Kyrgyzstan Violence: കിര്‍ഗിസ്ഥാനിലുള്ള വിദ്യാര്‍ഥികള്‍ വീട്ടില്‍ തന്നെ തുടരണം; ആക്രമണത്തില്‍ പ്രതികരിച്ച് എസ് ജയശങ്കര്‍
മെയ് 13ന് പ്രാദേശിക വിദ്യാര്‍ഥികളും ഈജിപ്തില്‍ നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ഥികളും തമ്മില്‍ ഉണ്ടായ തര്‍ക്കത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലെത്തുന്നത്
ന്യൂഡല്‍ഹി: കിര്‍ഗിസ്ഥാനിലുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ വീടുകളില്‍ തന്നെ തുടരണമെന്ന് ഇന്ത്യന്‍ എംബസി. വിദേശ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് കിര്‍ഗിസ്ഥാനില്‍ നടക്കുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ നിര്‍ദേശം നല്‍കിയത്. കിര്‍ഗിസ്ഥാനിലുള്ള ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്.
മെയ് 13ന് പ്രാദേശിക വിദ്യാര്‍ഥികളും ഈജിപ്തില്‍ നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ഥികളും തമ്മില്‍ ഉണ്ടായ തര്‍ക്കത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലെത്തുന്നത്. ഈ വീഡിയോ വൈറലായതിന് പിന്നാലെ ആക്രമണം പൊട്ടിപുറപ്പെട്ടു.
ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ താമസിക്കുന്ന ബിഷ്‌കെക്കിലെ മെഡിക്കല്‍ സര്‍വകലാശാല ഹോസ്റ്റലുകളിലാണ് അക്രമം നടന്നത്. സ്ഥിതിഗതികള്‍ ഇപ്പോള്‍ ശാന്തമാണ്, പക്ഷേ വിദ്യാര്‍ഥികള്‍ക്ക് വീടിനുള്ളില്‍ തന്നെ തുടരാനും എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ എംബസിയുമായി ബന്ധപ്പെടാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.
ഇതുവരെ ബിഷ്‌കെക്കിലെ മെഡിക്കല്‍ സര്‍വകലാശാലകളുടെ ചില ഹോസ്റ്റലുകളിം പാകിസ്ഥാനില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ സ്വകാര്യ വീടുകളും ആക്രമിക്കപ്പെട്ടു. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേസ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് ഈ ഹോസ്റ്റലുകളില്‍ താമസിക്കുന്നതെന്ന് പാകിസ്ഥാന്‍ എംബസി ഫേസ്ബുക്കിലൂടെ പറഞ്ഞു.
250ലധികം വിദ്യാര്‍ഥികളുമായും അവരുടെ കുടുംബാംഗങ്ങളുമായും ബന്ധപ്പെടാന്‍ സാധിച്ചുവെന്നും അക്രമം പാകിസ്ഥാന് നേരെ മാത്രമുള്ളതല്ല മറ്റ് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കും നേരെയുള്ളതാണെന്നും എംബസി കൂട്ടിച്ചേര്‍ത്തു.
വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 14,500 വിദ്യാര്‍ഥികളാണ് കിര്‍ഗിസ്ഥാനിലുള്ളത്. ഈ വിദ്യാര്‍ഥികള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ ബിഷ്‌കെക്കിലെ പ്രാദേശിക പൊലീസുമായി ഇന്ത്യന്‍ എംബസി ബന്ധപ്പെടുന്നുണ്ട്.