Los Angeles Fire: 70,000 പേർക്കെങ്കിലും കറൻ്റും വെള്ളവുമില്ല, നഷ്ടം 1 ലക്ഷം കോടിക്കും മുകളിൽ, മരണ സംഖ്യ വീണ്ടും ഉയരുന്നു
ഇതുവരെയുള്ള നഷ്ടം 135 ബില്യൺ ഡോളറിനും 150 ബില്യൺ ഡോളറിനും ഇടയിലായിരിക്കാം. ആറ് തെക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വീശിയടിച്ച ഹെലിൻ ചുഴലിക്കാറ്റ് മൂലമുണ്ടായ നാശനഷ്ടങ്ങളും അതിലേറെ ദോഷം ചെയ്തു
ലോസ് ഏഞ്ചൽസിലെ ഭൂരിഭാഗം പ്രദേശങ്ങളിലും കാട്ടുതീ പടർന്ന് പിടിക്കുകയാണ്. ഇതിന് പിന്നാലെ മരണ സംഖ്യയുടെ സ്ഥിരീകരിച്ച കണക്കുകൾ പുറത്തു വന്നത്. നിലവിൽ ഇതുവരെ മരണസംഖ്യ 16 ആയിട്ടുണ്ട്. അഞ്ച് മരണങ്ങൾ പാലിസേഡ്സിലും, 11 മരണങ്ങൾ ഈറ്റണിലുമാണ് ഉണ്ടായത്. മരണ സംഖ്യ ഉയരുന്നതായാണ് റിപ്പോർട്ട്. വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് പങ്ക് വെക്കുന്ന വിവരങ്ങൾ പ്രകാരം 24 പേരെങ്കിലും മരിച്ചിട്ടുണ്ടാകുമെന്നാണ് നിലവിലെ അനൗദ്യോഗിക കണക്ക്.
അതേസമയം കണക്കുകൾ പ്രകാരം അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയ പ്രകൃതി ദുരന്തങ്ങളിൽ ഒന്നായാണ് ലോസ് ഏഞ്ചൽസ് കാട്ടു തീ കണക്കാക്കപ്പെടുന്നത്. 12,000 കെട്ടിടങ്ങളെങ്കിലും ഇതുവരെ നശിപ്പിച്ചിട്ടുണ്ടെന്നാണ് കണക്ക്.
ALSO READ: അണയാതെ കാട്ടുതീ, ആശങ്കയില്‍ ഒരു ജനത; ലോസ് ഏഞ്ചല്‍സില്‍ മരണസംഖ്യ ഉയരുന്നു
അക്യുവെതറിൻ്റെ കണക്ക് പ്രകാരം, ഇതുവരെയുള്ള സാമ്പത്തിക നഷ്ടം 135 ബില്യൺ ഡോളറിനും 150 ബില്യൺ ഡോളറിനും ഇടയിലായിരിക്കാം. അതിനിടയിൽ ആറ് തെക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വീശിയടിച്ച ഹെലിൻ ചുഴലിക്കാറ്റ് മൂലമുണ്ടായ നാശനഷ്ടങ്ങളും സാമ്പത്തിക നഷ്ടങ്ങളും ഏകദേശം 225 ബില്യൺ മുതൽ 250 ബില്യൺ യുഎസ് ഡോളർ വരെ വരുമെന്നും റിപ്പോർട്ടുകളുണ്ട്. റിയൽ എസ്റ്റേറ്റ് രംഗത്തെ ഏറ്റവും ഉയർന്ന മൂല്യമുള്ള പ്രോപ്പർട്ടികളുള്ള പ്രദേശമാണ്. അതു കൊണ്ട് തന്നെ നഷ്ടം കണക്കാക്കാൻ ഇനിയും സമയം ആവശ്യമുണ്ട്.
കറൻ്റും വെള്ളവുമില്ല
എസ്റ്റിമേറ്റ് നൽകിയിട്ടില്ലെങ്കിലും ലോസ് ഏഞ്ചൽസ് കൗണ്ടി കാട്ടുതീ യുഎസ് ചരിത്രത്തിലെ ഏറ്റവും ചെലവേറിയതായിരിക്കുമെന്ന് ഇൻഷുറൻസ് ബ്രോക്കർമാർ വെള്ളിയാഴ്ച പറഞ്ഞു. മിന്നലെന്നാണ് സ്ഥിരീകരിക്കാത്ത നിഗമനമെങ്കിലും തീ പിടുത്തത്തിൻ്റെ യഥാർത്ഥ കാരണം ഇപ്പോഴും അഞ്ജാതമായി തുടരുകയാണ്. ഏകദേശം 150,000 ആളുകളെയാണ് ഇതുവരെ ഒഴിപ്പിച്ചത്, ഞായറാഴ്ച വരെ തീ പിടുത്തത്തിന് പാലിസേഡ്സിൽ 11 ശതമാനവും ഈറ്റണിൽ 27 ശതമാനവും ശമനമുണ്ടെന്ന് അധികൃതർ പറയുന്നു. ഞായറാഴ്ച രാവിലെ വരെ, കാലിഫോർണിയയിൽ ഏകദേശം 70,000 ഉപഭോക്താക്കൾക്ക് വൈദ്യുതി ഇല്ലെന്നാണ് റിപ്പോർട്ട്, ലോസ് ഏഞ്ചൽസ് കൗണ്ടിയിൽ പകുതിയിലധികം പേർക്കും കുടിവെള്ളമില്ലെന്നതും മറ്റൊരു വസ്തുതയാണ്.