Nestles Cerelac: സെറലാക്കിനെതിരെ വീണ്ടും പരിശോധന; നടപടിയുണ്ടാകണമെന്ന് എന്‍ജിഒകള്‍
Nestles Cerelac Updates: ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളില്‍ വിപണനം ചെയ്യുന്ന കമ്പനിയുടെ ബേബി ഫുഡ് ഇനങ്ങളുടെ സാമ്പിളുകള്‍ ബെല്‍ജിയന്‍ ലബോറട്ടറിയില്‍ പരിശോധിച്ചതു പ്രകാരമുള്ള വിവരങ്ങളാണ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.
നെസ്ലയുടെ ബേബി ഫുഡായ സെറലാക്കിനെതിരെ വീണ്ടും പരിശോധന. അന്യായമായ വ്യാപാരം നടത്തുന്നതിനെതിരെ ആഗോള സിവില്‍ സൊസൈറ്റി ഓര്‍ഗനൈസേഷനുകള്‍, പബ്ലിക് ഐ, ഐബിഎഫ്എഎന്‍, സ്വിസ് സ്റ്റേറ്റ് സെക്രട്ടേറിയേറ്റ് ഫോര്‍ ഇക്കണോമിക് അഫയേഴ്‌സ് എന്നിവ നെസ്ലയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
സെറലാക്കില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര അടങ്ങിയിട്ടുണ്ടെന്നുള്ള റിപ്പോര്‍ട്ട് രണ്ട് മാസം മുമ്പാണ് പുറത്തുവന്നത്. സ്വിറ്റ്‌സര്‍ലന്‍ഡിലെ പബ്ലിക് ഐ എന്ന സ്വതന്ത്ര അന്വേഷണ സമിതിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇന്ത്യയിലും മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലുമാണ് നെസ്ലെ അവരുടെ ബേബി ഫുഡായ സെറലാക്കില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ചേര്‍ത്ത് വില്‍ക്കുന്നത്. ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക പോലുള്ള താഴ്ന്ന വരുമാനമുള്ള വികസ്വര രാജ്യങ്ങളിലാണ് നെസ്ലെ ഈ ക്രമക്കേട് നടത്തുന്നത്. എന്നാല്‍ യുഎസ്, യൂറോപ്പ്, സ്വിറ്റസര്‍ലന്‍ഡ്, ജര്‍മനി തുടങ്ങിയ വികസിത രാജ്യങ്ങളില്‍ വില്‍ക്കുന്ന സെറലാക്കില്‍ പഞ്ചസാര ഉള്‍പ്പെട്ടിട്ടില്ല.
ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളില്‍ വിപണനം ചെയ്യുന്ന കമ്പനിയുടെ ബേബി ഫുഡ് ഇനങ്ങളുടെ സാമ്പിളുകള്‍ ബെല്‍ജിയന്‍ ലബോറട്ടറിയില്‍ പരിശോധിച്ചതു പ്രകാരമുള്ള വിവരങ്ങളാണ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. ഇന്ത്യന്‍ വിപണിയില്‍ 2022ല്‍ നടന്ന വില്‍പ്പനയില്‍ 250 മില്യണ്‍ ഡോളറിലധികം വരുമാനം ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്. സെറലാക് ബേബി സീരിയല്‍ വേരിയന്റിലും സപ്ലിമെന്ററി ഷുഗര്‍ അടങ്ങിയിരിക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
ഒരു സെര്‍വില്‍ ഏകദേശം 3 ഗ്രാം പഞ്ചസാരയാണ് കണ്ടെത്തിയത്. ജര്‍മ്മനി, ഫ്രാന്‍സ്, യുകെ എന്നിവിടങ്ങളില്‍ നെസ്ലെ വില്‍ക്കുന്ന ആറുമാസം പ്രായമുള്ള കുഞ്ഞുങ്ങളുടെ ഉത്പന്നങ്ങളില്‍ പഞ്ചസാരയുടെ അളവ് കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് പബ്ലിക്ക് ഐയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാണെന്നതും ശ്രദ്ധിക്കേണ്ട വസ്തുതയാണ്. അതേസമയം, ഇതേ ഉത്പന്നങ്ങള്‍ എത്യോപ്യയില്‍ ഓരോ സേര്‍വിലും 5 ഗ്രാം ഷുഗറും, തായ്‌ലന്‍ഡില്‍ 6 ഗ്രാം ഷുഗറും ചേര്‍ത്താണ് വില്‍ക്കുന്നത്. ഒരേ ഉത്പനം വിവിധ വിപണികളില്‍ വ്യത്യസ്ത രീതികളില്‍ അവതരിപ്പിക്കുന്നത് കമ്പനിയുടെ തന്ത്രവും, ഇരട്ടത്താപ്പുമാണെന്നു വിദഗ്ധര്‍ പറയുന്നു.
പഞ്ചസാരയുടെ ആദ്യകാല ഉപയോഗം കുട്ടികളില്‍ മധുരമുള്ള വസ്തുക്കളോട് പ്രകടമായ ചായ്‌വ് ഉണ്ടാക്കുമെന്നും, ഇതു അമിതവണ്ണത്തിനും വിവിധ രോഗങ്ങള്‍ക്കും സാധ്യത വര്‍ധിപ്പിക്കുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കുട്ടികള്‍ക്കുള്ള ഭക്ഷ്യവസ്തുക്കളില്‍ സപ്ലിമെന്ററി ഷുഗര്‍ നിരോധിക്കണമെന്ന് ലോകാരോഗ്യ സംഘടന അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. കുട്ടികള്‍ക്കുള്ള ഭക്ഷണത്തില്‍ നിന്ന് പഞ്ചസാരയെ അകറ്റി നിര്‍ത്താന്‍ നെസ്ലെ തന്നെ അതിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ ശിശു പോഷണത്തെക്കുറിച്ചുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.
താരതമ്യേന ഉയര്‍ന്ന പ്രകൃതിദത്ത പഞ്ചസാരയുടെ അളവ് കൂടുതലുള്ള പഴച്ചാറുകള്‍ പോലും കുട്ടിയുടെ ആദ്യ വര്‍ഷത്തില്‍ നല്‍കരുതെന്നു ചില വിദഗ്ധര്‍ നിര്‍ദേശിക്കുന്നുണ്ട്. സപ്ലിമെന്ററി മധുരം നല്‍കുന്ന ഏജന്റുകള്‍ അടങ്ങിയ ജ്യൂസ് മിശ്രിതങ്ങളോ ഇതര മിശ്രിത പാനീയങ്ങളോ ഒഴിവാക്കുകയും വേണം.