Mahatma Gandhi: റഷ്യൻ ബിയർ ക്യാനിൽ മഹാത്മാഗാന്ധിയുടെ പേരും ചിത്രവും; വ്യാപക വിമർശനം, പ്രധാനമന്ത്രി ഇടപെടണം
Mahatma Gandhi Image On Beer Can: മറ്റൊരു രാജ്യത്ത് ഗാന്ധിജിയോടുള്ള അനാദരവ് ചൂണ്ടിക്കാട്ടി നിരവധിപേരാണ് സാമൂഹിക മാധ്യമങ്ങളിൽ രംഗത്തുവരുന്നത്. മദ്യകമ്പനിക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഗാന്ധിജിയുടെ പേരും ചിത്രവുമുള്ള റിവോട്ട് കമ്പനിയുടെ ബിയർ ക്യാനിന്റെ ഒരു വീഡിയോ ഇൻസ്റ്റഗ്രമിലും പ്രചരിക്കുന്നുണ്ട്.

റഷ്യൻ മദ്യ കമ്പനിയുടെ ബിയർ ക്യാനിൽ മഹാത്മാഗാന്ധിയുടെ (Mahatma Gandhi) പേരും ചിത്രവും. സംഭവം വൈറലായത്തോടെ സാമൂഹിക മാധ്യമങ്ങളിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. റഷ്യൻ ബ്രാൻഡായ റിവോർട്ട് നിർമ്മിച്ച ബിയർ ക്യാനുകളിലാണ് മഹാത്മാഗാന്ധിയുടെ ചിത്രവും പേരും പതിപ്പിച്ചിരിക്കുന്നത്. “മഹാത്മാ ജി” എന്ന ലേബലോടെയാണ് ബിയർ ക്യാൻ പുറത്തിറക്കിയത്. രാഷ്ട്രീയ പ്രവർത്തകനും മുൻ ഒഡീഷ മുഖ്യമന്ത്രി നന്ദിനി സത്പതിയുടെ കൊച്ചുമകനുമായ സുപർണോ സത്പതിയാണ് എക്സിലൂടെ ഈ ചിത്രങ്ങൾ പങ്കുവച്ചത്.
പിന്നാലെ സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം വലിയ ചർച്ചയായിരിക്കുകയാണ് ഇത്. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയുമായി ഈ വിഷയം ചർച്ച ചെയ്യണമെന്നും സുപർണോ സത്പതി ആവശ്യപ്പെട്ടു. അംഗീകരിക്കാനാവാത്തതും ഞെട്ടിപ്പിക്കുന്നതുമായ സംഭവമാണിതെന്നാണ് ഒരു സമൂഹ മാധ്യമ ഉപയോക്താവ് പറഞ്ഞത്. മറ്റൊരു രാജ്യത്ത് ഗാന്ധിജിയോടുള്ള അനാദരവ് ചൂണ്ടിക്കാട്ടി നിരവധിപേരാണ് സാമൂഹിക മാധ്യമങ്ങളിൽ രംഗത്തുവരുന്നത്. മദ്യകമ്പനിക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.
My humble request with PM @narendramodi Ji is to take up this matter with his friend @KremlinRussia_E . It has been found that Russia’s Rewort is selling Beer in the name of GandhiJi… SS pic.twitter.com/lT3gcB9tMf
— Shri. Suparno Satpathy (@SuparnoSatpathy) February 13, 2025
ഇന്ത്യൻ മൂല്യങ്ങളെയും നൂറുകോടി വരുന്ന ഇന്ത്യൻ ജനതയെയും അപമാനിക്കുന്ന പ്രവർത്തിയാണെന്നും ആളുകൾ ഇതിനോട് പ്രതികരിച്ചുകൊണ്ട് പറഞ്ഞു. അതേസമയം, ഗാന്ധിജിയുടെ പേരും ചിത്രവുമുള്ള റിവോട്ട് കമ്പനിയുടെ ബിയർ ക്യാനിന്റെ ഒരു വീഡിയോ ഇൻസ്റ്റഗ്രമിലും പ്രചരിക്കുന്നുണ്ട്. 2019-ൽ സമാനമായ ഒരു സംഭവം പുറത്തുവന്നിരുന്നു. ഒരു ഇസ്രായേലി കമ്പനി തങ്ങളുടെ മദ്യക്കുപ്പികളിൽ മഹാത്മാഗാന്ധിയുടെ ചിത്രം പതിപ്പിച്ചതാണ് വിവാദത്തിന് തിരികൊളുത്തിയത്.
ഇസ്രായേലിന്റെ 71-ാം സ്വാതന്ത്ര്യദിനത്തിന്റെ സ്മരണയ്ക്കായാണ് ബ്രാൻഡ് ഇത് ചെയ്തതെന്നായിരുന്നു റിപ്പോർട്ടുകൾ. ഇസ്രായേലിലെ മദ്യക്കുപ്പികളിൽ രാഷ്ട്രപിതാവിന്റെ ചിത്രം പതിപ്പിച്ചതിൽ രാജ്യസഭാംഗങ്ങൾ ആശങ്ക പ്രകടിപ്പിച്ചതോടെ വിഷയം ഇന്ത്യൻ പാർലമെന്റിലും വലിയ ചർച്ചയായിരുന്നു. പിന്നീട് ഇസ്രായേലി ബ്രാൻഡ് തങ്ങളുടെ തെറ്റ് മനസ്സിലാക്കി രാജ്യത്തോടും സർക്കാരിനോടും ക്ഷമാപണം നടത്തിയിരുന്നു.