China Restaurant Fire: ചൈനയിലെ റസ്റ്റോറന്റിൽ വൻ തീപിടിത്തം; 22 പേർ മരിച്ചു
China Restaurant Fire: ഈ മാസം ചൈനയിലുണ്ടാകുന്ന രണ്ടാമത്തെ വലിയ തീപിടുത്തമാണിത്. ഏപ്രിൽ 9 ന്, ചെങ്‌ഡെ നഗരത്തിലെ ഒരു നഴ്‌സിംഗ് ഹോമിൽ ഉണ്ടായ തീപിടുത്തത്തിൽ 20 പേർ മരിച്ചിരുന്നു.

ചൈനയിലുണ്ടായ തീപിടിത്തത്തിൽ 22 പേർക്ക് ദാരുണാന്ത്യം. വടക്കുകിഴക്കൻ ലിയോണിംഗ് പ്രവിശ്യയിലുള്ള ലിയോയാങ് സിറ്റിയിലെ റസ്റ്റോറന്റിലാണ് തീപിടിത്തമുണ്ടായത്. മൂന്ന് പേർക്ക് പരിക്കേറ്റു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതനുസരിച്ച് ഇന്ന് ഉച്ചയ്ക്ക് 12:25 നാണ് തീപിടിത്തം ഉണ്ടായത്. പരിക്കേറ്റവർക്ക് മികച്ച വൈദ്യസഹായം ലഭ്യമാക്കുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് അറിയിച്ചു. രാജ്യവ്യാപകമായി അഗ്നി സുരക്ഷാ നടപടികൾ ശക്തിപ്പെടുത്താൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
റെസ്റ്റോറന്റിലെ അടുക്കളയിൽ നിന്ന് തീ പടർന്നതെന്നാണ് വിവരം. ഈ മാസം ചൈനയിലുണ്ടായ രണ്ടാമത്തെ വലിയ തീപിടുത്തമാണിത്. ഏപ്രിൽ 9 ന്, ചെങ്‌ഡെ നഗരത്തിലെ ലോങ്‌ഹുവ കൗണ്ടിയിലുള്ള ഒരു നഴ്‌സിംഗ് ഹോമിൽ ഉണ്ടായ തീപിടുത്തത്തിൽ 20 പേർ മരിച്ചിരുന്നു. നിയമവിരുദ്ധമായി സൂക്ഷിച്ചിരുന്ന രാസവസ്തുക്കൾ, അഗ്നിശമന മാർഗങ്ങളുടെ അഭാവം, കെട്ടിട കോഡുകൾ നടപ്പിലാക്കാത്തത് തുടങ്ങിയവ ഇത്തരം അപകടങ്ങൾക്ക് കാരണമാവുന്നുണ്ട്.