5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Iran-Israel: യുഎസ് പോലും ഭയക്കുന്ന ഇറാന്റെ ആയുധശേഖരം; അറിയാം ഇറാന്‍-ഇസ്രായേല്‍ കരുത്ത്‌

Iran and Israel's Defense Power: നൂറിലധികം മിസൈലുകള്‍ ഒരേസമയം ഇസ്രായേലിലേക്ക് അയച്ചാണ് ഇറാന്‍ തങ്ങളുടെ കരുത്ത് കാട്ടിയത്. ഈ മിസൈലുകളെ എല്ലാം അയണ്‍ ഡോം ഉപയോഗിച്ച് ഇസ്രായേല്‍ നിര്‍വീര്യമാക്കുകയും ചെയ്തു. എന്നാല്‍ ഈ കണ്ടതൊന്നുമല്ല ഇരുരാജ്യങ്ങളുടെയും പക്കലുള്ള ആയുധശേഖരമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Iran-Israel: യുഎസ് പോലും ഭയക്കുന്ന ഇറാന്റെ ആയുധശേഖരം; അറിയാം ഇറാന്‍-ഇസ്രായേല്‍ കരുത്ത്‌
shiji-mk
SHIJI M K | Updated On: 03 Oct 2024 16:04 PM

മൂന്നാം ലോക മഹായുദ്ധത്തിന്റെ ഭീതിയിലാണ് ലോകരാജ്യങ്ങള്‍. ഇറാനും ഇസ്രായേലും (Iran-Israel) തമ്മിലുള്ള പ്രശ്‌നങ്ങള്‍ എപ്പോള്‍ വേണമെങ്കിലും സങ്കീര്‍ണമാകാം. ഇസ്രായേലിന് യുഎസിന്റെ പിന്തുണ കൂടി ലഭിക്കുമ്പോള്‍ യുദ്ധം മറ്റൊരു ദിശയിലേക്ക് കടക്കും. എന്നാല്‍ ഏത് രാജ്യത്തിനാണ് കൂടുതല്‍ ആക്രമണം നടത്താനും പ്രതിരോധമൊരുക്കാനും സാധിക്കുക എന്ന കാര്യം കൂടി ചര്‍ച്ചയാവുകയാണ്. നൂറിലധികം മിസൈലുകള്‍ ഒരേസമയം ഇസ്രായേലിലേക്ക് അയച്ചാണ് ഇറാന്‍ തങ്ങളുടെ കരുത്ത് കാട്ടിയത്. ഈ മിസൈലുകളെ എല്ലാം അയണ്‍ ഡോം ഉപയോഗിച്ച് ഇസ്രായേല്‍ നിര്‍വീര്യമാക്കുകയും ചെയ്തു. എന്നാല്‍ ഈ കണ്ടതൊന്നുമല്ല ഇരുരാജ്യങ്ങളുടെയും പക്കലുള്ള ആയുധശേഖരമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അറയ്ക്കുള്ളിലുള്ളത് നിസാരമല്ല

2,000 കിലോമീറ്റര്‍ സഞ്ചരിക്കുന്ന ബാലിസ്റ്റിക് ക്രൂയിസ് മിസൈലുകളുടെ ഒരു വലിയ ശേഖരം തന്നെയാണ് ഇറാന്റെ കൈവശമുള്ളത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇറാന്‍ നടത്തിയ ആക്രമണങ്ങളെല്ലാം ഈ ആയുധശേഖരത്തിന് തെളിവാണ്. ഒമ്പത് എഫ് 4, എഫ് 5 യുദ്ധവിമാനങ്ങള്‍, റഷ്യന്‍ നിര്‍മിത സുഖോയ് 24 ജെറ്റുകളുടെ സ്‌ക്വാഡ്രണ്‍, മിഗ് 29, എഫ് 7, എഫ് 14 വിമാനങ്ങള്‍ എന്നിവ തങ്ങളുടെ പക്കലുണ്ട് ഐഐഎസ്എസ് തന്നെ അറിയിച്ചിട്ടുണ്ട്.

ഇറാന്റെ അര്‍ദ്ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐഎസ്എന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ച് മണിക്കൂറില്‍ 17,000 കിലോ മീറ്ററിലധികം (10,500 മൈല്‍) പറക്കാന്‍ കഴിവുള്ളതും 2,500 കിലോ മീറ്റര്‍ (1,550 മൈല്‍) ദൂരപരിധിയുള്ളതുമായ സെജില്‍, 2,000 കിലോ മീറ്റര്‍ (1,240 മൈല്‍) ദൂരപരിധിയുള്ള ഖൈബാര്‍, 1,400 കിലോ മീറ്റര്‍ (870 മൈല്‍) ദൂരപരിധിയുള്ള ഹജ് ഖാസെം എന്നീ മിസൈലുകളും ഇറാന്റെ പക്കലുണ്ട്.

Also Read: Iran Ballistic Missile Attack: ഇസ്രായേലിന് നേരെ മിസൈല്‍ തൊടുത്ത് ഇറാന്‍; 250ലധികം മിസൈലുകള്‍ വര്‍ഷിച്ചതായി റിപ്പോര്‍ട്ട്‌

ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളില്‍ 300 കിലോ മീറ്റര്‍ (190 മൈല്‍) ദൂരപരിധിയുള്ള ഷഹാബ്-1, 700 കിലോ മീറ്റര്‍ (435 മൈല്‍) പരിധിയുള്ള സോള്‍ഫഗര്‍, 800-1,000 കിലോ മീറ്റര്‍ (500 മുതല്‍ 620 മൈല്‍ വരെ) പരിധിയുള്ള ഷഹാബ്-3, 2,000 കിലോ മീറ്റര്‍ (1,240 മൈല്‍) പരിധിയുള്ള ഇമാഡ്-1, എന്നിങ്ങനെയുള്ള മിസൈലുകളും ഇറാനുണ്ടെന്നാണ് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആംസ് കണ്‍ട്രോള്‍ അസോസിയേഷന്‍ വ്യക്തമാക്കുന്നത്.

കൂടാതെ എവിടെ വരെ പോയി വേണമെങ്കിലും പൊട്ടിത്തെറിക്കാന്‍ ശേഷിയുള്ള പൈലറ്റില്ലാ വിമാനങ്ങളും ഇറാനികള്‍ക്ക് സ്വന്തം. ഇത്തരത്തിലുള്ള ഡ്രോണ്‍ ശേഖരം ആയിരക്കണക്കിനുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൂടാതെ 3,500 ത്തിലധികം ഭൂതല മിസൈലുകളുണ്ട്. അവയില്‍ അര ടണ്‍ പോര്‍മുനകള്‍ വഹിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പ്രതിരോധം തീര്‍ക്കുന്നതിനായി ഇറാന്‍ ഉപയോഗിക്കുന്നത് റഷ്യ ആഭ്യന്തരമായി നിര്‍മിച്ച ഭൂതല-വിമാന മിസൈല്‍, വ്യോമപ്രതിരോധ സംവിധാനങ്ങളെയാണ്. ബാവര്‍ 373 ഉപരിതല-ആകാശ മിസൈലും, റാഡ് പ്രതിരോധ സംവിധാനങ്ങളും ഇറാന്‍ പക്കലുണ്ട്.

മാത്രമല്ല കഴിഞ്ഞ വര്‍ഷങ്ങളില്‍ ശക്തമായ രീതിയിലുള്ള സൈനിക നവീകരണമാണ് ഇറാന്‍ നടത്തികൊണ്ടിരിക്കുന്നത്. മിസൈല്‍ ശേഷിയും ഡ്രോണ്‍ ശേഷിയും വര്‍ധിപ്പിച്ചതിനൊപ്പം സൈനിക ശേഷിയും ഇറാന്‍ ഉയര്‍ത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂഗര്‍ഭ അറകളില്‍ വന്‍ ആയുധശേഖരമാണ് തങ്ങള്‍ക്കുള്ളതെന്ന് ഇറാന്‍ തന്നെ പലതവണ വ്യക്തമാക്കിയിട്ടുണ്ട്. ഇറാന്‍ മിലിറ്ററി ട്യൂബ് എന്ന യൂട്യൂബ് അക്കൗണ്ടിലൂടെ ഇതിന്റെ ദൃശ്യങ്ങളും ഇറാന്‍ പുറത്തുവിട്ടിരുന്നു. ഖിയാം 1 എന്ന ബാലിസ്റ്റിക് മിസൈലിന്റെ വിക്ഷേപണമായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്.

ആണവ കരാറില്‍ നിന്ന് പിന്മാറ്റം നടത്തിയതോടെയാണ് ഇറാന്‍ തങ്ങളുടെ അടവുകള്‍ മാറ്റി തുടങ്ങിയത്. ആണവകരാറില്‍ നിന്നും ഇറാന്‍ പിന്മാറിയത് യുറേനിയം സമ്പുഷ്ടീകരിക്കുന്നതിന് വേണ്ടിയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. വൈദ്യതി ഉത്പാദിപ്പിക്കുന്നതിനായി 300 കിലോഗ്രാം സമ്പുഷ്ട യുറേനിയം മാത്രമേ സൂക്ഷിക്കാവൂ എന്നായിരുന്നു നേരത്തെ ഇറാന് നിര്‍ദേശമുണ്ടായിരുന്നത്. എന്നാല്‍ ആണവ കരാറില്‍ നിന്ന് പിന്മാറിയ ഇറാന് ഈ നിര്‍ദേശം ബാധകമല്ല. എത്ര വേണമെങ്കിലും യുറേനിയം ശേഖരിക്കാന്‍ ഇറാന് സാധിക്കും. ഇത് ആണവായുധങ്ങള്‍ നിര്‍മിക്കുന്നതിന് ഇറാനെ സഹായിക്കുന്നുണ്ടെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

ഇറാന്റെ സൈനിക ബലം

കരസേനയില്‍ 350,000, ഐആര്‍ജിസിയില്‍ 190,000, നാവികസേനയില്‍ 18,000, വ്യോമസേനയില്‍ 37,000, വ്യോമ പ്രതിരോധത്തില്‍ 15,000 എന്നിങ്ങനെ 610,000 സജീവ സൈനിക ഉദ്യോഗസ്ഥരാണ് ഇറാനിലുള്ളത്. കൂടാതെ ഇറാന്റെ കൈവശം 350,000 കരുതല്‍ സേനയുമുണ്ട്. 18 വയസസ്സിന് മുകളില്‍ പ്രായമുള്ള എല്ലാ ഇറാനിയന്‍ പുരുഷന്മാരും ആവശ്യഘട്ടങ്ങളില്‍ നിര്‍ബന്ധിത സൈനിക സേവനത്തിന് തയാറാകണം.

ഇസ്രായേലിന് കരുത്ത് പകരുന്ന ആയുധങ്ങള്‍

രാജ്യത്തേക്ക് എത്തുന്ന മിസൈലുകളെയും ഡ്രോണുകളെയും നിര്‍വീര്യമാക്കുന്നതിനായുള്ള അയണ്‍ ഡോം സംവിധാനം തന്നെയാണ് ഇസ്രായേലിന്റെ ഏറ്റവും വലിയ കരുത്ത്. കൂടാതെ നൂറുകണക്കിന് എഫ് 15, എഫ് 16, എഫ് 35 മള്‍ട്ടി പര്‍പ്പസ് ജെറ്റ് യുദ്ധവിമാനങ്ങളടക്കം വലിയൊരു വ്യോമ സംവിധാനം തന്നെയാണ് ഇസ്രായേലിന് ഉള്ളത്. ഇസ്രായേലിന്റെ ആയുധ ബലം വര്‍ധിപ്പിക്കുന്നതില്‍ അമേരിക്കയുടെ പങ്ക് ചെറുതല്ല. ബോയിങ് 707 വിമാനങ്ങളുടെ കപ്പല്‍, 30 മണിക്കൂറിലധികം പറക്കാന്‍ ശേഷിയുള്ള ഹെറോണ്‍ പൈലറ്റില്ലാ വിമാനങ്ങള്‍ എന്നിവയും ഇസ്രായേലിന് സ്വന്തമായുണ്ട്. ഇവയില്‍ ഡെലില ലോയിറ്റിങ് യുദ്ധോപകരണത്തിന് 250 കിലോമീറ്റര്‍ ആണ് ദൂരപരിധി. കൂടാതെ ഇസ്രായേല്‍ ദീര്‍ഘദൂര ഉപരിതലത്തില്‍ നിന്ന് ഉപരിതല മിസൈലുകള്‍ വികസിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

Also Read: Iron Dome: ഇസ്രയേലിനു കവചമൊരുക്കുന്ന പ്രതിരോധ സംവിധാനം; അയൺ ഡോം എന്താണ്?

ഇസ്രായേലിന്റെ സൈനിക ബലം

സൈന്യത്തില്‍ 126,000, നാവികസേനയില്‍ 9,500, വ്യോമസേനയില്‍ 34,000 എന്നിങ്ങനെ 169,500 സജീവ സൈനിക ഉദ്യോഗസ്ഥരാണ് ഇസ്രായേലിനുള്ളത്. കൂടാതെ 465,000 കരുതല്‍ സേനയുണ്ട്. ചില ഇളവുകളോടെ 18 വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യുവാക്കള്‍ നിര്‍ബന്ധിത സൈനിക സേവനത്തിന് തയാറാകേണ്ടതുമാണ്.

അമേരിക്ക എന്തുകൊണ്ട് ഇറാനെ ഭയക്കുന്നു?

ഇറാനെ അപേക്ഷിച്ച് സൈനികശേഷിയും ആയുധ ബലത്തിലും ഏറെ മുന്നിലാണ് അമേരിക്ക. എന്നാലും ഇറാനോട് ഏറ്റുമുട്ടാന്‍ അമേരിക്ക തയാറല്ല. ഇതിന് പ്രധാന കാരണം ഇറാന്റെ കൈവശമുള്ള മിസൈല്‍ ശേഖരമാണ്. പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ വൈവിധ്യമാര്‍ന്ന മിസൈല്‍ ശേഖരമുള്ള രാജ്യം കൂടിയാണ് ഇറാന്‍.

Latest News