Kuwait Fire Accident : കുവൈത്ത് ദുരന്തം: മരിച്ച 13 മലയാളികളെ തിരിച്ചറിഞ്ഞു; കൂടുതൽ പേരെ കണ്ടെത്താൻ ഡിഎൻഎ പരിശോധന നടത്തും
Kuwait Fire: 16 മൃതദേഹങ്ങൾ തിരിച്ചറിയാൻ പറ്റാത്ത സ്ഥിതിയിലാണ്. ഇവരെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന വേണ്ടിവരുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.
കുവൈത്ത് സിറ്റി: കുവൈത്തിലെ തൊഴിലാളി ക്യാംപിലുണ്ടായ തീപ്പിടിത്തതിൽ മരിച്ചവരിൽ 13 മലയാളികളെ തിരിച്ചറിഞ്ഞു. കൊല്ലം ശൂരനാട് സ്വദേശി ഷമീർ ഉമറുദ്ദീൻ (30), കാസർകോട് ചെങ്കള സ്വദേശി കെ. രഞ്ജിത്ത് (34), കാസർകോട് പിലിക്കോട് എരവിൽ സ്വദേശി കേളു പൊന്മലേരി (58), കോട്ടയം പാമ്പാടിയിലുള്ള സ്റ്റെഫിൻ ഏബ്രഹാം സാബു (29), പത്തനംതിട്ട പന്തളം മുടിയൂർക്കോണം സ്വദേശി ആകാശ് ശശിധരൻ നായർ (31), കൊല്ലം പുനലൂർ സ്വദേശി സാജൻ ജോർജ് (29), പത്തനംതിട്ട കോന്നി അട്ടച്ചാക്കൽ ചെന്നശ്ശേരിൽ സജു വർഗീസ് (56), വള്ളിക്കോട് വാഴമുട്ടം സ്വദേശി പി.വി. മുരളീധരൻ (68) കൊല്ലം വെളിച്ചിക്കാല വടകോട്ട് വിളയിൽ ലൂക്കോസ് (സാബു-48), തിരുവല്ല സ്വദേശി തോമസ് ഉമ്മൻ(37), കണ്ണൂർ ധർമടം സ്വദേശി വിശ്വാസ് കൃഷ്ണൻ, മലപ്പുറം തിരൂര്‍ കൂട്ടായി കോതപറമ്പ് കുപ്പന്റെപുരക്കല്‍ നൂഹ് (40), പുലാമന്തോൾ തിരുത്ത് സ്വദേശി എം.പി. ബാഹുലേയൻ (36) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
പല മൃതദേഹങ്ങളും തിരിച്ചറിയാൻ കഴിയാത്ത നിലയിലാണ്. മലയാളി ഉടമയായ എന്‍ബിടിസിയുടെ കമ്പനിയുടെ ക്യാംപിലാണ് അപകടം ഉണ്ടായത്. വെളുപ്പിനു നടന്ന തീപ്പിടുത്തത്തിൽ 49 പേർ മരിച്ചു. പരിക്കേറ്റ 46 പേർ ചികിത്സയിലാണ്. കമ്പനിക്കെതിരെ കുവൈത്ത് സര്‍ക്കാര്‍ നിയമ നടപടി ആരംഭിച്ചിട്ടുണ്ട്.
സംഭവത്തെത്തുടർന്ന് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഉന്നത തല യോഗം ചേര്‍ന്നു. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ വിദേശകാര്യ സഹമന്ത്രി കിർത്തി വർധൻ സിംഗ് നാളെ രാവിലെ കുവൈത്തിലേക്ക് പോകും.
ഡിഎന്‍എ പരിശോധന നടത്തും
സംഭവത്തിൽ മരിച്ചവരുടെ മൃതദേഹം തിരിച്ചറിയാൻ കഴിയാത്തവിധം ആയതിനാൽ തന്നെ ഡി എൻഎ പരിശോധന നടത്താൻ തീരുമാനം. 16 മൃതദേഹങ്ങൾ തിരിച്ചറിയാൻ പറ്റാത്ത സ്ഥിതിയിലാണ്. ഇവരെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന വേണ്ടിവരുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കിയിട്ടുണ്ടെന്നാണ് കുവൈത്ത് ഭരണകൂടം അറിയിച്ചത്.
ALSO READ : കുവൈത്തിൽ തീപ്പിടിത്തം; മരിച്ച 2 മലയാളികളെ തിരിച്ചറിഞ്ഞു
195 പേർ കെട്ടിടത്തിലുണ്ടായിരുന്നവെന്നാണ് നിലവിൽ ലഭിക്കുന്ന കണക്ക്. പുലർച്ചെ നാലുമണിയോടെയാണ് അപകടം നടന്നത്. ഇതിനാൽ ഭൂരിഭാഗം പേരും ഉറക്കത്തിലായിരുന്നു. താഴത്തെ നിലയിൽ നിന്ന് തീ മുകളിലേക്ക് പടരുകയായിരുന്നു. ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചത് അപകടത്തിന്‍റെ വ്യാപ്തി കൂട്ടി. രക്ഷപ്പെടാനുള്ള തിക്കിലും തിരക്കിലും വിഷപ്പുക ശ്വസിച്ചാണ് പലരും മരിച്ചത് എന്നാണ് വിവരം. കെട്ടിടത്തിൽ നിന്ന് ചാടിയവർക്കും സാരമായി പരിക്കേറ്റു.
രണ്ട് ലക്ഷം രൂപ ധനസഹായം
മ രിച്ചവരുടെ ബന്ധുക്കൾക്ക് കേന്ദ്രസർക്കാർ രണ്ട് ലക്ഷം രൂപ ധനസഹായം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കുവൈത്തിലെ ഇന്ത്യന്‍ അംബാസിഡര്‍ ആദര്‍ശ് സ്വൈകി ദുരന്തം നടന്ന സ്ഥലത്തെത്തി. മംഗാഫിലെ അപകസ സ്ഥലം സന്ദര്‍ശിച്ച് അംബാസിഡര്‍ വിവരങ്ങള്‍ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്.
അല്‍ അദാന്‍, ഫര്‍വാനിയ, മുബാറക്ക് ആശുപത്രികളില്‍ പരിക്കേറ്റ് കഴിയുന്നവരെയും അംബാസിഡര്‍ സന്ദര്‍ശിച്ചു. അംബാസിഡര്‍ കൈമാറിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി തന്നെ നേരിട്ട് കാര്യങ്ങള്‍ വിലയിരുത്തി. ഇതിനുപിന്നാലെയാണ് ഉന്നത തല യോഗം ചേര്‍ന്നത്. യോഗത്തിൽ വിദേശ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗിനെ കുവൈറ്റിലേക്ക് അയക്കാന്‍ തീരുമാനിച്ചു. വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്‍റ് സെക്രട്ടറിയും മറ്റൊരുദ്യോഗസ്ഥനും അദ്ദേഹത്തിനൊപ്പം ചേരും.