനേർ പോരാട്ടമാണ് ഇപ്പോൾ നടക്കുന്നത്.