Myanmar Thailand Earthquake: മ്യാൻമറിൽ വൻ ഭൂചലനം; സഹായം വാഗ്ദാനം ചെയ്ത് ഇന്ത്യ
Myanmar Thailand Earthquake: രാജ്യങ്ങൾക്ക് ആവശ്യമായ എല്ലാ വിധ സഹായവും നൽകാൻ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.50 (പ്രാദേശിക സമയം)നാണ് മ്യാൻമറിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും തൊട്ടുപിന്നാലെ 7.7 തീവ്രത രേഖപ്പെടുത്തിയ തുടർ ഭൂചലനവും ഉണ്ടായത്.

വൻഭൂചലനത്തിൽ ദുരിതമനുഭവിക്കുന്ന മ്യാൻമറിനും തായ്‌ലൻഡിനും സഹായം വാഗ്ദാനം ചെയ്ത് ഇന്ത്യ. രാജ്യങ്ങൾക്ക് ആവശ്യമായ എല്ലാ വിധ സഹായവും നൽകാൻ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. ശക്തമായ ഭൂകമ്പത്തിൽ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെടുകയും കെട്ടിടങ്ങൾ തകരുകയും ചെയ്തു. കൊൽക്കത്ത, ഇംഫാൽ എന്നിവയുൾപ്പെടെ നിരവധി ഇന്ത്യൻ നഗരങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.
“മ്യാൻമറിലും തായ്‌ലൻഡിലും ഉണ്ടായ ഭൂകമ്പത്തെത്തുടർന്നുള്ള സ്ഥിതിഗതികളിൽ ആശങ്കയുണ്ട്. എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു. സാധ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യാൻ ഇന്ത്യ തയ്യാറാണ്. ഇക്കാര്യത്തിൽ, അധികാരികളോട് സജ്ജരായിരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മ്യാൻമർ, തായ്‌ലൻഡ് സർക്കാരുകളുമായി ബന്ധം നിലനിർത്താൻ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു,” പ്രധാനമന്ത്രി കുറിച്ചു.
Concerned by the situation in the wake of the Earthquake in Myanmar and Thailand. Praying for the safety and wellbeing of everyone. India stands ready to offer all possible assistance. In this regard, asked our authorities to be on standby. Also asked the MEA to remain in touch…
— Narendra Modi (@narendramodi) March 28, 2025
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.50 (പ്രാദേശിക സമയം)നാണ് മ്യാൻമറിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും തൊട്ടുപിന്നാലെ 7.7 തീവ്രത രേഖപ്പെടുത്തിയ തുടർ ഭൂചലനവും ഉണ്ടായത്. സാഗൈംഗ് നഗരത്തിന് 16 കിലോമീറ്റർ വടക്കുപടിഞ്ഞാറായും 10 കിലോമീറ്റർ താഴ്ചയിലുമാണ് പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചു. വടക്കൻ തായ്‌ലൻഡിൽ വരെ ഭൂചലനം അനുഭവപ്പെട്ടു. ബാങ്കോക്കിലെ ചാറ്റുചക് പ്രദേശത്ത് നിർമ്മാണത്തിലിരുന്ന ഒരു കെട്ടിടം തകർന്നുവീഴുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ 43 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്.
Breaking: Video shows the moment a skyscraper under construction collapsed due to earthquake in Bangkok. pic.twitter.com/OIdxc4epKf
— PM Breaking News (@PMBreakingNews) March 28, 2025
ബാങ്കോക്കിൽ ചില മെട്രോ, റെയിൽ സർവീസുകൾ നിർത്തിവച്ചു. സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി തായ്ലൻഡ് പ്രധാനമന്ത്രി പെയ്‌റ്റോങ്‌ടാർൺ ഷിനവത്ര അടിയന്തര യോഗം ചേര്‍ന്നു.