Nepal Protest: രാജവാഴ്ച തേടി പ്രക്ഷോഭം, പ്രതിഷേധത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കാന്‍ നേപ്പാള്‍ സര്‍ക്കാര്‍
Nepal pro monarchy agitation: മാർച്ച് 28 ന് നടന്ന രാജവാഴ്ച അനുകൂല പ്രതിഷേധത്തിനിടെ 20 പേർക്ക് നേരെ വെടിവച്ചതായി പൊലീസ് വ്യക്തമാക്കി. 58 റൗണ്ട് വെടിയുതിർത്തതായും 746 കണ്ണീർ വാതക ഷെല്ലുകള്‍ പ്രയോഗിച്ചതായും പൊലീസ് അറിയിച്ചു. 55 പൊലീസുകാർക്കും 23 സായുധ പൊലീസ് സേനാംഗങ്ങൾക്കും പരിക്കേറ്റു

കാഠ്മണ്ഡു: രാജവാഴ്ച അനുകൂല പ്രതിഷേധത്തിൽ കൊല്ലപ്പെട്ട രണ്ട് പേരുടെ കുടുംബങ്ങൾക്ക് ഒരു മില്യൺ രൂപ വീതം നൽകാൻ നേപ്പാൾ സർക്കാരിന്റെ തീരുമാനം. സബിൻ മഹർജൻ, സുരേഷ് രജക് എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച നടന്ന പ്രതിഷേധത്തിനിടെ വെടിവയ്പ്പിലാണ് സബിന്‍ കൊല്ലപ്പെട്ടത്. മറ്റൊരിടത്ത്, പരിപാടി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഫോട്ടോ ജേണലിസ്റ്റായ സുരേഷും കൊല്ലപ്പെടുകയായിരുന്നു. രണ്ട് പേരുടെയും കുടുംബങ്ങൾക്ക് ഒരു മില്യൺ രൂപ വീതം നൽകാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചതായി മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.
ഇതിനായി ഫണ്ട് അനുവദിക്കാന്‍ ധനമന്ത്രാലയത്തോട് ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടു. കഴിഞ്ഞയാഴ്ച ടിങ്കുനെയിലാണ് രാജവാഴ്ച തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടന്നത്. തുടര്‍ന്ന് പ്രതിഷേധം അക്രമാസക്തമായി. അക്രമാസക്തമായ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് നൂറിലേറെ പേര്‍ അറസ്റ്റിലായി.
രാഷ്ട്രീയ പ്രജാതന്ത്ര പാർട്ടി(ആർപിപി)യുടെ ജനറൽ സെക്രട്ടറി ധവാൽ ശംഷേർ റാണ, വൈസ് ചെയർമാൻ രവീന്ദ്ര മിശ്ര എന്നിവരുൾപ്പെടെ 41 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. അറസ്റ്റിലായവരില്‍ 69 പേരെ പ്രാഥമിക അന്വേഷണങ്ങൾക്ക് ശേഷം വിട്ടയച്ചു.




Read More: China Gold Reserve: രണ്ട് വലിയ ഗോള്‍ഡ് റിസര്‍വുകള്‍; ചൈനയ്ക്ക് അടിച്ചത് വമ്പന്‍ ജാക്ക്‌പോട്ട്
മാർച്ച് 28 ന് നടന്ന രാജവാഴ്ച അനുകൂല പ്രതിഷേധത്തിനിടെ 20 പേർക്ക് നേരെ വെടിവച്ചതായി പൊലീസ് വ്യക്തമാക്കി. 58 റൗണ്ട് വെടിയുതിർത്തതായും 746 കണ്ണീർ വാതക ഷെല്ലുകള്‍ പ്രയോഗിച്ചതായും പൊലീസ് അറിയിച്ചു. 55 പൊലീസുകാർക്കും 23 സായുധ പൊലീസ് സേനാംഗങ്ങൾക്കും പരിക്കേറ്റു. 53 പ്രതിഷേധക്കാർക്ക് പരിക്കേറ്റതായും പൊലീസ് വ്യക്തമാക്കി.
അറസ്റ്റിലായ 41 പേരെ 11 ദിവസത്തേക്ക് ജുഡീഷ്യൽ റിമാൻഡിൽ വിടാൻ കാഠ്മണ്ഡു ജില്ലാ കോടതി അനുമതി നൽകി. രാജവാഴ്ച പുനഃസ്ഥാപിക്കണമെന്നും നേപ്പാളിനെ ഹിന്ദു രാഷ്ട്രമാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. രാഷ്ട്രീയ പ്രജാതന്ത്ര പാർട്ടിയുടെ നേതാക്കൾ ഉൾപ്പെടെ അയ്യായിരത്തിലധികം പേര്‍ വെള്ളിയാഴ്ച ടിങ്കുനെ പ്രദേശത്ത് ഒത്തുകൂടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.