Los Angeles wildfires: ഭയം വിതച്ച് ലോസ് ഏഞ്ചലസ്; മരണസംഖ്യ 24 പിന്നിട്ടു, കാറ്റ് ശക്തമാകുമെന്ന് മുന്നറിയിപ്പ്
Los Angeles wildfires Updates: കാട്ടുതീ വ്യാപനം മൂലം മരണസംഖ്യ 24 പിന്നിട്ടതായി ലോസ് ഏഞ്ചലസ് കൗണ്ടി മെഡിക്കല്‍ എക്‌സാമിനറാണ് വിവരം പുറത്തുവിട്ടത്. മരണപ്പെട്ടവരില്‍ 16 പേരെ ഈറ്റണ്‍ ഫയര്‍ സോണിലും എട്ട് പേരെ പാലിസേഡ്‌സ് സോണില്‍ നിന്നുമാണ് കണ്ടെത്തിയത്. 16 ഓളം ആളുകളെയാണ് തീപിടിത്തത്തില്‍ കാണാതായത്.
കാലിഫോര്‍ണിയ: ലോസ് ഏഞ്ചലസില്‍ പടര്‍ന്നുപിടിക്കുന്ന കാട്ടുതീയില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരെ 24 പേരിലധികം ആളുകള്‍ മരണപ്പെട്ടതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മേഖലയില്‍ നിന്ന് നിരവധിയാളുകളെ കാണാതായിട്ടുമുണ്ട്. വരണ്ട കാറ്റായ സാന്റാ അന വീശിയടിക്കാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
കാറ്റിന്റെ ശക്തി വര്‍ധിക്കുന്നതോടെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് കാട്ടുതീ വ്യാപിക്കാനാണ് സാധ്യത. ഇത് ജനങ്ങളില്‍ ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. തിങ്കളാഴ്ച മുതല്‍ കാറ്റ് ശക്തിയാകുമെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. മണിക്കൂറില്‍ 120 കിലോമീറ്റര്‍ ദൂരത്തില്‍ കാറ്റ് വീശാനാണ് സാധ്യത.
കാട്ടുതീ വ്യാപനം മൂലം മരണസംഖ്യ 24 പിന്നിട്ടതായി ലോസ് ഏഞ്ചലസ് കൗണ്ടി മെഡിക്കല്‍ എക്‌സാമിനറാണ് വിവരം പുറത്തുവിട്ടത്. മരണപ്പെട്ടവരില്‍ 16 പേരെ ഈറ്റണ്‍ ഫയര്‍ സോണിലും എട്ട് പേരെ പാലിസേഡ്‌സ് സോണില്‍ നിന്നുമാണ് കണ്ടെത്തിയത്. 16 ഓളം ആളുകളെയാണ് തീപിടിത്തത്തില്‍ കാണാതായത്.
അതിനിടെ, കാട്ടുതീ വ്യാപനം തടയാന്‍ നഗരത്തിന്റെ പല ഭാഗങ്ങളിലും സാധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. തീയണക്കാനുള്ള ശ്രമം ഊര്‍ജിതമാക്കുന്നതിനായി യുഎസിലെ മറ്റ് സംസ്ഥാനങ്ങളിലും കൂടാതെ കാനഡ, മെക്‌സികോ എന്നീ രാജ്യങ്ങളില്‍ നിന്നും പ്രവര്‍ത്തകര്‍ പ്രദേശത്തേക്ക് എത്തിയിട്ടുണ്ട്.
12,000 ത്തിലധികം കെട്ടിടങ്ങളാണ് ഇതുവരെ തീപിടിത്തത്തില്‍ കത്തിനശിച്ചത്. 135 ബില്യണ്‍ മുതല്‍ 150 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള നാശനഷ്ടങ്ങള്‍ സംഭവിച്ചതായാണ് ഭരണകൂടത്തിന്റെ വിലയിരുത്തല്‍. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തമാണ് സംഭവിച്ചിരിക്കുന്നതെന്ന് പ്രസിഡന്റ് ജോ ബൈഡനും കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോമും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
അതേസമയം, അഗ്നിബാധയേറ്റ വീടുകളിലും കാട്ടുതീ രൂക്ഷമായതിനെ തുടര്‍ന്ന് ആളുകള്‍ ഒഴിഞ്ഞുപോയ വീടുകളിലും മോഷണശ്രമങ്ങള്‍ വര്‍ധിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സുരക്ഷ ഉദ്യോഗസ്ഥര്‍ ആണെന്ന് തെറ്റിധരിപ്പിച്ചാണ് മോഷ്ടാക്കള്‍ വീടുകളില്‍ കടന്നുകയറുന്നത്. തീപിടിത്തമുണ്ടായ പ്രദേശങ്ങളില്‍ നിന്ന് ഏകദേശം 15,000 ആളുകള്‍ക്കാണ് പാലായനം ചെയ്യുന്നതിന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്.
വൈദ്യുതി ബന്ധം വിച്ഛേദിച്ചതോടെ 35,000 ത്തിലധികം വീടുകള്‍ ഇരുട്ടിലാണ്. കാറ്റ് ശക്തി പ്രാപിക്കുന്നതോടെ ജാഗ്രത തുടരണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാലിഫോര്‍ണിയയില്‍ തീപിടിത്തത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിക്കുന്നതിനായി വിവിധ കേന്ദ്രങ്ങളില്‍ നിന്ന് സഹായങ്ങള്‍ ലഭിച്ച് തുടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. ദുരന്തബാധിത പ്രദേശങ്ങളുടെ പുനര്‍നിര്‍മാണത്തിനും അഗ്നിബാധ ചെറുക്കുന്നതിനുമായി 15 ഡോളറാണ് വാള്‍ട്ട് ഡിസ്‌നി കമ്പനി ധനസഹായം പ്രഖ്യാപിച്ചത്. കൂടാതെ 2.5 മില്യണ്‍ ഡോളര്‍ പോപ്പ് ഗായിക ബിയോണ്‍സിയും പ്രഖ്യാപിച്ചിട്ടുണ്ട്.