London’s Heathrow Airport: സബ്‌സ്റ്റേഷനില്‍ തീപ്പിടിത്തം; ലണ്ടന്‍ ഹീത്രൂ വിമാനത്താവളം അടച്ചു
London's Heathrow Airport: ലണ്ടനിലെ ഹെല്ലിങ്ടണ്‍ ബറോയിലെ ഹെയ്സിലുള്ള നോര്‍ത്ത് ഹൈഡ് ഇലക്ട്രിക്കല്‍ സബ്‌സ്റ്റേഷനിലാണ് തീപ്പിടിത്തം ഉണ്ടായത്. തീപ്പിടിത്തത്തെത്തുടർന്ന് 16,000-ത്തിലധികം വീടുകളില്‍ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെടുകയും 150-ലധികം ആളുകളെ ഒഴിപ്പിച്ചതായും റിപ്പോർട്ടുണ്ട്.

വൈദ്യുതി സബ്സ്റ്റേഷനിൽ ഉണ്ടായ തീപ്പിടിത്തത്തെ തുടർന്ന് ലണ്ടനിലെ ഹീത്രൂ വിമാനത്താവളം അടച്ചതായി അറിയിപ്പ്. ഇന്ന് (മാർച്ച് 21) അർദ്ധരാത്രി വരെയാണ് വിമാനത്താവളം അടച്ചിടുക. സംഭവത്തെ തുടർന്ന് കുറഞ്ഞത് 120 വിമാനങ്ങളെങ്കിലും തിരിച്ചുവിട്ടതായി ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്‌സൈറ്റായ ഫ്ലൈറ്റ്റാഡാർ റിപ്പോർട്ട് ചെയ്തു. ബ്രിട്ടീഷ് എയർവേയ്സ്, എമിറേറ്റ്സ്, എയർ ഇന്ത്യ എന്നീ വിമാനങ്ങൾ തിരിച്ചുവിട്ടതായി അധികൃതർ അറിയിച്ചു.
വ്യാഴാഴ്ച രാത്രി 11:30 ഓടെയാണ് (ഇന്ത്യൻ സമയം രാവിലെ 5) ലണ്ടനിലെ ഹെല്ലിങ്ടണ്‍ ബറോയിലെ ഹെയ്സിലുള്ള നോര്‍ത്ത് ഹൈഡ് ഇലക്ട്രിക്കല്‍ സബ്‌സ്റ്റേഷനിൽ തീപ്പിടുത്തം ഉണ്ടായത്. തുടർന്ന് അഗ്നിശമന സേനാംഗങ്ങളെ വിവരമറിയിച്ചു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സബ്‌സ്റ്റേഷനിലുണ്ടായ തീപ്പിടിത്തത്തെത്തുടർന്ന് 16,000-ത്തിലധികം വീടുകളില്‍ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെടുകയും 150-ലധികം ആളുകളെ ഒഴിപ്പിച്ചതായും റിപ്പോർട്ടുണ്ട്.
ALSO READ: യുഎസ് വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടാനുള്ള ഉത്തരവില്‍ ഒപ്പുവെച്ച് ട്രംപ്
വരും ദിവസങ്ങളിൽ കാര്യമായ തടസ്സങ്ങൾ പ്രതീക്ഷിക്കുന്നതായും വിമാനത്താവളം വീണ്ടും തുറക്കുന്നത് വരെ യാത്രക്കാർ ഒരു സാഹചര്യത്തിലും വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യരുതെന്ന് ഹീത്രു വിമാനത്താവളം പ്രസ്താവന ഇറക്കി. ‘വിമാനത്താവളത്തിലേക്ക് വൈദ്യുതി വിതരണം ചെയ്യുന്ന സബ്സ്റ്റേഷനിലുണ്ടായ തീപ്പിടുത്തത്തെത്തുടർന്ന്, ഹീത്രൂവിൽ കാര്യമായ വൈദ്യുതി തടസ്സം നേരിടുന്നു. ഈ സാഹചര്യത്തിൽ യാത്രക്കാരുടെയും സഹപ്രവർത്തകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്, മാർച്ച് 21 ന് രാത്രി 11:59 വരെ ഹീത്രൂ അടച്ചിടും. യാത്രക്കാർ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യരുത്. കൂടുതൽ വിവരങ്ങൾക്ക് എയർലൈനുമായി ബന്ധപ്പെടണമെന്നും നിർദ്ദേശിക്കുന്നു’ എന്ന് അധികൃതർ അറിയിച്ചു.
Due to a fire at an electrical substation supplying the airport, Heathrow is experiencing a significant power outage.
To maintain the safety of our passengers and colleagues, Heathrow will be closed until 23h59 on 21 March.
Passengers are advised not to travel to the airport… pic.twitter.com/7SWNJP8ojd
— Heathrow Airport (@HeathrowAirport) March 21, 2025
തീപ്പിടുത്തം ഇന്ത്യയിൽ നിന്ന് ഹീത്രൂവിലേക്കുള്ള വിമാന സർവീസുകളെയും ബാധിച്ചിട്ടുണ്ട്.
അപ്രതീക്ഷിത പ്രഖ്യാപനത്തെത്തുടർന്ന്, മുംബൈയിൽ നിന്ന് ഹീത്രൂവിലേക്കുള്ള വിമാനം തിരിച്ചെത്തിയതായും ഡൽഹിയിൽ നിന്ന് ലണ്ടനിലേക്കുള്ള മറ്റൊരു വിമാനം ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിലേക്ക് വഴിതിരിച്ചുവിട്ടതായും എയർ ഇന്ത്യ അറിയിച്ചു. മാർച്ച് 21 ന് ലണ്ടനിലെ ഹീത്രോയിലേക്കുള്ള മറ്റ് എല്ലാ വിമാനങ്ങളും റദ്ദാക്കിയതായും എയർ ഇന്ത്യ പറഞ്ഞു.