Narges Mohammadi: ഇറാൻ സ്ത്രീകളുടെ അവകാശങ്ങൾക്കായി പോരാട്ടം; നൊബേൽ ജേതാവ് നർഗീസ് മുഹമ്മദിക്ക് താത്ക്കാലിക മോചനം അനുവദിച്ച് ഭരണകൂടം
Iran temporarily releases Narges Mohammadi: 2024-ന്റെ തുടക്കത്തിൽ വിടപറഞ്ഞ പിതാവിൻ്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ നർഗീസിന് ഇറാൻ ഭരണകൂടം അനുമതി നിഷേധിച്ചിരുന്നു.
ടെഹ്റാൻ: നൊബേൽ സമ്മാന ജേതാവും മനുഷ്യാവകാശ പ്രവർത്തകയുമായ നർഗീസ് മുഹമ്മദിക്ക് താത്ക്കാലിക മോചനം അനുവദിച്ച് ഇറാൻ. ആരോഗ്യപരമായ കാരണങ്ങളെ തുടർന്നാണ് നർഗസിന് മൂന്നാഴ്ചത്തെ താത്കാലിക മോചനം അനുവദിച്ചിരിക്കുന്നത്. 2021 നവംബർ മുതൽ ഇറാനിൽ തടവിൽ കഴിയുന്ന നർഗീസ് മുഹമ്മദിയുടെ മോചനവാർത്ത സ്ഥിരീകരിച്ചത് അഭിഭാഷകൻ മുസ്തഫ നിലിയാണ്.
“നർഗീസ് മുഹമ്മദിയെ ചികിത്സിക്കുന്ന ഡോക്ടറുടെ നിർദ്ദേശത്തെ തുടർന്ന് തടവിൽ കഴിയുന്ന നർഗസ് മുഹമ്മദിയുടെ ജയിൽ ശിക്ഷ പബ്ലിക് പ്രോസിക്യൂട്ടർ മൂന്നാഴ്ചത്തേക്ക് റദ്ദാക്കുകയും അവരെ മോചിപ്പിക്കുകയും ചെയ്തു,” – സമൂഹമാധ്യമത്തിൽ മുസ്തഫ നിലി കുറിച്ചു. 21 ദിവസത്തേക്ക് താത്കാലിക മോചനം അനുവദിച്ച ഇറാൻ ഭരണകൂടത്തിന്റെ നടപടി അപര്യാപ്തമാണെന്ന് കുടുംബവും നർഗീസ് അനുകൂലികളും പ്രതികരിച്ചു. മൂന്ന് മാസത്തെ താത്കാലിക മോചനം അനുവദിക്കാൻ തയ്യാറാകണമെന്നും അല്ലെങ്കിൽ ഉടനടി നിരുപാധികം മോചിപ്പിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
വുമൺ, ലൈഫ്, ഫ്രീഡം മൂവ്‌മെൻ്റിൻ്റെ പ്രവർത്തകയായ നർഗീസ് മുഹമ്മദി ഇറാനിൽ വധശിക്ഷയ്‌ക്കെതിരെയും നിർബന്ധിത ഹിജാബ് നിയമങ്ങൾക്കെതിരെയും ശബ്ദമുയർത്തിയതോടെയാണ് ഭരണകൂടത്തിന്റെ കണ്ണിലെ കരടായി മാറിയത്. ഇതോടെ നർഗീസിനെ ഭരണകൂടം തടവിലാക്കി. 51 വയസ്സുള്ള നർഗീസ് 31 വർഷത്തെ ജയിൽവാസം അനുഭവിച്ചതായി നൊബേൽ കമ്മിറ്റി വിലയിരുത്തിയിരുന്നു. ഭരണകൂടത്തിന്റെ നയങ്ങൾക്കെതിരെ ശബ്ദമുയർത്തിയതിന് 2021-ലാണ് ഏറ്റവും അവസാനമായി തടവിലായത്. ടെഹ്റാനിലെ എവിൻ ജയിലിലെ തടവുകാരിയാണ് നർഗീസ് മുഹമ്മദി.
2023-ലാണ് നൊബേൽ സമ്മാനം ലഭിക്കുന്നത്. സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം സ്വന്തമാക്കുന്ന 19-ാമത്തെ വനിതയും രണ്ടാമത്തെ ഇറാനിയൻ വനിതയുമാണ് നർഗീസ്. സ്ത്രീകളെ അടിച്ചമർത്തുന്ന ഇറാൻ ഭരണകൂടത്തിന്റെ നയങ്ങൾക്കെതിരായ പോരാട്ടത്തിൻറെ പേരിലാണ് നർഗീസിനെ സമാധാന നൊബേൽ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. ഓസ്ലോയിൽ നടന്ന ചടങ്ങിൽ നർഗീസിന് വേണ്ടി മക്കളായിരുന്നു സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം സ്വീകരിച്ചത്.
കസ്റ്റഡിയിലിരിക്കെ ഭരണകൂടത്തിനെതിരെ കുപ്രചരണം നടത്തിയെന്ന് ആരോപിച്ച് നൊബേൽ പുരസ്കാരം ലഭിച്ചതിന് പിന്നാലെ നർഗീസിന്റെ ശിക്ഷാ കാലയളവ് 15- മാസം കൂടി നീട്ടി ഭരണകൂടം ഉത്തരവ് പുറത്തിറക്കിയിരുന്നു. പരിഷ്കരണ ആശയങ്ങളുടെ പേരിൽ വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ ഭരണകൂടത്തിൻറെ നോട്ടപ്പുള്ളിയായ വ്യക്തിയാണ് നർഗീസ്.
ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലൂടെ കടന്നു പോകുന്ന തന്നെ ഹിജാബ് ധരിപ്പിക്കാതെ ആശുപത്രിയിൽ എത്തിക്കണം എന്ന് ആവശ്യപ്പെട്ട് നവംബറിൽ ജയിലിൽ നർഗീസ് നിരാഹാര സമരം നടത്തിയിരുന്നു. മാധ്യമപ്രവർത്തകനായ താഗി റഹ്മാനിയാണ് ഭർത്താവ്, 14 വർഷത്തെ ജയിൽവാസത്തിന് ശേഷം ഫ്രാൻസിലേക്ക് കുടിയേറിയിരുന്നു. അദ്ദേഹത്തിനൊപ്പമാണ് മക്കൾ താമസിക്കുന്നത്. 2024-ന്റെ തുടക്കത്തിൽ വിടപറഞ്ഞ പിതാവിൻ്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ നർഗീസിന് ഇറാൻ ഭരണകൂടം അനുമതി നിഷേധിച്ചിരുന്നു.