No Trousers Tube Day 2025: പാൻ്റിടാതെ അടിവസ്ത്രത്തിൽ മെട്രോ യാത്ര; ഈ വർഷം പങ്കെടുത്തത് നൂറുകണക്കിന് ആളുകൾ
Travelling On The London Metro Without Wearing Pants: പാൻ്റിടാതെ അടിവസ്ത്രമണിഞ്ഞുകൊണ്ട് ലണ്ടൻ മെട്രോയിൽ നടത്തുന്ന യാത്രയാണ് നോ ട്രൗസേഴ്സ് ട്യൂബ് ഡേ. ഈ വർഷത്തെ നോ ട്രൗസേഴ്സ് ട്യൂബ് ഡേ നടന്നത് ഈ മാസം 12നായിരുന്നു. നൂറുകണക്കിനാളുകളാണ് യാത്രയിൽ പങ്കെടുത്തത്.
ലണ്ടൻ മെട്രോയിൽ എല്ലാ വർഷവും നടക്കുന്ന ഒരു പതിവാണ് നോ ട്രൗസേഴ്സ് ട്യൂബ് ഡേ അതായത് പാൻ്റില്ലാതെ മെട്രോ യാത്ര നടത്താനുള്ള ദിവസം. ഈ വർഷത്തെ നോ ട്രൗസേഴ്സ് ട്യൂബ് ഡേ ഈ മാസം 12, ഞായറാഴ്ചയായിരുന്നു. നൂറുകണക്കിന് ആളുകളാണ് ഈ യാത്രയിൽ പങ്കെടുക്കാനെത്തിയത്. പാൻ്റിടാതെ അടിവസ്ത്രമണിഞ്ഞുള്ള മെട്രോ യാത്രയാണ് ഇതിൻ്റെ സവിശേഷത.
നോ ട്രൗസേഴ്സ് ട്യൂബ് ഡേയ്ക്ക് ഓരോ വർഷവും ജനപ്രീതി വർധിച്ചുകൊണ്ടിരിക്കുകയാണ്. 2002ലാണ് ആദ്യം ഈ പതിവ് തുടങ്ങിയത്. കൊമേഡിയനായ ചാർലി ടോഡ് ന്യൂയോർക്ക് മെട്രോയിൽ അവതരിപ്പിച്ച ആശയം 2009ൽ ലണ്ടൻ മെട്രോ ഏറ്റെടുക്കുകയായിരുന്നു. വെറുമൊരു മെട്രോ യാത്രയിൽ തമാശകൊണ്ടുവന്ന് ആഘോഷിക്കുകയെന്നതാണ് ഈ ദിവസത്തിൻ്റെ സവിശേഷത. സാമൂഹ്യപതിവുകളെ റദ്ദ് ചെയ്യുക ബോഡി പോസിറ്റിവിറ്റി ഉദ്ബോധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളും ഈ ആഘോഷത്തിനുണ്ട്.
കൊമേഡിയനായ ചാർലി ടോഡിൻ്റെ ഒരു തമാശയാണ് ഈ പതിവിലേക്ക് നയിച്ചത്. ശീതകാലത്ത് മെട്രോ യാത്ര നടത്തുന്നതിനെ രസകരമായി അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. മുഴുവൻ വസ്ത്രം ധരിച്ച് പാൻ്റിടാതെയുള്ള യാത്ര രസകരമായിരിക്കും എന്ന് അദ്ദേഹം നിരീക്ഷിച്ചു. “ആളുകളെ രസിപ്പിക്കുക എന്നതാണ് ഈ ചടങ്ങിന് പിന്നിലെ ലക്ഷ്യം. ആളുകളെ ചിരിപ്പിക്കുക. ആരെയും ശല്യപ്പെടുത്താനോ ചൊടിപ്പിക്കാനോ അല്ല ഇത്. ഇതിങ്ങനെ തന്നെ തുടരുമെന്ന് പ്രത്യാശിക്കുന്നു. ഈ ചടങ്ങ് ഇപ്പോഴും തുടർന്നുപോകുന്നതിൽ വളരെ സന്തോഷമാണ്. “- ചാർലി ടോഡ് ബിബിസിയോട് പ്രതികരിച്ചു.
Also Read : Influencer Emily James: അരക്കെട്ട് ഭംഗിയാക്കാൻ വാരിയെല്ല് നീക്കം ചെയ്തു, ഇനി അവകൊണ്ട് കിരീടമുണ്ടാക്കും; ഇൻഫ്ലുവൻസർ
വളരെ ലളിതമായ ഒരു തമാശ വ്യാപകമായി പ്രചരിച്ചു. ബെർലിൻ, പ്രാഗ്, വാഴ്സ തുടങ്ങിയ പല നഗരങ്ങളിലേക്കും ഈ തമാശയുടെ അലയൊലികളെത്തി. അങ്ങനെയാണ് ലണ്ടൻ മെട്രോ ഈ ആഘോഷത്തിന് തുടക്കമിട്ടത്. ഓരോ വർഷം കഴിയും തോറും ഈ ആഘോഷത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. പല നാടുകളിൽ നിന്നുള്ളവർ ഈ ദിവസം കൃത്യമായി ഇവിടെയെത്തി ആഘോഷങ്ങളിൽ പങ്കെടുക്കാൻ ശ്രമിക്കാറുണ്ട്.
ചൈനടൗണിൽ നിന്നാണ് ഈ ആഘോഷത്തിൻ്റെ തുടക്കം. 40 വയസുകാരനായ പേഴ്സണൽ ട്രെയിനർ ഡേവ് സെൽകിർകിൻ്റെ നേതൃത്വത്തിൽ ആളുകൾ ഒരുമിച്ചുകൂടി. ഇവർ ഒരുമിച്ചാണ് അടുത്തുള്ള പികാഡില്ലി സർക്കസ് സ്റ്റേഷനിലെത്തിയത്. സ്ഥിരയാത്രക്കാർക്കൊപ്പം അനായാസം ഇവർ യാത്ര ചെയ്യുകയും ചെയ്തു. “എല്ലാവരും യാത്ര നന്നായി ആസ്വദിക്കുന്നുണ്ട്. ഒരു കാരണവുമില്ലാതെ ഇത്തരം രസകരമായ കാര്യങ്ങൾ ചെയ്യുന്നത് ആസ്വദിക്കാൻ കഴിയുന്നത് നല്ലതാണ്.”- സെൽകിർക് പറഞ്ഞതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
ലണ്ടൻ മെട്രോ
ലോകത്തിലെ ആദ്യ ഭൂഗർഭ മെട്രോ റെയിൽ ശൃംഖലയാണ് ലണ്ടൻ മെട്രോ. 1863 ജനുവരി 10നാണ് ലണ്ടൻ മെട്രോ പ്രവർത്തനം ആരംഭിച്ചത്. ലണ്ടൻ അണ്ടർഗ്രൗണ്ട് ലിമിറ്റഡാണ് പദ്ധതി നടത്തുന്നത്. 11 ലൈനുകളും 272 സ്റ്റേഷനുകളും ലണ്ടൻ മെട്രോയിലുണ്ട്. ദിവസേന ശരാശരി 3.2 മില്ല്യൺ ആളുകളാണ് മെട്രോയിൽ യാത്ര ചെയ്യുന്നതെന്നാണ് കണക്ക്. മണിക്കൂറിൽ 32 കിലോമീറ്ററാണ് ട്രെയിൻ്റെ വേഗത.