5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

16 Psyche: ഭൂമിയിലെ എല്ലാവരെയും ശതകോടീശ്വരന്മാരാക്കാന്‍ കഴിയുന്ന ഛിന്നഗ്രഹം; കേട്ടിട്ടുണ്ടോ 16 സൈക്കിയെക്കുറിച്ച് ? വിടാതെ പിന്തുടര്‍ന്ന് നാസ

16 Psyche Asteroid: നാസയുടെ ഈ പഠനം ലാഭം മാത്രം ലക്ഷ്യമാക്കിയുള്ളതല്ല. ഗ്രഹങ്ങളെക്കുറിച്ചും, പ്രപഞ്ചത്തെക്കുറിച്ചും കൂടുതല്‍ മനസിലാക്കുന്നതിന് ഛിന്നഗ്രഹത്തെക്കുറിച്ച് കൂടുതല്‍ പഠിക്കാനാണ് നാസ ലക്ഷ്യമിടുന്നത്

16 Psyche: ഭൂമിയിലെ എല്ലാവരെയും ശതകോടീശ്വരന്മാരാക്കാന്‍ കഴിയുന്ന ഛിന്നഗ്രഹം; കേട്ടിട്ടുണ്ടോ 16 സൈക്കിയെക്കുറിച്ച് ? വിടാതെ പിന്തുടര്‍ന്ന് നാസ
16 സൈക്കി (image credits: nasa)
jayadevan-am
Jayadevan AM | Published: 29 Nov 2024 19:56 PM

ഭൂമിയിലെ എല്ലാവരെയും ശതകോടീശ്വരന്മാരാക്കാന്‍ കഴിയുന്ന ഛിന്നഗ്രഹം ! കേള്‍ക്കുമ്പോള്‍ അതിശയം തോന്നാം. എന്നാല്‍ അത്ഭുതപ്പെടേണ്ട. അങ്ങനെയൊരു ഛിന്നഗ്രഹമുണ്ട്. പേര് 16 സൈക്കി. ഈ ഛിന്നഗ്രഹത്തിന് പിന്നാലെയാണ് ഇപ്പോള്‍ നാസ. ജ്യോതിശാസ്ത്രപരമായി 10 ​​ക്വാഡ്രില്യൺ ഡോളർ (ഏകദേശം 100 മില്യണ്‍ ബില്യൺ) ഡോളറാണ്‌ ഇതിന്റെ മൂല്യം.

പ്രധാനമായും പ്ലാറ്റിനവും പലേഡിയവും ചേർന്നതാണ് നിലവിൽ ഭൂമിയുടെ അന്തരീക്ഷത്തിലുള്ള ഈ ഛിന്നഗ്രഹം. ഓട്ടോമോട്ടീവ്, ഇലക്ട്രോണിക്സ് വ്യവസായങ്ങളിൽ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട മെറ്റീരിയലുകളാണിത്. 16 സൈക്കി എന്ന് പേരിട്ടിരിക്കുന്ന ഛിന്നഗ്രഹത്തെക്കുറിച്ച് കൂടുതലറിയാന്‍ അടുത്തിടെ നാസ സ്പേസ് എക്‌സ് ഫാൽക്കൺ ഹെവി റോക്കറ്റ് അയച്ചിരുന്നു.

ഇതുപ്രകാരം ലഭിച്ച വിവരങ്ങളില്‍ നിന്നാണ് ഛിന്നഗ്രഹത്തെക്കുറിച്ച് കൂടുതല്‍ മനസിലാക്കിയത്. ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്ന സൈക്കി, നിക്കൽ, ഇരുമ്പ്, സ്വർണ്ണം, പ്ലാറ്റിനം എന്നിവയാൽ സമ്പന്നമാണ്. അറിയപ്പെടുന്ന എം-ടൈപ്പ് ഛിന്നഗ്രഹങ്ങളില്‍ ഏറ്റവും വലിപ്പമേറിയ ഒന്നാണ് 16 സൈക്കി. നിലവില്‍ ഇത് ഭൂമിയില്‍ നിന്ന് വളരെ അകലെയാണ്. ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള പ്രധാന ഛിന്നഗ്രഹ വലയത്തിലേക്ക് 2.2 ബില്യൺ മൈൽ സഞ്ചരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഈ ഛിന്നഗ്രഹം 30-60 ശതമാനം വരെ ലോഹമാണെന്ന് കണക്കാക്കപ്പെടുന്നു. കൂടാതെ ഏകദേശം 64,000 ചതുരശ്ര മൈല്‍ വ്യാപിച്ചുംകിടക്കുന്നു. ഈ ഛിന്നഗ്രഹത്തിന്റെ മൂല്യത്തിന് എട്ട് ബില്യണ്‍ ജനസംഖ്യയുള്ള ഈ ലോകത്ത് ഓരോ വ്യക്തിയെയും ശതകോടീശ്വരന്മാരാക്കാന്‍ സാധിക്കും.

എന്നാല്‍ അങ്ങനെ സംഭവിച്ചാല്‍ അത് ആഗോള സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. കൂടാതെ, ഇത് അതിസമ്പര്‍ക്ക് ആനുപാതികമല്ലാത്ത തരത്തില്‍ പ്രയോജനകരമാകുമെന്നും, ദൈനംദിന വിലകൾ കുതിച്ചുയരാൻ ഇടയാക്കുമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.

എന്നാല്‍ നാസയുടെ ഈ പഠനം ലാഭം മാത്രം ലക്ഷ്യമാക്കിയുള്ളതല്ല. ഗ്രഹങ്ങളെക്കുറിച്ചും, പ്രപഞ്ചത്തെക്കുറിച്ചും കൂടുതല്‍ മനസിലാക്കുന്നതിന് ഛിന്നഗ്രഹത്തെക്കുറിച്ച് കൂടുതല്‍ പഠിക്കാനാണ് നാസ ലക്ഷ്യമിടുന്നത്. പ്രപഞ്ചത്തെക്കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ ഈ പഠനം സഹായകരമാകുമെന്നാണ് പ്രതീക്ഷ.

ഇറ്റാലിയൻ ജ്യോതിശാസ്ത്രജ്ഞനായ ആനിബാലെ ഡി ഗാസ്പാരിസ് ആണ് ഇത് ആദ്യം കണ്ടെത്തിയത്. 1852-ലാണ് ഗാസ്പാരിസ് ഇത് ആദ്യം കണ്ടെത്തുന്നത്. എന്തായാലും ശാസ്ത്രലോകത്ത് ഏറെ കൗതുകമുണര്‍ത്തുന്ന കണ്ടെത്തലായി ഇത് പില്‍ക്കാലത്ത് മാറി. വര്‍ഷങ്ങളായി ഈ ഛിന്നഗ്രഹത്തെ ചുറ്റിപ്പറ്റി പഠനം നടക്കുന്നുണ്ട്.

കൂടുതല്‍ വിവരശേഖരണം ലക്ഷ്യമിട്ട്‌, 2023 ഒക്ടോബറിൽ നാസ ഒരു ബഹിരാകാശ പേടകം അയച്ചിരുന്നു. ഛിന്നഗ്രഹം ഏകദേശം 3.5 ബില്യൺ കിലോമീറ്റർ അകലെയായതിനാൽ, പേടകം അതിലെത്താൻ 2029 ഓഗസ്റ്റ് വരെ എടുക്കും. വിവരങ്ങൾ ശേഖരിക്കുന്നതിനായി പേടകം 26 മാസത്തോളം 16 സൈക്കിനെ പരിക്രമണം ചെയ്യുമെന്ന് നാസ വ്യക്തമാക്കി.