ഖാന്‍ യൂനിസിലും കൂട്ടക്കുഴിമാടം; മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത
ഏപ്രില്‍ ഏഴിനാണ് ഖാന്‍ യൂനിസില്‍ നിന്ന് ഇസ്രായേല്‍ സേന പിന്മാറിയത്. മാസങ്ങളോളം നീണ്ട കരയുദ്ധത്തില്‍ നഗരത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ഇസ്രാല്‍ തകര്‍ത്ത് തരിപ്പണമാക്കിയിട്ടുണ്ട്
ഗസ സിറ്റി: അല്‍ശിഫ ആശുപത്രിയിലും ബൈത് ലാഹിയയിലും കണ്ടെത്തിയതിന് സമാനമായ കൂട്ടക്കുഴിമാടം ഖാന്‍ യൂനിസിലും. ഖാന്‍ യൂനിസിലെ നാസര്‍ മെഡിക്കല്‍ കോംപ്ലക്‌സിലാണ് കുഴിമാടം കണ്ടെത്തിയത്. ഫലസ്തീന്‍ എമര്‍ജന്‍സി സര്‍വീസ് ആണ് കൂട്ടക്കുഴിമാടം കണ്ടെത്തിയിരിക്കുന്നത്.
ഖാന്‍ യൂനിസില്‍ നിന്ന് രണ്ടാഴ്ച മുമ്പ് ഇസ്രായേല്‍ സേന പിന്മാറിയിരുന്നു. ഇതിന് പിന്നാലെയാണ് കൂട്ടക്കുഴിമാടം കണ്ടെത്തിയത്. പ്രദേശത്ത് തെരച്ചില്‍ വ്യാപിപ്പിച്ചതായും മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും ഫലസ്തീന്‍ എമര്‍ജന്‍സി സര്‍വീസ് അറിയിച്ചു.
ഏപ്രില്‍ ഏഴിനാണ് ഖാന്‍ യൂനിസില്‍ നിന്ന് ഇസ്രായേല്‍ സേന പിന്മാറിയത്. മാസങ്ങളോളം നീണ്ട കരയുദ്ധത്തില്‍ നഗരത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ഇസ്രാല്‍ തകര്‍ത്ത് തരിപ്പണമാക്കിയിട്ടുണ്ട്. സൈന്യം പിന്‍വാങ്ങിയ സ്ഥലത്ത് നിന്ന് നേരത്തെ 409 മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. ഖാന്‍ യൂനിസില്‍ വീടുകളടക്കം 55 ശതമാനം കെട്ടിടങ്ങളും തകര്‍ന്നതായി പഠന സംഘം വെളിപ്പെടുത്തി. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ ഉപഗ്രഹ ഡേറ്റ അടിസ്ഥാനമാക്കി സിറ്റി യൂണിവേഴ്‌സിറ്റി ഓഫ് ന്യൂയോര്‍ക്കിലെ ഗ്വാജേറ്റ് സെന്റര്‍ നടത്തിയ പഠനത്തില്‍ 45,000 കെട്ടിടങ്ങള്‍ തകര്‍ന്നതായി കണ്ടെത്തിയിട്ടുണ്ട്. വടക്കന്‍ ഗസയില്‍ 70 ശതമാനത്തിലേറെ കെട്ടിടങ്ങളായിരുന്നു തകര്‍ന്നത്.
വടക്കന്‍ ഗസ മുനമ്പിലെ അല്‍ ശിഫ ആശുപത്രിയിലും ബൈത് ലാഹിയയിലും ഏപ്രില്‍ 15ന് കൂട്ടക്കുഴിമാടം കണ്ടെത്തിയിരുന്നു. ഇസ്രായേല്‍ സൈന്യം വകവരുത്തിയ വൃദ്ധരും സ്ത്രീകളും കുട്ടികളുമടക്കം 400ലധികം പേരുടെ മൃതദേഹമാണ് ഗസ ആരോഗ്യമന്ത്രാലയവും സിവില്‍ ഡിഫന്‍സ് ഫോഴ്‌സും കണ്ടെടുത്തത്. ബൈത് ലാഹിയയില്‍ നിന്ന് 20 മൃതദേഹങ്ങളും കണ്ടെത്തി.
അതേസമയം, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ പ്രതിഷേധവുമായി ജൂതര്‍. രാജ്യത്തിന്റെ 55 സ്ഥലങ്ങളില്‍ നെതന്യാഹുവിനെതിരെ ശനിയാഴ്ച പ്രതിഷേധ റാലികള്‍ നടന്നു. ഇസ്രായേല്‍ മാധ്യമങ്ങളാണ് ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
നെതന്യാഹു രാജിവെച്ച് പുതിയ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. ഗസയ്ക്കെതിരെയുള്ള ആക്രമണത്തെ കൂടാതെ ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ജനങ്ങള്‍ ആശങ്കയറിയിച്ച് തെരുവിലിറങ്ങിയത്.