Kim Jong Un: ഉത്തര കൊറിയയുടെ പിന്തുണ റഷ്യക്ക് തന്നെ; പരസ്യ പ്രഖ്യാപനം നടത്തി കിം ജോങ് ഉന്‍
Russia-Ukraine War: സൈനിക പങ്കാളിത്തം വര്‍ധിപ്പിച്ചുകൊണ്ട് ഇരുരാജ്യങ്ങളുടെയും പരമാധികാരവും സുരക്ഷാ താത്പര്യങ്ങളും സംരക്ഷിക്കുമെന്ന് കിം ജോങ് ഉന്നും ആന്‍ഡ്രിയും വ്യക്തമാക്കിയതായും കൂടിക്കാഴ്ച വിജയകരമായിരുന്നുവെന്നും അനുയോജ്യമായ തീരുമാനങ്ങളാണ് ഇരുകൂട്ടരും കൈക്കൊണ്ടതെന്നും സ്‌റ്റേറ്റ് മീഡിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
സോള്‍: തങ്ങളുടെ പിന്തുണ റഷ്യക്ക് തന്നെ എന്ന് പരസ്യമായി പ്രഖ്യാപിച്ച് ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍. യുക്രൈനെതിരെ റഷ്യ നടത്തികൊണ്ടിരിക്കുന്ന യുദ്ധത്തിന് പൂര്‍ണ പിന്തുണയറിയിക്കുന്നതായി കിം ജോങ് ഉന്‍ പറഞ്ഞു. റഷ്യയുടെ പരമാധികാരം സംരക്ഷിക്കാനുള്ള പോരാട്ടത്തിന് എല്ലാവിധ പിന്തുണയുണ്ടാകുമെന്നും റഷ്യന്‍ പ്രതിരോധമന്ത്രി ആന്‍ഡ്രി ബെലോസോവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം കിം പറഞ്ഞു.
റഷ്യയും ഉത്തര കൊറിയയും തമ്മിലുള്ള സൈനികവും തന്ത്രപരവുമായ ബന്ധം ദൃഢമാകുന്നത് ലോകരാജ്യങ്ങള്‍ക്കിടയില്‍ ആശങ്കകള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. റഷ്യയുടെ പരമാധികാരം സംരക്ഷിക്കുന്നതിനും രാജ്യങ്ങള്‍ തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനും ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയിലായതായാണ് കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്.
യുക്രൈനെതിരെ റഷ്യ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഉത്തര കൊറിയ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. ഇത് നാറ്റോയുടെ കിഴക്കന്‍ വിപുലീകരണത്തിനും റഷ്യയെ ദുര്‍ബലപ്പെടുത്താനുള്ള യുഎസിന്റെ ശ്രമങ്ങള്‍ക്കെതിരെയുമുള്ള നടപടിയാണെന്നാണ് ഉത്തര കൊറിയന്‍ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
പരമാധികാരം സംരക്ഷിക്കുന്നതിനായി റഷ്യന്‍ ഭരണകൂടം നടത്തുന്ന നീക്കത്തെ ഉത്തര കൊറിയ എക്കാലവും സംരക്ഷിക്കുമെന്ന് കിം ജോങ് ഉന്നിനെ ഉദ്ധരിച്ചുകൊണ്ടാണ് കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു.
സൈനിക പങ്കാളിത്തം വര്‍ധിപ്പിച്ചുകൊണ്ട് ഇരുരാജ്യങ്ങളുടെയും പരമാധികാരവും സുരക്ഷാ താത്പര്യങ്ങളും സംരക്ഷിക്കുമെന്ന് കിം ജോങ് ഉന്നും ആന്‍ഡ്രിയും വ്യക്തമാക്കിയതായും കൂടിക്കാഴ്ച വിജയകരമായിരുന്നുവെന്നും അനുയോജ്യമായ തീരുമാനങ്ങളാണ് ഇരുകൂട്ടരും കൈക്കൊണ്ടതെന്നും സ്‌റ്റേറ്റ് മീഡിയ റിപ്പോര്‍ട്ടില്‍ പറയുന്നു. റഷ്യയുടെ പരമാധികാരവും അഖണ്ഡതയും കാത്തുസംരക്ഷിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളിലും ഉത്തര കൊറിയയുടെ പിന്തുണ ഉണ്ടാകുമെന്ന് കിം പറഞ്ഞതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ഇതുവരെ 10,000 ത്തോളം സൈനികരെ ഉത്തര കൊറിയ റഷ്യയിലേക്ക് അയച്ചായാണ് വിവരം. റഷ്യയുടെ അതിര്‍ത്തി മേഖലകളില്‍ പലയിടത്തായി ഈ സൈനികരെ വിന്യസിച്ചിരിക്കുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, ആണാവയുധ പരീക്ഷണം നടത്താനുള്ള നീക്കത്തിലാണ് റഷ്യ. ആണവായുധ പരീക്ഷണം വീണ്ടും നടത്തുമോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അതിനുള്ള സാധ്യതയെ തള്ളിക്കളയാതെയുള്ള മറുപടിയാണ് റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി സെര്‍ജി യാബ്‌കോവ് പറഞ്ഞത്. ആണവായുധ പരീക്ഷണം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം പരിഗണനയിലുണ്ടെന്ന് സെര്‍ജി യാബ്‌കോവ് പ്രതികരിച്ചു.
Also Read: Russia-Ukraine War: മിസൈലുകള്‍ വര്‍ഷിച്ച് റഷ്യ; യുക്രൈനിലെ വൈദ്യുതി വിതരണം നിലച്ചു
അതിനിടെ, യുക്രൈനില്‍ റഷ്യ മിസൈലാക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ യുക്രൈനിലെ വൈദ്യുതി വിതരണശൃംഖലയ്ക്ക് തകരാറ് സംഭവിച്ചതായും പത്ത് ലക്ഷത്തോളം പേരുടെ വീടുകളില്‍ വൈദ്യുതി നിലച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. യുക്രൈനിലെ ഊര്‍ജവിതരണ സംവിധാനങ്ങളെ ലക്ഷ്യമിട്ടാണ് റഷ്യ ആക്രമണം നടത്തിയതെന്നാണ് വോളേഡിമിര്‍ സെലന്‍സ്‌കി പ്രതികരിച്ചത്.
റഷ്യ തങ്ങളുടെ ആണവനയം പുതുക്കിയത് യുക്രൈനെ ആശങ്കയിലാഴ്ത്തിയിരുന്നു. അമേരിക്ക നല്‍കിയ ദീര്‍ഘദൂര മിസൈലുകള്‍ യുക്രൈനിന്റെ കൈവശമുണ്ട്. എന്നിരുന്നാലും 5,500ത്തിലധികം ആണവായുധങ്ങളുള്ള റഷ്യയ്ക്ക് മുന്നില്‍ ഇവയ്ക്ക് വലിയ പ്രസക്തിയില്ല. എന്നാല്‍ യുക്രൈനെതിരെ ആണാവായുധം പ്രയോഗിച്ചാല്‍ അമേരിക്കയും യുദ്ധത്തിലേക്ക് കടക്കും. ഇത് മൂന്നാം ലോകമഹായുദ്ധത്തിന് വഴിതെളിക്കുമെന്ന ഭീതിയും നിലനില്‍ക്കുന്നുണ്ട്.
അതേസമയം, ബ്രിട്ടനെയും യുഎസിനെയും ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ച് ആക്രമിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ നേരത്തെ പറഞ്ഞിരുന്നു. യുക്രൈനെതിരായ യുദ്ധത്തില്‍ തങ്ങള്‍ ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചതായും പുടിന്‍ പറഞ്ഞിരുന്നു. ചരിത്രത്തിലാദ്യമാണ് ഒരു രാജ്യത്തിന് നേരെ റഷ്യ ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചത്.
റഷ്യയില്‍ യുഎസ് നിര്‍മിത ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിക്കാന്‍ ജോ ബൈഡന്‍ യുക്രൈന് അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ യുക്രൈന്‍ റഷ്യക്ക് നേരെ ആയുധങ്ങള്‍ പ്രയോഗിക്കുകയും ചെയ്തു. അതിന് മറുപടിയെന്നോണമായിരുന്നു പിന്നീട് റഷ്യ യുക്രൈന് മേല്‍ ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചത്.
ഈ ആക്രമണത്തിന് പിന്നാലെയാണ് യുഎസിനെയും യുകെയും മിസൈലുകള്‍ ഉപയോഗിച്ച് ആക്രമിക്കുമെന്ന് പുടിന്‍ പറഞ്ഞത്. യുക്രൈന് ആയുധങ്ങള്‍ നല്‍കിയ രാജ്യങ്ങള്‍ക്ക് നേരെ ആക്രമണം നടത്തും. അതിന് തങ്ങള്‍ക്ക് അവകാശമുണ്ടെന്നാണ് പുടിന്‍ പറഞ്ഞത്.