US Presidential Election: പ്രസിഡൻ്റ് സ്ഥാനാർഥിത്വത്തിൽ നിന്ന് ജോ ബൈഡൻ പിന്മാറി; കമല ഹാരിസിന് സാധ്യത
US Presidential Election Joe Biden: റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപുമായി ജൂണിൽ നടന്ന സംവാദത്തിലെ ദുർബലമായ പ്രകടനത്തെ തുടർന്ന് സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറാൻ ജോ ബൈഡനുമേൽ പാർട്ടിയിൽ നിന്ന് വലിയ സമ്മർദ്ദമുണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്. ഒന്നിച്ചുനിന്നുകൊണ്ട് ട്രംപിനെ പരാജയപ്പെടുത്തണമെന്നും ഡെമോക്രാറ്റിക് പാർട്ടിയെ പിന്തുണയ്ക്കുന്നവരോട് അദ്ദേഹം ആഹ്വാനം ചെയ്തു.
വാഷിങ്ടൺ: യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ നിന്ന് (US Presidential Election) ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയും നിലവിലെ യുഎസ് പ്രസിഡന്റുമായ ജോ ബൈഡൻ (Joe Biden) പിന്മാറി. വാർത്താക്കുറിപ്പിലൂടെയാണ് അദ്ദേഹം പിന്മാറിയ കാര്യം അറിയിച്ചത്. പാർട്ടിയുടേയും രാജ്യത്തിന്റേയും താത്പര്യം മുൻനിർത്തിയാണ് ഇങ്ങനൊരു തീരുമാനമെന്നും ബൈഡൻ വ്യക്തമാക്കി. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപുമായി ജൂണിൽ നടന്ന സംവാദത്തിലെ ദുർബലമായ പ്രകടനത്തെ തുടർന്ന് സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറാൻ ജോ ബൈഡനുമേൽ പാർട്ടിയിൽ നിന്ന് വലിയ സമ്മർദ്ദമുണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്.
സ്ഥാനാർഥിത്വത്തിൽ നിന്ന് പിന്മാറുകയാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയായി വൈസ് പ്രസിഡന്റും ഇന്ത്യൻ വംശജയുമായ കമല ഹാരിസിനെ ജോ ബൈഡൻ നിർദേശിക്കുകയും ചെയ്തു. കമലയ്ക്ക് പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതായി ജോ ബൈഡൻ എക്സിൽ കുറിച്ചു. കൂടാതെ ഒന്നിച്ചുനിന്നുകൊണ്ട് ട്രംപിനെ പരാജയപ്പെടുത്തണമെന്നും ഡെമോക്രാറ്റിക് പാർട്ടിയെ പിന്തുണയ്ക്കുന്നവരോട് അദ്ദേഹം ആഹ്വാനം ചെയ്തു. കമല ഹാരിസിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ബൈഡന്റെ ട്വീറ്റ്.
ALSO READ: ഡൊണാൾഡ് ട്രംപിന് നേരെയുള്ള അക്രമണം; 20 കാരനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്
കഴിഞ്ഞ മൂന്നരവർഷം കൊണ്ട് യുഎസ് വലിയ മുന്നേറ്റമുണ്ടാക്കിയെന്നും ഇന്ന് ലോകത്തെ ഏറ്റവും ശക്തമായ സമ്പദ് വ്യവസ്ഥ അമേരിക്കയുടേതാണെന്നും, പിന്മാറ്റം പ്രഖ്യാപിച്ചുകൊണ്ടുള്ള വാർത്താക്കുറിപ്പിൽ ജോ ബൈഡൻ വ്യക്തമാക്കി. സുപ്രീം കോടതിയിൽ ആദ്യമായി ഒരു അമേരിക്കൻ-ആഫ്രിക്കൻ വനിതയെ നിയമിച്ചതും കോവിഡ് കാലത്തെ മറികടന്നതും ഉൾപ്പടെയുള്ള നേട്ടങ്ങൾ അദ്ദേഹം എണ്ണിപ്പറയുകയും ചെയ്തു.
ഈ ആഴ്ച തന്നെ രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്നും സ്ഥാനാർഥിത്വത്തിൽനിന്നുള്ള പിന്മാറ്റത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ അപ്പോൾ പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ പ്രവർത്തനങ്ങളിലെ ഏറ്റവും മികച്ച പങ്കാളിയാണ് വൈസ് പ്രസിഡന്റ് കമല ഹാരിസ് എന്ന് പറഞ്ഞ ബൈഡൻ അവർക്ക് നന്ദിയും അറിയിച്ചു. ഒന്നിച്ചുനിന്നാൽ അമേരിക്കയ്ക്ക് ചെയ്യാൻ കഴിയാത്തതായി ഒന്നുമില്ലെന്നാണ് താൻ വിശ്വസിക്കുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് ബൈഡൻ തന്റെ വാർത്താക്കുറിപ്പ് അവസാനിപ്പിച്ചത്.
കഴിഞ്ഞ ദിവസം പെൻസിൽവേനിയയിലെ ബട്ലറിൽ 15000 പേർ പങ്കെടുത്ത തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെയാണ് ട്രംപിന് നേരെ ആക്രമണമുണ്ടായി. തോമസ് മാത്യു ക്രൂക്സ് എന്നയാളാണ് ട്രംപിന് നേരെ വെടുയുതിർത്തത്. ട്രംപിന് നേരെ വെടിയുതിർത്ത ക്രൂക്സിനെ, സീക്രട്ട് സർവീസ് സേന തത്കഷണം വെടിവെച്ചു കൊല്ലുകയും ചെയ്തിരുന്നു. അക്രമി ഉതിർത്ത വെടിയുണ്ട ട്രംപിന്റെ വലതു ചെവിയിലാണ് മുറിവേൽപ്പിച്ചത്. AR-15 സെമി ഓട്ടോമാറ്റിക് റൈഫിൾ ഉപയോഗിച്ചാണ് തോമസ് മാത്യു ക്രൂക്സ് ട്രംപിനെ വെടിവച്ചത്. തലനാരിഴയ്ക്കാണ് ട്രംപ് രക്ഷപ്പെട്ടത്.