Kemi Badenoch: കണ്‍സര്‍വേറ്റീവ് പാര്‍ട്ടി തലപ്പത്ത് ഇനി കെമി ബാഡനോക്ക്; നേതൃനിരയിലെ ആദ്യ കറുത്ത വര്‍ഗക്കാരി
Conservative Party Leader: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ തലപ്പത്തേക്കെത്തുന്ന ആദ്യ കറുത്ത വര്‍ഗക്കാരിയാണ് കെമി. ബ്രിട്ടനിലുള്ള രാഷ്ട്രീയ പാര്‍ട്ടികളില്‍ ഒന്നിന്റെ നേതൃനിരയിലേക്ക് എത്തുന്ന ആദ്യ കറുത്ത വര്‍ഗക്കാരി കൂടിയാണ് ഇവര്‍.
ലണ്ടന്‍: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പുതിയ നേതാവായി കെമി ബാഡനോക്കിനെ തിരഞ്ഞെടുത്തു. ഋഷി സുനക് മന്ത്രിസഭയിലെ അംഗമായിരുന്നു കെമി. നൈജീരിയന്‍ വംശജയാണ് കെമി ബാഡനോക്ക്. സുനകിന്റെ പിന്‍ഗാമിയെ കണ്ടെത്തുന്നതിനായി നടത്തിയ വോട്ടെടുപ്പിന്റെ അവസാന റൗണ്ടില്‍ കെമിയും മുന്‍മന്ത്രി റോബര്‍ട്ട് ജെന്റിക്കുമാണ് ഉണ്ടായിരുന്നത്. 53,806 വോട്ടുകളാണ് കെമി സ്വന്തമാക്കിയത്. റോബര്‍ട്ട് ജെന്റിക്കിന് 41,388 വോട്ടുകളും ലഭിച്ചു.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ തലപ്പത്തേക്കെത്തുന്ന ആദ്യ കറുത്ത വര്‍ഗക്കാരിയാണ് കെമി. ബ്രിട്ടനിലുള്ള രാഷ്ട്രീയ പാര്‍ട്ടികളില്‍ ഒന്നിന്റെ നേതൃനിരയിലേക്ക് എത്തുന്ന ആദ്യ കറുത്ത വര്‍ഗക്കാരി കൂടിയാണ് ഇവര്‍.
‘നമുക്ക് മുന്നിലുള്ള ദൗത്യം കഠിനമാണ്, എന്നാല്‍ അത് ലളിതവുമാണ്. ലേബര്‍ പാര്‍ട്ടി സര്‍ക്കാരിനെ പ്രതിജ്ഞാബദ്ധമാക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. പാര്‍ട്ടി എപ്പോഴും സത്യസന്ധമായിരിക്കണം. തെറ്റുകള്‍ വരുത്താതെ സത്യസന്ധത പുലര്‍ത്തണം. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ നയിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടത് എനിക്ക് ലഭിക്കുന്ന ബഹുമതിയാണ്. ഞാന്‍ സ്നേഹിക്കുന്ന, എനിക്ക് ഒരുപാട് അവസരങ്ങള്‍ നല്‍കിയ പാര്‍ട്ടിയാണിത്.
ഈ മത്സരത്തില്‍ എന്റെ എതിരാളിയായിരുന്ന റോബര്‍ട്ട് ജെന്റിക്കിന് വരും വര്‍ഷങ്ങളില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ പ്രധാന പങ്ക് വഹിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നില്‍ വിശ്വാസമര്‍പ്പിച്ച എല്ലാ പാര്‍ട്ടി അംഗങ്ങള്‍ക്കും നന്ദി, മാറ്റത്തിനുള്ള സമയമാണ് വന്നിരിക്കുന്നത്,’ നേതാവായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം കെമി പറഞ്ഞു.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെയാണ് ഋഷി സുനക് പാര്‍ട്ടി നേതൃസ്ഥാനം രാജിവെച്ചത്. പതിനാല് വര്‍ഷം നീണ്ട ഭരണത്തിന് ശേഷമാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി തോല്‍വി നേരിട്ടത്. 2029ലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വീണ്ടും സാധ്യതയുണ്ടെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.
ഇന്ത്യ-ബ്രിട്ടന്‍ സ്വതന്ത്രവ്യാപാരക്കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ വ്യാപാരമന്ത്രിയായിരിക്കെ കെമി പങ്കെടുത്തിരുന്നു. വീസ എണ്ണം കൂട്ടണമെന്ന ഇന്ത്യയുടെ ആവശ്യമാണ് കരാര്‍ സ്തംഭിക്കുന്നതിന് കാരണമായതെന്ന് അവര്‍ പറഞ്ഞിരുന്നു.