Kuwait Fire Accident: കുവൈത്ത് തീപിടിത്തം; 3 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 8 പേര്‍ കസ്റ്റഡിയില്‍
Kuwait Fire 8 People in Custody: കെട്ടിടങ്ങളിലെ നിയമലംഘനം കണ്ടെത്തി നടപടിയെടുക്കാന്‍ ആഭ്യന്തരമന്ത്രി ഷെയ്ഖ് ഫഹദ് യുസഫ് സൗദ് അല്‍ സബാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അദ്ദേഹം നേരിട്ടാണ് സ്ഥിതിഗതികള്‍ വിലയിരുത്തുന്നത്.
കുവൈത്ത് സിറ്റി: കുവൈത്തില്‍ കെട്ടിടത്തിന് തീപിടിച്ച് 50 പേര്‍ മരിച്ച സംഭവത്തില്‍ 8 പേര്‍ കസ്റ്റഡിയില്‍. മൂന്ന് ഇന്ത്യക്കാരും നാല് ഈജിപ്ഷ്യന്‍സും ഒരു കുവൈത്തിയുമാണ് കസ്റ്റഡിയിലുള്ളതെന്നാണ് അറബ് മാധ്യമമായ അറബ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നരഹത്യ, ഗുരുതരമായ അശ്രദ്ധ എന്നീ കുറ്റങ്ങളായിരിക്കും ഇവര്‍ക്കെതിരെ ചുമത്തുക.
കെട്ടിടങ്ങളിലെ നിയമലംഘനം കണ്ടെത്തി നടപടിയെടുക്കാന്‍ ആഭ്യന്തരമന്ത്രി ഷെയ്ഖ് ഫഹദ് യുസഫ് സൗദ് അല്‍ സബാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അദ്ദേഹം നേരിട്ടാണ് സ്ഥിതിഗതികള്‍ വിലയിരുത്തുന്നത്. തീപിടുത്തത്തിന് കാരണക്കാരയവരെ ഉടന്‍ കണ്ടെത്തി നടപടിയെടുക്കുമെന്ന് കുവൈത്ത് സര്‍ക്കാര്‍ സംഭവദിവസം തന്നെ പറഞ്ഞിരുന്നു. ഗാര്‍ഡ് റൂമിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് കുവൈത്ത് ഫയര്‍ ഫോഴ്‌സ് നേരത്തെ കണ്ടെത്തിയിരുന്നു.
ലാഭം മാത്രം നോക്കിയും തൊഴില്‍ അവകാശങ്ങള്‍ ലംഘിച്ചും പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇളവ് നല്‍കരുതെന്ന് ആഭ്യന്തരമന്ത്രി നിര്‍ദേശിച്ചതായി അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നണ്ട്. വിസ അടക്കമുള്ള രേഖകളില്ലാത്തവരെയും നിയമം ലംഘിച്ച് കുവൈത്തില്‍ തങ്ങുന്ന അനധികൃത കുടിയേറ്റക്കാര്‍ക്കുമെതിരെ നടപടി വേഗത്തിലാക്കും. നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് തങ്ങുന്നവരെ അതാത് രാജ്യങ്ങളിലേക്ക് തിരികെ അയക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്.
Also Read: Czech Republic: ചെക്ക് റിപ്പബ്ലിക്ക് എങ്ങനെ ചെക്കിയ ആയി? പേര് മാറ്റത്തിൻ്റെ കാരണമെന്ത്?
അതേസമയം, തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കുമെന്ന് കുവൈത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 15,000 ഡോളര്‍ അതായത് ഏകദേശം 12.5 ലക്ഷം വീതം നല്‍കുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതത് എംബസികള്‍ മുഖേന ഈ തുകം വിതരണംചെയ്യും. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കാന്‍ കുവൈത്ത് അമീര്‍ ശൈഖ് മിഷേല്‍ അല്‍ അഹമ്മദ് അപകടം നടന്ന ദിവസം തന്നെ ഉത്തരവിട്ടിരുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍, എത്ര തുകയാണ് നല്‍കുന്നതെന്ന് അറിയിച്ചിരുന്നില്ല. 25 മലയാളികള്‍ അന്നത്തെ സംഭവത്തില്‍ കൊല്ലപ്പെട്ടിരുന്നു.
സംഭവത്തില്‍ മരിച്ച മലയാളികളുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ പ്രവാസി വ്യവസായികളായ എംഎ യൂസഫലി, രവി പിള്ള എന്നിവരും സഹായവുമായി എത്തി.
നോര്‍ക്ക മുഖേനയാണ് ആളുകള്‍ക്ക് ഈ സഹായം ലഭ്യമാക്കുക. ഇത്തരത്തില്‍ ഒരു കുടുംബത്തിന് ആകെ 12 ലക്ഷം രൂപയാണ് ധനസഹായം ലഭിക്കുക. ഇതിനൊപ്പം പരിക്കേറ്റവര്‍ക്ക് 1 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാരും നല്‍കും.
മലയാളിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ 195 പേര്‍ ഉണ്ടായിരുന്നവെന്നാണ് വിവരം. അപകടം നടന്ന സമയം ഭൂരിഭാഗം പേരും ഉറക്കത്തിലായിരുന്നു. ആദ്യം താഴത്തെ നിലയില്‍ നിന്നാരംഭിച്ച തീ പിന്നീട് പടരുകയായിരുന്നു.