Japan Earthquake: ജപ്പാനില്‍ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പുമായി അധികൃതർ

Japan Earthquake Updates: ജപ്പാനിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം റിപ്പോർട്ട് ചെയ്തു. തീരപ്രദേശങ്ങൾ, നദികൾ, തടാകങ്ങൾ എന്നിവയ്ക്ക് സമീപം താമസിക്കുന്നവർ ഉടൻ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കണമെന്ന് അധികൃതർ അറിയിച്ചു.

Japan Earthquake: ജപ്പാനില്‍ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പുമായി അധികൃതർ

(Image Courtesy: Pinterest)

Published: 

08 Aug 2024 17:11 PM

ജപ്പാനിൽ ശക്തമായ ഭൂചലനം. പടിഞ്ഞാറൻ ജപ്പാനിലാണ് റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. തെക്ക്-പടിഞ്ഞാറൻ ദ്വീപുകളായ ക്യൂഷു, ഷിക്കോകു എന്നിവിടങ്ങളിലാണ് ഭൂചലനം രേഖപ്പെടുത്തിയത്. നിചിനാനിൽ നിന്ന് 20 കിലോമീറ്റർ വടക്ക് കിഴക്കായി 25 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ട്. ഭൂകമ്പത്തെ നേരിടാൻ ജപ്പാൻ സർക്കാർ പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിച്ചതായാണ് റിപ്പോർട്ട്.

6.9 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനത്തിന് തൊട്ടുപിന്നാലെ 7.1 തീവ്രതയോടെ രണ്ടാമത്തെ ഭൂചലനം ഉണ്ടായതായാണ് റിപ്പോർട്ട്. ഭൂചലനത്തിന്റെ പശ്ചാത്തലത്തിൽ ചിലയിടങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകി. മിയാസാക്കി, കഗോഷിമ, കൊച്ചി, ഒയിറ്റ, എഹിം എന്നീ പ്രദേശങ്ങളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഹ്യൂഗ-നാഡ കടലിലാണ് ഭൂചലനം റിപ്പോർട്ട് ചെയ്തത്. ജപ്പാനിലെ ഭൂകമ്പ നിരീക്ഷണ ഏജൻസിയായ NERV ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. ഭൂചലനത്തിൻ്റെ ഭാഗമായി ഒരു മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. തീരപ്രദേശങ്ങൾ, നദികൾ, തടാകങ്ങൾ എന്നിവയ്ക്ക് സമീപം താമസിക്കുന്നവർ എത്രയും പെട്ടെന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കണമെന്ന് അധികൃതർ അറിയിച്ചു. ഭൂചലനത്തിൽ കാര്യമായ നാശനഷ്ടങ്ങൾ ഒന്നും തന്നെ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ആളപായവും സ്ഥിതീകരിച്ചിട്ടില്ല. ഭൂചലനത്തിന്റേതെന്ന് സംശയിക്കുന്ന ചില വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെങ്കിലും, ഇത് ഔദ്യോഗികമായി സ്ഥിതീകരിച്ചിട്ടില്ല.

 

 

ലോകത്തിൽ ഏറ്റവുമധികം ഭൂചലനം റിപ്പോർട്ട് ചെയ്തിട്ടുള്ള രാജ്യമാണ് ജപ്പാൻ. 2011 ൽ ജപ്പാനിൽ ഉണ്ടായ ഭൂചലമാണ് ഇതുവരെ ഉണ്ടായതിൽ ഏറ്റവും വലിയ ഭൂചലനമായി കണക്കാക്കുന്നത്. അന്നുണ്ടായ ഭൂചലനത്തിൽ ഹുക്കുഷിമ ആണവനിലയത്തിനുൾപ്പടെ തകരാര് സംഭവിച്ചിരുന്നു.

 

 

കൂട്ടുകാരിയുടെ വിവാഹം ആഘോഷമാക്കി സാനിയ അയ്യപ്പന്‍
കുടുംബത്തിനൊപ്പം പൊങ്കല്‍ ആഘോഷിച്ച് നയന്‍താര, ചിത്രങ്ങള്‍
ജസ്പ്രീത് ബുംറ ഐസിസിയുടെ ഡിസംബറിലെ താരം
ഈ കാണുന്നതൊന്നുമല്ല, ഓറഞ്ചിൻ്റെ ഗുണങ്ങൾ വേറെ ലവലാണ്