Nobel prize 2024: ജപ്പാനിലെ അതിജീവിതരുടെ സംഘടനയായ നിഹോങ് ഹിദ്യാൻക്യോയ്ക്ക് സമാധാന നൊബേൽ
Nobel Peace Prize 2024 awarded to Japanese organisation: ആണവ രഹിത ലോകത്തിന് വേണ്ടി വാദിക്കുന്നതിനും അതിന്റെ ഭീകരതയെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനും ഇവർ നടത്തിയ ശ്രമങ്ങൾക്കുള്ള ആദരവായാണ് ഇത്തവണ നൊബേൽ സമ്മാനിച്ചത്.
സ്‌റ്റോറ്റ്‌ഹോം: ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ജപ്പാനിലെ നിഹോങ് ഹിഡാൻക്യോ എന്ന സംഘടനയ്ക്ക് ലഭിച്ചു. ഹിരോഷിമയിലേയും നാഗസാക്കിയിലേയും അണുബോംബ് സ്‌ഫോടനങ്ങളെ അതിജീവിച്ചവരുടെ ജപ്പാൻ സംഘടയാണ് നിഹോങ് ഹിഡാൻക്യോ. ആണവ രഹിത ലോകത്തിന് വേണ്ടി വാദിക്കുന്നതിനും അതിന്റെ ഭീകരതയെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനും ഇവർ നടത്തിയ ശ്രമങ്ങൾക്കുള്ള ആദരവായാണ് ഇത്തവണ നൊബേൽ സമ്മാനിച്ചത്.
ആണവായുധങ്ങളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് ആഗോള ബോധവൽക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെ 1956 ലാണ് ഈ സംഘടന രൂപീകൃതമായത്. 1945 ൽ ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വർഷിച്ചതിനെത്തുടർന്ന് നിരവധി ആളുകൾ അതിന്റെ ദുരിത ഫലങ്ങൾ അനുഭവിക്കേണ്ടി വന്നിരുന്നു. അത്തരത്തിലുള്ളവരുടെ അനുഭവ കഥകൾ ലോകത്തോട് ഈ സംഘടന പങ്കുവച്ചു.
ഇതു വഴി ആണവായുധങ്ങളുടെ ഉപയോഗത്തിന്റെ തിക്ത ഫലങ്ങൾ എന്താണെന്ന് ലോകത്തെ ബോധ്യപ്പെടുത്താൻ ഇവർക്ക് കഴിഞ്ഞിട്ടുണ്ട്. ആണവായുധങ്ങൾക്കെതിരായ ആഗോള എതിർപ്പ് സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങളെ അവാർഡ് കമ്മിറ്റി പ്രശംസിക്കുകയും ചെയ്തു. അണുബോംബ് വർഷിച്ച് 80 വർഷം കഴിഞ്ഞിട്ടും ആണവായുധങ്ങളുടെ ഭീഷണി ഇന്നും ലോകത്ത് തുടരുകയാണ്. രാജ്യങ്ങൾ ആയുധശേഖരം കൂട്ടിക്കൊണ്ടിരിക്കുകയാണ്.
ALSO READ – രത്തൻ ടാറ്റയ്ക്ക് പിൻഗാമി അർധസഹോദരൻ നോയൽ ടാറ്റ; ടാറ്റ ട്രസ്റ്റിൻ്റെ ചെയർമാനായി നിയമിച്ചു
1945 ഓഗസ്റ്റിൽ ഹിരോഷിമയിലും നാഗസാക്കിയിലും വർഷിച്ച അണുബോംബുകൾ ഏകദേശം 120,000 പേരെ കൊന്നൊടുക്കി. അതിലേറെപ്പേർ പൊള്ളലും റേഡിയേഷനും മൂലം മരിച്ചു. 650,000 പേർ അതിൽ നിന്ന് രക്ഷപ്പെട്ടതായി കണക്കാക്കപ്പെടുന്നു. ഈ അതിജീവിച്ചവരെ ജാപ്പനീസ് ഭാഷയിൽ ഹിബാകുഷ എന്നാണ് വിളിക്കുന്നത്.
നിഹോങ് ഹിദ്യാൻക്യോയ്ക്ക് രണ്ട് പ്രധാന ലക്ഷ്യങ്ങളുണ്ട്. ജപ്പാന് പുറത്ത് താമസിക്കുന്നവർ ഉൾപ്പെടെ എല്ലാ ഹിബാകുഷയുടെയും സാമൂഹികവും സാമ്പത്തികവുമായ അവകാശങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നതാണ് ആദ്യത്തേത്. രണ്ടാമത്തേത്, ഹിബാകുഷയ്ക്ക് സംഭവിച്ച ദുരന്തത്തിന് ഇനിയൊരിക്കലും ആരും വിധേയരാകില്ലെന്ന് ഉറപ്പാക്കുക എന്നതാണ്.