Kuwait Fire Accident: കുവൈത്ത് തീപിടിത്തം:മരിച്ച മലയാളികളുടെ എണ്ണം 26 ആയി

Kuwait Fire Accident Death Updates: തിപീടിത്തത്തില്‍ മരിച്ച മലയാളികളുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റ മലയാളികള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.

Kuwait Fire Accident: കുവൈത്ത് തീപിടിത്തം:മരിച്ച മലയാളികളുടെ എണ്ണം 26 ആയി
Updated On: 

13 Jun 2024 20:12 PM

കുവൈത്ത് സിറ്റി: കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ എണ്ണം 26 ആയി. സംഭവത്തില്‍ 45 ഇന്ത്യക്കാരാണ് ഇതുവരെ മരിച്ചത്. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനാണ് നോര്‍ക്ക ശ്രമം നടത്തുന്നത്. ഇതിനായി പ്രത്യേക വിമാനം കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ജൂണ്‍ 15ന് ബലിപെരുന്നാള്‍ അവധി ആരംഭിക്കുന്നതിന് മുമ്പ് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുമെന്ന് നോര്‍ക്ക സെക്രട്ടറി കെ വാസുകി പറഞ്ഞു.

തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അരുണ്‍ ബാബു (37) ,  കണ്ണൂർ പാടിയോട്ടുചാൽ വയക്കര സ്വദേശി നിതിൻ കൂത്തൂർ (30), ചെങ്ങന്നൂർ പാണ്ടനാട് വൻമഴി മണക്കണ്ടത്തിൽ മാത്യു തോമസ് (53), കൊല്ലം ശൂരനാട് സ്വദേശി ഷമീര്‍ ഉമറുദ്ദീന്‍ (30), കാസര്‍കോട് ചെങ്കള സ്വദേശി കെ. രഞ്ജിത്ത് (34), കാസര്‍കോട് പിലിക്കോട് എരവില്‍ സ്വദേശി കേളു പൊന്മലേരി (58), കോട്ടയം പാമ്പാടിയിലുള്ള സ്റ്റെഫിന്‍ ഏബ്രഹാം സാബു (29), പത്തനംതിട്ട പന്തളം മുടിയൂര്‍ക്കോണം സ്വദേശി ആകാശ് ശശിധരന്‍ നായര്‍ (31), കൊല്ലം പുനലൂര്‍ സ്വദേശി സാജന്‍ ജോര്‍ജ് (29), പത്തനംതിട്ട കോന്നി അട്ടച്ചാക്കല്‍ ചെന്നശ്ശേരില്‍ സജു വര്‍ഗീസ് (56), വള്ളിക്കോട് വാഴമുട്ടം സ്വദേശി പി.വി. മുരളീധരന്‍ (68) കൊല്ലം വെളിച്ചിക്കാല വടകോട്ട് വിളയില്‍ ലൂക്കോസ് (സാബു-48), തിരുവല്ല സ്വദേശി തോമസ് ഉമ്മന്‍(37), കണ്ണൂര്‍ ധര്‍മടം സ്വദേശി വിശ്വാസ് കൃഷ്ണന്‍, മലപ്പുറം തിരൂര്‍ കൂട്ടായി കോതപറമ്പ് കുപ്പന്റെപുരക്കല്‍ നൂഹ് (40), പുലാമന്തോള്‍ തിരുത്ത് സ്വദേശി എം.പി. ബാഹുലേയന്‍ (36) എന്നിവരുടെ മരണമാണ് നേരത്തെ സ്ഥിരീകരിച്ചിരുന്നത്. ചങ്ങനാശേരി ഇളങ്കാവ് ഭാഗത്ത് കിഴക്കേടത്ത് വീട്ടില്‍ ശ്രീഹരി പ്രദീപ് (27), പുനലൂര്‍ നരിക്കല്‍ വാഴവിള അടിവള്ളൂര്‍ സാജന്‍ ജോര്‍ജ് (29), നിരണം സ്വദേശി മാത്യൂ ജോര്‍ജ് (54) എന്നിവരുടെ മരണമാണ് പുതുതായി സ്ഥിരീകരിച്ചത്.

മെക്കാനിക്കല്‍ എഞ്ചിനീയറിങ് ബിരുദധാരിയാണ് ശ്രീഹരി. കഴിഞ്ഞ ജൂണ്‍ അഞ്ചിനാണ് ശ്രീഹരി ജോലിക്കായി കുവൈത്തിലെത്തിയത്. മൃതദേഹങ്ങള്‍ ഉടന്‍ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഡിഎന്‍എ ടെസ്റ്റ് നടത്താനും തീരുമാനിച്ചിട്ടുണ്ട്.

അതേസമയം, തിപീടിത്തത്തില്‍ മരിച്ച മലയാളികളുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റ മലയാളികള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉടന്‍ കുവൈത്തിലേക്ക്. സ്‌റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ജീവന്‍ ബാബുവും മന്ത്രിയോടൊപ്പമുണ്ടാകും. പരിക്കേറ്റ മലയാളികളുടെ ചികിത്സ, മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് മന്ത്രി കുവൈത്തിലേക്ക് പോകുന്നത്.

മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കാമെന്ന് പ്രമുഖ വ്യവസായിയായ എംഎ യൂസഫലിയും രണ്ട് ലക്ഷം രൂപ വീതം നല്‍കാമെന്ന് പ്രമുഖ വ്യവസായി രവിപിള്ളയും മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. നോര്‍ക്ക മുഖേനയാണ് ഈ സഹായം ലഭ്യമാക്കുക. ഇതോടെ ഒരു കുടുംബത്തിന് 12 ലക്ഷം രൂപ സഹായധനം ലഭിക്കും.

പല മൃതദേഹങ്ങളും തിരിച്ചറിയാന്‍ കഴിയാത്ത നിലയിലാണുള്ളത്. മരിച്ച മലയാളികളുടെ എണ്ണം ഇനിയും ഉയരാനാണ് സാധ്യത. മലയാളി ഉടമയുടെ കീഴിലുള്ള എന്‍ബിടിസി എന്ന കമ്പനിയുടെ ക്യാമ്പിലാണ് അപകടം ഉണ്ടായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ നടന്ന തീപിടുത്തമുണ്ടായത്. ഇതില്‍ 49 പേരുടെ മരണമാണ് നിലവില്‍ സ്ഥിരീകരിച്ചത്. പരിക്കേറ്റ 46 പേര്‍ ചികിത്സയിലാണ്. കമ്പനിക്കെതിരെ കുവൈത്ത് സര്‍ക്കാര്‍ നിയമ നടപടി ആരംഭിച്ചിട്ടുണ്ട്.

സംഭവത്തെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഉന്നത തല യോഗം ചേര്‍ന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വിദേശകാര്യ സഹമന്ത്രി കിര്‍ത്തി വര്‍ധന്‍ സിംഗ് കുവൈത്തിലേക്ക് പോയിട്ടുണ്ട്. 195 പേര്‍ കെട്ടിടത്തിലുണ്ടായിരുന്നവെന്നാണ് നിലവിലെ വിവരം. അപകടം നടന്നത് പുലര്‍ച്ചെ ആയതുകൊണ്ട് തന്നെ ഭൂരിഭാഗം പേരും ഉറക്കത്തിലായിരുന്നു. താഴത്തെ നിലയില്‍ നിന്ന് തീ മുകളിലേക്ക് പടരുകയായിരുന്നു. ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചത് അപകടത്തിന്റെ വ്യാപ്തി കൂട്ടി. രക്ഷപ്പെടാനുള്ള തിക്കിലും തിരക്കിലും വിഷപ്പുക ശ്വസിച്ചാണ് പലരും മരിച്ചത് എന്നാണ് വിവരം. കെട്ടിടത്തില്‍ നിന്ന് ചാടിയവര്‍ക്കും സാരമായി പരിക്കേല്‍ക്കുകയും മരണപ്പെടുകയും ചെയ്തിട്ടുണ്ട്.

മരിച്ചവരുടെ ബന്ധുക്കള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ ധനസഹായം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കുവൈത്തിലെ ഇന്ത്യന്‍ അംബാസിഡര്‍ ആദര്‍ശ് സൈ്വകി ദുരന്തം നടന്ന സ്ഥലത്തെത്തി. മംഗാഫിലെ അപകട സ്ഥലം സന്ദര്‍ശിച്ച് അംബാസിഡര്‍ വിവരങ്ങള്‍ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. അല്‍ അദാന്‍, ഫര്‍വാനിയ, മുബാറക്ക് ആശുപത്രികളില്‍ പരിക്കേറ്റ് കഴിയുന്നവരെയും അംബാസിഡര്‍ സന്ദര്‍ശിച്ചു. അംബാസിഡര്‍ കൈമാറിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി തന്നെ നേരിട്ട് കാര്യങ്ങള്‍ വിലയിരുത്തി.

Related Stories
Riyadh Metro : ഓറഞ്ച് ലൈൻ പ്രവർത്തനമാരംഭിച്ചു; റിയാദ് മെട്രോയുടെ നിർമ്മാണം പൂർണ്ണം
Chandra Arya: ‘പ്രധാനമന്ത്രി പദത്തിലേക്ക് മത്സരിക്കും’; ട്രൂഡോയ്ക്ക് പിൻഗാമിയാകാൻ ഇന്ത്യൻ വംശജനായ ചന്ദ്ര ആര്യ
Los Angeles Wildfires: ദുരിത കയത്തില്‍ ലോസ് ഏഞ്ചലസ്; 30,000 ഏക്കര്‍ കത്തിയമര്‍ന്നു, ഏറ്റവും വിനാശകരമായ തീപിടിത്തം
Israel-Palestine Conflict: കുരുതി തുടര്‍ന്ന് ഇസ്രായേല്‍; യുദ്ധത്തില്‍ മരിച്ച പലസ്തീനികളുടെ എണ്ണം 46,000 കടന്നു
UAE Personal Status Laws: അനുവാദമില്ലാതെ കുട്ടികൾക്കൊപ്പം യാത്ര ചെയ്താൽ പിഴ ഒരു ലക്ഷം ദിർഹം വരെ; പുതിയ നിയമങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
Wildfires in Los Angeles: ലോസ് ആഞ്ചൽസിലെ കാട്ടു തീ; 1.5 ലക്ഷം പേരെ ഒഴിപ്പിച്ചു; ഭീതിയിൽ ഹോളിവുഡ് താരങ്ങളും; ഓസ്കർ നോമിനേഷൻ മാറ്റി
കുതിര്‍ത്ത് കഴിക്കാവുന്ന നട്‌സ് ഏതൊക്കെ ?
ടെസ്റ്റ് ക്രിക്കറ്റിലെ ടയർ 2 സിസ്റ്റം; വിശദാംശങ്ങൾ ഇങ്ങനെ
പേരയ്ക്കയുടെ ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
പതിവാക്കാം തക്കാളി; ഗുണങ്ങൾ ഏറെ