Bangkok Earthquake: ബാങ്കോങ്ക് ഭൂകമ്പം: ബഹുനില കെട്ടിടം തകർന്നു, ചൈനീസ് കമ്പനിയ്ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് തായ്‌ലൻഡ്
Myanmar earthquake: ഭൂചലനത്തെ തുടർന്ന് ബാങ്കോങ്കിലെ ബഹുനില കെട്ടിടം തകർന്ന സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് തായ്ലാൻഡ് സർക്കാർ. തായ്‌ലൻഡിന്റെ തലസ്ഥാന നഗരമായ ബാങ്കോക്കിൽ, നിർമ്മാണത്തിലിരുന്ന 33 നിലകളുള്ള അംബരചുംബിയായ കെട്ടിടമാണ് ഭൂകമ്പത്തിൽ തകർന്നത്.

മ്യാൻമറിലുണ്ടായ ഭൂചലനത്തെ തുടർന്ന് ബാങ്കോങ്കിലെ ബഹുനില കെട്ടിടം തകർന്ന സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് തായ്ലാൻഡ് സർക്കാർ. തായ്‌ലൻഡിന്റെ തലസ്ഥാന നഗരമായ ബാങ്കോക്കിൽ, നിർമ്മാണത്തിലിരുന്ന 33 നിലകളുള്ള അംബരചുംബിയായ കെട്ടിടമാണ് ഭൂകമ്പത്തിൽ തകർന്നത്. ഇതുവരെ, എട്ട് മൃതദേഹങ്ങളാണ് കെട്ടിടത്തിന്റ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെടുത്തത്.
കെട്ടിടം തകരുന്നതിന്റെ ഭയാനകമായ ദൃശ്യങ്ങൾ സാമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. എന്തുകൊണ്ടാണ് ഇത്രെയും വലിയ കെട്ടിടം തകർന്ന് വീണതെന്ന ചോദ്യം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് സംഭവ സ്ഥലം സന്ദർശിച്ച ഉപ പ്രധാനമന്ത്രി അനുട്ടിൻ ചർൺവിരാകുൽ അന്വേഷണത്തിന് ഉത്തരവിട്ടത്. നിർമ്മാണത്തിലിരിക്കുന്ന മറ്റ് കെട്ടിടങ്ങളും, ബഹുനില കെട്ടിടങ്ങൾ പോലും സുരക്ഷിതമാണ്. അതിനാൽ തന്നെ കെട്ടിടത്തിന്റെ നിർമാണത്തിലെ അപാകതയാണ് തകർച്ചയ്ക്ക് കാരണമെന്ന ആരോപണം ഉയർന്നു.
തായ്‌ലൻഡിലെ സ്റ്റേറ്റ് ഓഡിറ്റ് ഓഫീസിന്റെ (SAO) നിർമ്മാണത്തിലായിരുന്ന ആസ്ഥാനമാണ് തകർന്നതെന്നാണ് റിപ്പോർട്ട്. രണ്ട് ബില്യൺ തായ് ബാറ്റിലധികം (ഏകദേശം 58 മില്യൺ ഡോളർ) ചെലവിൽ മൂന്ന് വർഷമായി നിർമ്മാണത്തിലിരിക്കുകയായിരുന്നു. ഇറ്റാലിയൻ-തായ് ഡെവലപ്‌മെന്റ് പിഎൽസിയും ചൈന റെയിൽവേ നമ്പർ 10 (തായ്ലൻഡ്) ലിമിറ്റഡും ചേർന്നായിരുന്നു നിർമ്മാണം.
രണ്ടാമത്തെ കമ്പനി, ചൈന റെയിൽവേ നമ്പർ 10 എഞ്ചിനീയർ ഗ്രൂപ്പ് കമ്പനി എന്ന ചൈനീസ് സ്ഥാപനത്തിന്റെ അനുബന്ധ സ്ഥാപനമാണെന്നും 49 ശതമാനം ഓഹരികൾ കൈവശം വച്ചിട്ടുണ്ടെന്നും ദി ടെലിഗ്രാഫ് യുകെ റിപ്പോർട്ട് ചെയ്തു. ഒരു തായ് കമ്പനിയിൽ വിദേശ സ്ഥാപനങ്ങൾക്ക് കൈവശം വയ്ക്കാൻ കഴിയുന്ന ഏറ്റവും വലിയ ഓഹരിയാണിത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.50 (പ്രാദേശിക സമയം)നാണ് മ്യാൻമറിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും തൊട്ടുപിന്നാലെ 7.7 തീവ്രത രേഖപ്പെടുത്തിയ തുടർ ഭൂചലനവും ഉണ്ടായത്. സാഗൈംഗ് നഗരത്തിന് 16 കിലോമീറ്റർ വടക്കുപടിഞ്ഞാറായും 10 കിലോമീറ്റർ താഴ്ചയിലുമാണ് പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചു. പിന്നാലെ വടക്കൻ തായ്‌ലൻഡിലും ഭൂചലനം അനുഭവപ്പെടുകയായിരുന്നു.