5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Hezbollah chief: ഹിസ്ബുല്ലയ്ക്ക് പുതിയ തലവൻ; ഹസൻ നസ്‌റല്ലയുടെ പിൻ​ഗാമിയായി നയിം ഖാസിം

Naim Qassem: 1991 മുതൽ 33 വർഷമായി നയിം ഖാസിം ഹിസ്ബുല്ലയുടെ ഡെപ്യൂട്ടി ജനറലാണ്. സംഘടനയുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ് ഖാസിം.

Hezbollah chief: ഹിസ്ബുല്ലയ്ക്ക് പുതിയ തലവൻ; ഹസൻ നസ്‌റല്ലയുടെ പിൻ​ഗാമിയായി നയിം ഖാസിം
Hezbollah chief: Naim Qassem( Image Credits: PTI)
athira-ajithkumar
Athira CA | Updated On: 29 Oct 2024 18:41 PM

ജറുസലേം: ഹിസ്ബുല്ലയ്ക്ക് പുതിയ തലവൻ. നയിം ഖാസിമിനെ ഹിസ്ബുല്ല തലവനായി തിരഞ്ഞെടുത്തെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. സെപ്റ്റംബർ 27 ന് ബെയ്‌റൂട്ടിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ മുൻ മേധാവി ഹസൻ നസ്‌റല്ല കൊല്ലപ്പെട്ടതിനെ തുടർന്നാണ് പുതിയ തലവനെ തിരഞ്ഞെടുത്തത്. ഹസൻ നസറല്ലയുടെ പിൻ​ഗാമിയായാണ് നയിം ഖാസിം എത്തുന്നത്. ഹിസ്ബുല്ലയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറലും രണ്ടാം കമാൻഡുമാണ് നയിം ഖാസിം.

ഹിസ്ബുല്ലയുടെ ഷൂറ കൗൺസിലാണ് 71 കാരനായ ഖാസിമിനെ സംഘടനയുടെ തലവനായി തിരഞ്ഞെടുത്തത്. 1991 മുതൽ 33 വർഷമായി ഖാസിം സംഘടനയുടെ ഡെപ്യൂട്ടി ജനറലാണെന്നും ഹിസ്ബുള്ള പ്രസ്താവനയിൽ പറഞ്ഞു. നസ്‌റല്ല കൊല്ലപ്പെട്ടതിന് ശേഷം ബെയ്‌റൂട്ടിലും ടെഹ്റാനിലുമായി നയീം ഖാസിം മൂന്ന് പ്രസംഗങ്ങൾ നടത്തി. ലെബനനിൽ നടക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വെടിനിർത്തൽ കരാറിനെ പിന്തുണയ്ക്കുന്നതായി പ്രസം​ഗങ്ങളിൽ അദ്ദേഹം പറഞ്ഞു.

ഈ മാസം ആദ്യം ബെയ്‌റൂട്ടിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ നസ്‌റല്ലയുടെ ബന്ധുവും പിൻഗാമിയെന്ന് കരുതുകയും ചെയ്ത ഹാഷിം സഫീദ്ദീനും കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ടേക്കാമെന്ന ഭയത്തെ തുടർന്ന് നയിം ഖാസിം ലെബനനിൽ നിന്നും ഇറാനിലേക്ക് കുടിയേറിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ലെബനൻ, സിറിയ സന്ദർശനത്തിനെത്തിയ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുടെ വിമാനത്തിലാണ് നസിം ബെയ്റൂട്ടിൽ നിന്നും രക്ഷപെട്ടതെന്നാണ് സൂചന. പിന്നാലെയാണ് നയിം ഖാസിമിനെ ഹിസ്ബുല്ല പുതിയ തലവനായി പ്രഖ്യാപിച്ചിരിക്കുന്നത്.
‌‌

ആരാണ് നയിം ഖാസിം

ബെയ്‌റൂട്ടിൽ 1953-ലാണ് നയിം ഖാസിം ജനിച്ചത്. 1991-ൽ ഹിസ്ബുള്ളയുടെ അന്നത്തെ സെക്രട്ടറി ജനറൽ അബ്ബാസ് അൽ-മുസാവിയാണ് നയിം ഖാസിമിനെ ഡെപ്യൂട്ടി ചീഫ് ആയി നിയമിച്ചത്. 33 വർഷമായി ഹിസ്ബുള്ളയുടെ ഡെപ്യൂട്ടി ചീഫാണ് ഖാസിം. ലെബനൻ ഷിയ അമാൽ എന്ന സംഘടനയിൽ നിന്നാണ് നയിം ഖാസിം ഹിസ്ബുള്ളയിൽ എത്തുന്നത്. ഇറാനിലെ ഇസ്ലാമിക വിപ്ലവത്തെ തുടർന്ന് 1979-ൽ അദ്ദേഹം ഷിയ അമാൽ വിട്ടു.

ഹിസ്ബുള്ള രൂപീകരണത്തിന് മുന്നോടിയായി നടന്ന യോഗങ്ങളിൽ നയിം ഖാസിം പങ്കെടുത്തതായി വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. 1982-ൽ ഇസ്രയേൽ ലെബനനെ ആക്രമിച്ചതിന് ശേഷമാണ് ഹിസ്ബുള്ള രൂപീകരിക്കുന്നത്. സംഘടനയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു നയിം ഖാസിം. 1992-ൽ ഹിസ്ബുള്ളയുടെ പാർലമെൻ്റ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ജനറൽ കോ-ഓർഡിനേറ്ററായിരുന്നു അദ്ദേഹം.

മുൻഗാമികളായ നസ്റല്ലയും സഫീദ്ദീനും കറുത്ത തലപ്പാവാണ് ധരിച്ചിരുന്നെങ്കിൽ നയിം ഖാസിം വെളുത്ത തലപ്പാവാണ് ധരിക്കുക. ഹിസ്ബുല്ലയുടെ വക്താവ് കൂടിയാണ് പുതിയ തലവനായ നയിം ഖാസിം. ഇസ്രായേലുമായുള്ള സംഘർഷങ്ങൾക്കിടെ ഖാസിം വിദേശ മാധ്യമങ്ങൾക്ക് ഉൾപ്പെടെ അഭിമുഖങ്ങൾ നൽകിയിരുന്നു.

ഹിസ്ബുള്ളയുടെ സ്ഥാപക നേതാക്കളിൽ ഒരാളായ ഫുആദ് ഷുക്കർ, ഹസൻ നസ്‌റല്ല, ടോപ്പ് കമാൻഡർ അലി കാരാക്കി, സെൻട്രൽ കൗൺസിൽ ഡെപ്യൂട്ടി ഹെഡ് നബീൽ കൗക്ക്, ഡ്രോൺ യൂണിറ്റ് മേധാവി മുഹമ്മദ് സ്രുർ, മിസൈൽ യൂണിറ്റ് മേധാവി ഇബ്രാഹിം ഖുബൈസി, ഓപ്പറേഷൻ കമാൻഡർ ഇബ്രാഹിം അഖിൽ എന്നിവരെ ഇതിനോടകം ഇസ്രായേൽ കൊലപ്പെടുത്തി.