Mexico: ജഡ്ജിമാരെ ജനങ്ങള്‍ക്ക് തിരഞ്ഞെടുക്കാം; ചരിത്രം കുറിച്ച് മെക്‌സിക്കോ
Judges Election Mexico: 86 വോട്ടിനാണ് ഭരണഘടനാ പരിഷ്‌കരണം പാസായത്. ഭരണകക്ഷിയായ മൊറേനോ പാര്‍ട്ടിക്കും സഖ്യകക്ഷികള്‍ക്കും ഭൂരിപക്ഷമുള്ള സഭയില്‍ 41നെതിരെ 86 വോട്ടിനാണ് ബില്‍ പാസായത്. ഇതിലൂടെ കീഴ്‌ക്കോടതികള്‍ മുതല്‍ സുപ്രീംകോടതി വരെയുള്ള എല്ലാ ജഡ്ജിമാരെയും പൊതുതിരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ക്ക് തിരഞ്ഞെടുക്കാന്‍ സാധിക്കും.
മെക്‌സിക്കോ സിറ്റി: കോടതികളിലെ ജഡ്ജിമാരെ തിരഞ്ഞെടുക്കാനുള്ള അവകാശം (Mexico Judges Election) വോട്ടര്‍മാര്‍ക്ക് നല്‍കി മെക്‌സിക്കോ. എല്ലാ തലത്തിലുമുള്ള ജഡ്ജിമാരെ തിരഞ്ഞെടുക്കാനുള്ള അവകാശമാണ് നല്‍കിയിരിക്കുന്നത്. ഇങ്ങനെയൊരു അവകാശം നല്‍കുന്ന ആദ്യ രാജ്യം കൂടിയാണ് മെക്‌സിക്കോ. ഈ ബില്ലിന് മെക്‌സിക്കോ പാര്‍ലമെന്റ് അംഗീകാരം നല്‍കി. വന്‍ പ്രതിഷേധങ്ങള്‍ക്കിടെയാണ് ബില്‍ പാസാക്കിയത്. ജുഡീഷ്യറി വീഴില്ല എന്ന മുദ്രാവാക്യം ഉയര്‍ത്തികൊണ്ട് നൂറുകണക്കിന് പ്രക്ഷോഭകര്‍ പാര്‍ലമെന്റിലേക്ക് ഇരുച്ചുകയറിയതോടെ എംപിമാര്‍ പഴയ സെനറ്റ് കെട്ടിടത്തിലേക്ക് മാറിയ ശേഷമാണ് വോട്ട് ചെയ്തത്.
86 വോട്ടിനാണ് ഭരണഘടനാ പരിഷ്‌കരണം പാസായത്. ഭരണകക്ഷിയായ മൊറേനോ പാര്‍ട്ടിക്കും സഖ്യകക്ഷികള്‍ക്കും ഭൂരിപക്ഷമുള്ള സഭയില്‍ 41നെതിരെ 86 വോട്ടിനാണ് ബില്‍ പാസായത്. ഇതിലൂടെ കീഴ്‌ക്കോടതികള്‍ മുതല്‍ സുപ്രീംകോടതി വരെയുള്ള എല്ലാ ജഡ്ജിമാരെയും പൊതുതിരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ക്ക് തിരഞ്ഞെടുക്കാന്‍ സാധിക്കും. 2025 അല്ലെങ്കില്‍ 2027ലായിരിക്കും ആദ്യ തിരഞ്ഞെടുപ്പ് നടക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. 1,600ല്‍ അധികം ജഡ്ജിമാര്‍ മത്സരരംഗത്തുണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
എന്നാല്‍ ഭരണകൂടത്തിന്റെ ഈ നടപടിക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ഉയരുന്നുണ്ട്. നീതിന്യായ വ്യവസ്ഥയെ ഉടച്ചുവാര്‍ക്കാനുള്ള ശ്രമമാണ് പ്രസിഡന്റ് ആന്ദ്രേസ് മാന്വല്‍ ലോപ്പസ് ഒബ്രദോറിന്റേതെന്നാണ് പൊതുവേ ഉയരുന്ന ആക്ഷേപം. എന്നാല്‍ രാഷ്ട്രീയ-സാമ്പത്തിക മേഖലകളിലെ ഉന്നതരുടെ താത്പര്യങ്ങള്‍ക്കനുസരിച്ചാണ് ഇപ്പോള്‍ ജുഡീഷ്യറി പ്രവര്‍ത്തിക്കുന്നതെന്നാണ് പ്രതിഷേധങ്ങളെ ചെറുക്കാനായി അദ്ദേഹം ഉന്നയിക്കുന്ന വാദം. പ്രതിഷേധിക്കുന്നവര്‍ ഇത്തരം സംവിധാങ്ങളുടെ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നവരാണെന്നും പ്രസിഡന്റ് ആരോപിച്ചു.
അതേസമയം, സര്‍ക്കാരിന്റെ ഈ നീക്കത്തിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് നോര്‍മ പിന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മയക്കുമരുന്ന് മാഫിയകള്‍ ശക്തമായിട്ടുള്ള മെക്‌സിക്കോയില്‍ പൊതുതിരഞ്ഞെടുപ്പിലൂടെ വിജയിക്കുന്ന ജഡ്ജിമാര്‍ അവരുടെ സമ്മര്‍ദങ്ങള്‍ കീഴടങ്ങാന്‍ സാധ്യതയുണ്ടെന്ന് പിന പറഞ്ഞു. മെക്‌സിക്കോയുടെ പ്രധാന വ്യാപാര പങ്കാളിയായ യുഎസും പുതിയ പരിഷ്‌കാരം ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒക്ടോബര്‍ വരെയാണ് ഒബ്രദോറിന്റെ പടിയിറക്കം, അതിന് മുന്നോടിയായാണ് തിടുക്കപ്പെട്ടുള്ള നീതിന്യായ വ്യവസ്ഥ അഴിച്ചുപണി.
മെക്‌സിക്കോയുടെ ആദ്യ വനിത പ്രസിഡന്റ്
മെക്‌സിക്കോയുടെ ആദ്യ വനിത പ്രസിഡന്റായി ക്ലോഡിയ ഷെയിന്‍ബോം ഒക്ടോബറില്‍
അധികാരത്തിലേറുകയാണ്. ചരിത്രത്തില്‍ തന്നെ ആദ്യമാണ് മെക്‌സിക്കോയില്‍ ഒരു വനിത പ്രസിഡന്റ് ഉണ്ടാകുന്നത്. മെക്‌സിക്കോ സിറ്റിയുടെ മുന്‍ മേയര്‍ കൂടിയാണ് 61 കാരിയായ ക്ലോഡിയ. അറുപത് ശതമാനത്തോളം വോട്ട് നേടിയാണ് ക്ലോഡിയയുടെ വിജയം.
Also Read: Typhoon Yagi: ‘യാഗി’യിൽ ചുറ്റി വിയറ്റ്നാം; ചുഴലിക്കാറ്റിൽ വൻ നാശനഷ്ടം, മരണം 127 ആയി
ഒക്ടോബര്‍ ഒന്നിന് ഒബ്രദോര്‍ പടിയിറങ്ങുമ്പോള്‍ ക്ലോഡിയ വിജയപടവുകള്‍ കയറും. മെക്‌സിക്കന്‍ സിറ്റിയുടെ മേയറായിരുന്ന ക്ലോഡിയ ശക്തയായ ഒരു നേതാവ് തന്നെയാണ്. ഇത് തന്നെയാണ് മെക്‌സിക്കോയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് അവരെ എത്തിച്ചതും. മെക്‌സിക്കോയുടെ ഇപ്പോഴത്തെ പ്രസിഡന്റ് ആയ ഒബ്രദോര്‍ മേയറായിരുന്നപ്പോള്‍ അന്നത്തെ പരിസ്ഥിതി സെക്രട്ടറിയായിരുന്നു ക്ലോഡിയ. 2018ലാണ് മെക്‌സിക്കോ സിറ്റിയുടെ മേയറായി അവര്‍ തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് 2023ല്‍ സ്ഥാനമൊഴിഞ്ഞു. എനര്‍ജി എഞ്ചിനീയറിങില്‍ ഡോക്ടറേറ്റുള്ള ക്ലോഡിയ കാലാവസ്ഥ ശാസ്ത്രജ്ഞ കൂടിയാണ്.
ക്ലോഡിയയെ കൂടാതെ മെക്‌സിക്കന്‍ കോണ്‍ഗ്രസിലേക്കുള്ള അംഗങ്ങള്‍, എട്ട് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍, മെക്‌സിക്കോ സിറ്റി സര്‍ക്കാരിന്റെ തലവന്‍, ആയിരത്തോളം പ്രാദേശിക ഭരണകര്‍ത്താക്കള്‍ എന്നിവരും ഒക്ടോബറില്‍ അധികാരമേല്‍ക്കും.