US Arm Sale To Israel : ഇസ്രായേലിലേക്ക് 8 ബില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ അയക്കാന്‍ യുഎസ്; സ്ഥാനമൊഴിയുന്നതിന് മുമ്പ് ബൈഡന്റെ നിര്‍ണായ നീക്കം

US Plans Arms Shipment To Israel : ഇസ്രായേലിലേക്ക് 8 ബില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ അയക്കാന്‍ യുഎസ് പദ്ധതിയിടുന്നുവെന്ന് റിപ്പോര്‍ട്ട്. മിസൈലുകളും ഷെല്ലുകളും മറ്റ് യുദ്ധസാമഗ്രികളും അയക്കാനാണ് പദ്ധതി. ഹൗസ്, സെനറ്റ് കമ്മിറ്റികളുടെ അംഗീകാരം ഇതിന് ആവശ്യമാണ്. ജോ ബൈഡൻ യുഎസ് പ്രസിഡൻ്റ് സ്ഥാനമൊഴിയുന്നതിന് രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെയാണ് നിര്‍ണായക തീരുമാനം

US Arm Sale To Israel : ഇസ്രായേലിലേക്ക് 8 ബില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ അയക്കാന്‍ യുഎസ്; സ്ഥാനമൊഴിയുന്നതിന് മുമ്പ് ബൈഡന്റെ നിര്‍ണായ നീക്കം

ജോ ബൈഡന്‍

Published: 

05 Jan 2025 08:00 AM

സ്രായേലിലേക്ക് 8 ബില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ അയക്കാന്‍ യുഎസിന്റെ പദ്ധതി. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് കോണ്‍ഗ്രസിനെ ഇക്കാര്യം അറിയിച്ചതായി ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. മിസൈലുകളും ഷെല്ലുകളും മറ്റ് യുദ്ധസാമഗ്രികളും അയക്കാനാണ് പദ്ധതി. ഹൗസ്, സെനറ്റ് കമ്മിറ്റികളുടെ അംഗീകാരം ഇതിന് ആവശ്യമാണ്. ജോ ബൈഡൻ യുഎസ് പ്രസിഡൻ്റ് സ്ഥാനമൊഴിയുന്നതിന് രണ്ടാഴ്ച മാത്രമാണ് അവശേഷിക്കുന്നത്. ഇതിനിടെയാണ് സുപ്രധാന നീക്കം. ഫൈറ്റർ ജെറ്റുകൾക്കും ആക്രമണ ഹെലികോപ്റ്ററുകൾക്കുമുള്ള യുദ്ധോപകരണങ്ങൾ ഉള്‍പ്പെടെയാണ് വില്‍ക്കുന്നതെന്നും, ബൈഡൻ ഭരണകൂടം യു.എസ് കോൺഗ്രസിനെ അനൗപചാരികമായി അറിയിച്ചതായും ആക്സിയോസ് റിപ്പോർട്ട് ചെയ്തു.

ചില ആയുധങ്ങള്‍ നിലവിലെ യുഎസ് സ്റ്റോക്കുകളിലൂടെ അയക്കാമെന്നും, എന്നാല്‍ ഭൂരിഭാഗവും വിതരണം ചെയ്യാന്‍ ഒരു വര്‍ഷമോ ചിലപ്പോള്‍ കുറച്ച് വര്‍ഷങ്ങളോ വേണ്ടിവന്നേക്കാമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ആയുധ വില്‍പനയുമായി ബന്ധപ്പെട്ട വിജ്ഞാപനം കോണ്‍ഗ്രസിന് ഔദ്യോഗികമായി അയച്ചിട്ടില്ല.

വായുവിലൂടെയുള്ള ഭീഷണികളെ പ്രതിരോധിക്കാൻ എയർ ടു എയർ മിസൈലുകൾ, ഹെൽഫയർ എജിഎം 114 മിസൈലുകൾ, ദീർഘദൂര ലക്ഷ്യത്തിനായുള്ള 155 എംഎം പ്രൊജക്റ്റൈൽ പീരങ്കി ഷെല്ലുകൾ, 500 പൗണ്ട് ബോംബുകൾ എന്നിവ പുതിയ ഷിപ്പ്‌മെന്റില്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഓഗസ്റ്റിൽ യുദ്ധവിമാനങ്ങളും മറ്റ് സൈനിക സാമഗ്രികളും ഇസ്രായേലിന് വിൽക്കാൻ യുഎസ് അംഗീകാരം നൽകിയിരുന്നു. 20 ബില്യണ്‍ ഡോളറിന്റേതായിരുന്നു വില്‍പന.

Read Also : ബ്രിക്‌സിനുള്ള മുന്നറിയിപ്പ് മുതല്‍ കുടിയൊഴിപ്പിക്കല്‍ വരെ; തിരിച്ചുവരവില്‍ രണ്ടും കല്‍പിച്ച് ഡൊണാള്‍ഡ് ട്രംപ്‌

ഗാസയില്‍ കൊല്ലപ്പെടുന്ന സിവിലിയന്മാരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇസ്രായേലിനുള്ള സൈനിക പിന്തുണ നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം യുഎസ് നിരസിച്ചിരുന്നു.  അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് അനുസൃതമായി തങ്ങളെ പൗരന്മാരെ സംരക്ഷിക്കാനും ഇറാനില്‍ നിന്നും അനുബന്ധ സംഘടനങ്ങളില്‍ നിന്നുമുള്ള ആക്രമണം തടയാനും ഇസ്രായേലിന് അവകാശമുണ്ടെന്ന് പ്രസിഡന്റ് വ്യക്തമാക്കിയതായി ആയുധ വില്‍പനയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ബിബിസിയോട് പ്രതികരിച്ചു. ഇസ്രയേലിന് തുടര്‍ന്നും പ്രതിരോധസഹായം നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇസ്രയേലിന് ഏറ്റവും കൂടുതല്‍ ആയുധം നല്‍കുന്നത് യുഎസ് ആണെന്നാണ് റിപ്പോര്‍ട്ട്. 2019 നും 2023 നും ഇടയിൽ ഇസ്രായേലിലെ പ്രധാന ആയുധങ്ങളുടെ ഇറക്കുമതിയുടെ 69 ശതമാനവും യുഎസില്‍ നിന്നായിരുന്നുവെന്ന്‌ സ്റ്റോക്ക്‌ഹോം ഇൻ്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കുന്നു.

തെക്കൻ ഗാസ നഗരമായ റഫയിൽ ഇസ്രായേൽ വന്‍ ആക്രമണം നടത്തിയേക്കുമെന്ന ആശങ്കയില്‍ കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ 2000lb, 500lb ബോംബുകള്‍ നല്‍കുന്നത് യുഎസ് നിര്‍ത്തിവച്ചിരുന്നു. ഇതില്‍ ബൈഡന്‍ ഭരണകൂടം റിപ്പബ്ലിക്കന്‍മാരില്‍ നിന്ന് എതിര്‍പ്പ് നേരിട്ടു. ഇതിനെ ആയുധ ഉപരോധവുമായാണ് നെതന്യാഹു താരതമ്യം ചെയ്തത്. തുടര്‍ന്ന് സസ്‌പെന്‍ഷന്‍ ബൈഡന്‍ ഭാഗികമായി പിന്‍വലിച്ചു.

ജനുവരി 20ന് വൈറ്റ് ഹൗസ് വിടുന്നതിന് മുമ്പ് ഇസ്രായേലിന് ബൈഡന്‍ ഭരണകൂടം നല്‍കാന്‍ ഉദ്ദേശിക്കുന്ന അവസാന ആയുധ വില്‍പന കൂടിയാണിത്. നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉറച്ച ഇസ്രായേല്‍ പിന്തുണക്കാരനാണ്.

കുടവയർ കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് പാനീയങ്ങൾ
വെറും വയറ്റിൽ കട്ടൻ കാപ്പി കുടിക്കാമോ?
മൈക്കല്‍ വോണിന്റെ ടീമില്‍ അഞ്ച് ഇന്ത്യക്കാര്‍-
മലബന്ധമാണോ പ്രശ്നം? ഇനി വിഷമിക്കണ്ട ഇങ്ങനെ ചെയ്യൂ