McDonald’s : പ്രശ്നക്കാരൻ ഉള്ളിയോ ബീഫോ? മക്ഡൊണാൾഡ്സിൻ്റെ ബർഗർ കഴിച്ചവർക്ക് അണുബാധ; യുഎസിൽ ഒരാൾ മരിച്ചു
McDonald's E-Coli Outbreak : മക്ഡൊണാൾഡ്സിൻ്റെ ബർഗർ കഴിച്ച 49 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പത്ത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അമേരിക്കയുടെ പശ്ചിമ മേഖലയിലാണ് രോഗബാധ ഉണ്ടായിരിക്കുന്നത്.
വാഷിങ്ടൺ ഡിസി : യുഎസിൽ ബഹുരാഷ്ട്ര ഫാസ്റ്റ് ഫുഡ് ഭക്ഷ്യശൃംഘലയായ മക്ഡൊണാൾഡ്സിൻ്റെ (McDonald’s) ബർഗർ കഴിച്ചവർക്ക് അണുബാധ. രോഗബാധയെ തുടർന്ന് ഒരാൾ മരിച്ചതായി യു.എസ് സെൻ്റേർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ (സിഡിസി) അറിയിച്ചു. മക്ഡൊണാൾഡ്സിൻ്റെ ബർഗർ കഴിച്ച് 49 പേർക്കാണ് രോഗബാധയുണ്ടായിരിക്കുന്നത്, പത്ത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇ.കോളി ബാക്ടീരയാണ് ബർഗറിലൂടെയുള്ള അണുബാധയ്ക്ക് കാരണമായതെന്നും സിഡിസി കണ്ടെത്തി.
സെപ്റ്റംബർ മുതലാണ് യുഎസിൽ ഈ രോഗബാധ റിപ്പോർട്ട് ചെയ്ത് തുടങ്ങിയത്. അമേരിക്കയുടെ പശ്ചിമ മേഖലയായ കോളൊറാഡോ (27), നെബ്രാസ്ക (9) എന്നീയിടങ്ങളിലാണ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊളറാഡോ സ്വദേശിയാണ് മരണപ്പെട്ടത്. ഒരു കുട്ടി ഉൾപ്പെടെ പത്ത് പേരെയാണ് രോഗബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഭൂരിഭാഗം പേർക്കും ഉദരസംബന്ധമായ അസുഖമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ വൃക്കയെ ബാധിക്കുന്ന എച്ച് യു എസ് രോഗമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്നും സിഡിസി അറിയിച്ചു.
ALSO READ : AR Rahman: കമലയ്ക്കായി പാട്ടുപാടി എആര്‍ റഹ്‌മാന്‍; പിന്തുണയ്ക്കുന്ന ആദ്യ ഏഷ്യന്‍ കലാകാരന്‍
മക്ഡൊണാൾഡ്സിൽ നിന്നും ബർഗർ കഴിച്ചതിന് ശേഷമാണ് തങ്ങൾക്ക് ഈ രോഗബാധയുണ്ടായതെന്ന് രോഗികൾ സിഡിസിയോട് അറിയിച്ചു. പ്രത്യേകിച്ച് മക്ഡൊണാൾഡ്സിൻ്റെ ഉള്ളിയും ബീഫും ചേർന്ന ബർഗറാണ് കഴിച്ചതെന്നും രോഗികൾ വ്യക്തമാക്കുകയും ചെയ്തു. അതേസമയം ബീഫ് ബർഗറിനുള്ളിലെ ഏത് ചേരുവയാണ് രോഗബാധയ്ക്ക് കാരണമായതെന്ന് ആരോഗ്യപ്രവർത്തകർക്ക് വ്യക്തത ലഭിച്ചിട്ടില്ല. എന്നാൽ ബർഗറിലെ ബീഫോ ഉള്ളിയോ ആകാം ഇ.കോളി രോഗബാധയ്ക്കുള്ള കാരണമെന്നാണ് സിഡിസിയുടെ നിഗമനം.
അതേസമയം രോഗബാധ റിപ്പോർട്ട് ചെയ്തതോടെ മക്ഡൊണാൾഡ്സ് ഉള്ളിയും ബീഫും അടങ്ങിട്ടുള്ള ബർഗറുകളുടെ വിൽപന നിർത്തിവെച്ചു. രോഗബാധയുണ്ടാകാൻ കാരണം ഉള്ളിയിൽ നിന്നാകുമെന്നാണ് മക്ഡൊണാൾഡ്സിൻ്റെ നിഗമനം. യുഎസിൽ ഉടനീളമായി മക്ഡൊണാൾഡ്സിന് ഉള്ളി നൽകുന്നത് ഒരിടിത്ത് നിന്നാണ്. രാജ്യത്തിൻ്റെ മറ്റ് ഇടങ്ങളിൽ സമാനമായ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും എല്ലാ സുരക്ഷ മാനദണ്ഡങ്ങൾ തങ്ങൾ പാലിക്കുന്നുണ്ടെന്നും മക്ഡൊണാൾഡ്സ് പ്രസ്താവനയിലൂടെ അറിയിച്ചു. അതേസമയം രോഗബാധയെ തുടർന്ന് മക്ഡൊണാൾഡ്സിൻ്റെ ഓഹരി ആറ് ശതമാനം ഇടിഞ്ഞു.