Kuwait Fire Accident: ദുരന്തത്തിന് കാരണം ഷോർട്ട് സർക്യൂട്ട്; സ്ഥിരീകരിച്ച് കുവൈത്ത് അഗ്നിരക്ഷാ സേന
രാവിലെ വ്യോമസേന വിമാനത്തില്‍ കൊച്ചിയിലെത്തിച്ച 23 മലയാളികളുടെയും മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി.10.30ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹങ്ങൾ ഉച്ചയ്ക്ക് 12.30 ഓടെ അതാത് സ്ഥലങ്ങളിലേക്ക് ആംബുലന്‍സുകളില്‍ കൊണ്ടുപോയി.
കുവൈത്ത് സിറ്റി: കുവൈത്തിലെ തീപ്പിടിത്തത്തിനു പിന്നിൽ വൈദ്യുതി ഷോർട്ട് സർക്യൂട്ടാണെന്നു സ്ഥിരീകരിച്ച് കുവൈത്ത് അഗ്നിരക്ഷാ സേന. ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിൽ സൂക്ഷിച്ച പാചകവാതക സിലണ്ടർ ചോർന്നാണു തീപിടിത്തമുണ്ടായതെന്നായിരുന്നു ആദ്യത്തെ നിഗമനം. ഇതു തന്നെയായിരുന്നു നേരത്തേ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നതും. ഷോർട്ട് സർക്യൂട്ടാണു ദുരന്ത കാരണമെന്നു കുവൈത്ത് അഗ്നിരക്ഷാ സേന വ്യക്തമാക്കി.
ദുരന്തസ്ഥലത്തു വിശദമായ പരിശോധനകൾ നടത്തിയ ശേഷമാണ് ഈ കാരണം കണ്ടെത്തിയത് എന്ന് അഗ്നിരക്ഷാ സേനയുടെ പ്രസ്താവനയിൽ അറിയിച്ചു. ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയുൾപ്പെടെ പരിശോധിച്ച ശേഷമാണ് ഈ നിഗമനത്തിൽ എത്തിയത്. ഫ്ലാറ്റിനുള്ളിൽ മുറികൾ തിരിക്കാനായി ഉപയോഗിച്ചിരുന്ന സാമഗ്രികൾ തീ പടരാൻ പ്രധാനമായും കാരണമായി. മുറികൾ തമ്മിൽ വേർതിരിക്കാൻ ഉപയോഗിച്ചിരുന്ന വസ്തുക്കൾ കത്തിയതാണ് മുറികൾക്കുള്ളിൽ പുക നിറയാൻ കാരണമായത്. ഈ പുക അതിവേഗം മുകൾ നിലയിലേക്കു പടർന്നു.
ആറു നില കെട്ടിടത്തിൽ 24 ഫ്ലാറ്റുകളിലായി 72 മുറികളാണ് ഉള്ളത്. ഇതിൽ 196 പേരാണു താമസിച്ചിരുന്നത്. ഇതിൽ 20 പേർ നൈറ്റ് ഡ്യൂട്ടിയിലായതിനാൽ സംഭവ സമയത്ത് കെട്ടിടത്തിലുണ്ടായിരുന്നില്ല. ബാക്കി 176 പേർ ക്യാംപിലുണ്ടായിരുന്നു. പൊള്ളലേറ്റു മരിച്ചതു 2 പേർ മാത്രമാണ് എന്നാണ് റിപ്പോർട്ട്. ബാക്കി 47 പേരും മരിച്ചതു പുക ശ്വസിച്ചാണെന്നു എൻ ബി ടി സി കമ്പനി പ്രതിനിധി പറഞ്ഞു.
ALSO READ : കുവൈത്ത് തീപിടിത്തം:മരിച്ച മലയാളികളുടെ എണ്ണം 26 ആയി
മരിച്ചവരുടെ മലയാളികളുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങി
രാവിലെ വ്യോമസേന വിമാനത്തില്‍ കൊച്ചിയിലെത്തിച്ച 23 മലയാളികളുടെയും മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി.10.30ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹങ്ങൾ ഉച്ചയ്ക്ക് 12.30 ഓടെ അതാത് സ്ഥലങ്ങളിലേക്ക് ആംബുലന്‍സുകളില്‍ കൊണ്ടുപോയി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും മറ്റു നേതാക്കളും മരിച്ചവരുടെ കുടുംബാംഗങ്ങളും അന്തിമോപചാരമര്‍പ്പിച്ചു. സംസ്ഥാനത്തിന്‍റെ ഔദ്യോഗിക ബഹുമതികളോടെയാണ് മൃതദേഹങ്ങള്‍ വീടുകളിലേക്ക് യാത്രയായത്. പോലീസ് അകമ്പടിയോടെ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി.