Kuwait Fire Accident: കുവൈത്ത് ദുരന്തം; പരിക്കേറ്റ മലയാളികൾ അപകടനില തരണം ചെയ്തു, 4 പേരുടെ സംസ്കാരം ഇന്ന്
Kuwait Fire Accident Updates: പരിക്കേറ്റ് ചികിത്സയിലുള്ള 14 മലയാളികളിൽ 13 പേരും നിലവിൽ വാർഡുകളിലാണ് ചികിത്സയിൽ കഴിയുന്നത്.
കുവൈത്തിലുണ്ടായ ദുരന്തത്തെ തുടർന്ന് ചികിൽസയിൽ തുടരുന്ന മലയാളികളെല്ലാം അപകടനില തരണം ചെയ്തു. 14 മലയാളികൾ അടക്കം 31 ഇന്ത്യക്കാരാണ് ആശുപത്രികളിൽ നിലവിൽ ചികിത്സയിൽ കഴിയുന്നത്. ചികിത്സയിലുള്ള 14 മലയാളികളും അപകടനില തരണം ചെയ്തതായാണ് പുതിയ വിവരം. ഇത് കേരളത്തിന് വലിയ ആശ്വാസമാണ്.
പരിക്കേറ്റ് ചികിത്സയിലുള്ള 14 മലയാളികളിൽ 13 പേരും നിലവിൽ വാർഡുകളിലാണ് ചികിത്സയിൽ കഴിയുന്നത്. ഒരാൾ മാത്രമാണ് ഐസിയുവിൽ തുടരുന്നത്. അൽ അദാൻ, മുബാറക് അൽ കബീർ, അൽ ജാബർ, ജഹ്‍റ ഹോസ്പിറ്റൽ, ഫർവാനിയ ഹോസ്പിറ്റൽ എന്നിവിടങ്ങളിലാണ് അപകടത്തിൽ പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്നത്.
ALSO READ: എയര്‍ ഇന്ത്യ ചതിച്ചു; ശ്രീഹരിയുടെ സഹോദരന് എത്താനായില്ല, സംസ്‌കാരം ഞായറാഴ്ചയിലേക്ക് മാറ്റി
അതേസമയം, കുവൈത്ത് ദുരന്തത്തിൽ മരിച്ച മലയാളികളിൽ നാലുപേരുടെ സംസ്കാരം ഇന്ന് നടക്കും. ഇന്നലെ 12 പേർക്കാണ് ജന്മനാട് വിട നൽകിയത്. കുവൈത്ത് ദുരന്തത്തിൽ മരിച്ച കൊല്ലം പുനലൂർ സ്വദേശി സാജൻ ജോർജിൻ്റെയും വിളച്ചിക്കാല സ്വദേശി ലൂക്കോസിൻറെയും സംസ്കാരമാണ് ഇന്ന് നടക്കുക. സാജൻറെ സംസ്കാരം നരിക്കൽ മാർത്തോമാ ചർച്ച് സെമിത്തേരിയിലും ലൂക്കോസിൻറെ സംസ്കാരം വിളച്ചിക്കാല ഐപിസി സെമിത്തേരിയിലുമാണ് നടക്കുക.
മൃതദേഹങ്ങൾ ഇന്നലെ നാട്ടിൽ എത്തിച്ചെങ്കിലും വിദേശത്തുള്ള ബന്ധുക്കൾ നാട്ടിൽ എത്താനുള്ളതിനാലാണ് ചടങ്ങുകൾ ഇന്നത്തേക്ക് മാറ്റിയത്. മൃതദേഹങ്ങൾ നിലവിൽ മോർച്ചറിയിലാണ്. പത്തനംതിട്ട പന്തളം സ്വദേശി ആകാശ് ശശിധരൻറെയും കണ്ണൂർ കുറുവ സ്വദേശി അനീഷ് കുമാറിൻറെയും സംസ്കാരവും ഇന്ന് നടക്കും.
കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന അനീഷ് കുമാറിൻറെ മൃതദേഹം രാവിലെ എട്ട് മണിയോടെ നാട്ടിലേക്ക് കൊണ്ടുവരും. കുറുവയിലെ പൊതുദർശനത്തിന് ശേഷമാകും വീട്ടിലേക്ക് കൊണ്ടുവരുക. പതിനൊന്ന് വർഷമായി കുവൈത്തിൽ ജോലി ചെയ്യുന്ന അനീഷ് പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ സ്ഥിരതാമസമാക്കാനുള്ള തയ്യാറെടുപ്പിലിരിക്കെയാണ് അപകടം ഉണ്ടാകുന്നത്. കഴിഞ്ഞ മാസം പതിനാറിനാണ് അനീഷ് നാട്ടിൽ നിന്ന് തിരിച്ചുപോയത്. കുവൈത്തിൽ സൂപ്പർമാർക്കറ്റ സൂപ്പർവൈസറായിരുന്നു. ഭാര്യയും രണ്ട് ആൺകുട്ടികളുമുണ്ട്.