Viral News: 10 വർഷം കാത്തിരുന്ന് വാങ്ങിയ ഫെരാരി 10 മിനിട്ടിൽ കത്തി നശിച്ചു, 2.5 കോടി നഷ്ടം
20 മിനിറ്റിനുള്ളിൽ തീ അണച്ചു. പക്ഷേ, അപ്പോഴേക്കും, മുൻവശത്തെ ബമ്പറിന്റെ ഒരു ചെറിയ ഭാഗം ഒഴികെ, കാറിന്റെ ഏതാണ്ട് മുഴുവൻ ഭാഗവും കത്തിനശിച്ചിരുന്നു. തീപിടിത്തത്തിന്റെ കാരണം ഇപ്പോഴും അജ്ഞാതമാണ്

നിർഭാഗ്യം വേട്ടയാടുന്ന അവസ്ഥയെ പറ്റി ചിന്തിച്ചിട്ടുണ്ടോ? വല്ലാത്ത അവസ്ഥയാണത്. 10 വർഷം കാത്തിരുന്ന് കൂട്ടി വെച്ച സമ്പാദ്യം കൊണ്ട് വാങ്ങിയ തൻ്റെ ഫെരാരി കാർ വാങ്ങി ഒരു മണിക്കൂറിനുള്ളിൽ തന്നെ അത് കത്തിനശിച്ചയാളുടെ കഥയാണ് ജപ്പാനിൽ നിന്നും എത്തുന്നത്. ടോക്കിയോയിലാണ് സംഭവം. ജാപ്പനീസ് സംഗീത നിർമ്മാതാവായ ഹോങ്കോണിനെയാണ് നിർഭാഗ്യം വേട്ടയാടിയത്. 10 വർഷം കാത്തിരുന്ന് 2.5 കോടി രൂപ കൊടുത്താണ് ഹോങ്കോൺ തൻ്റെ ഫെരാരി സ്വന്തമാക്കിയത്.
വാഹനം ഡെലിവറി ചെയ്ത് 20 മിനിട്ട് നേരം മാത്രമാണ് റോഡിലോടിച്ചത്. ജപ്പാനിലെ ഷൂട്ടോ എക്സ്പ്രസ് വേയിൽ വെച്ച് കാറിന് തീ പിടിക്കുകയായിരുന്നു. വാഹനമോടിക്കുന്നതിനിടെ ഹോങ്കൺ തീ കാണുന്നത് കണ്ടു, കാർ നിർത്തി പെട്ടെന്ന് പുറത്തിറങ്ങിയതിനാൽ മറ്റ് അപകടമൊന്നുമുണ്ടായില്ല.
20 മിനിറ്റിനുള്ളിൽ തീ അണച്ചു. പക്ഷേ, അപ്പോഴേക്കും, മുൻവശത്തെ ബമ്പറിന്റെ ഒരു ചെറിയ ഭാഗം ഒഴികെ, കാറിന്റെ ഏതാണ്ട് മുഴുവൻ ഭാഗവും കത്തിനശിച്ചിരുന്നു. തീപിടിത്തത്തിന്റെ കാരണം ഇപ്പോഴും അജ്ഞാതമാണ്. ഒരു ഫെരാരി സ്വന്തമാക്കണമെന്ന് താൻ എപ്പോഴും സ്വപ്നം കണ്ടിരുന്നുവെന്നും ആ സ്വപ്നം യാഥാർത്ഥ്യമായതിന്റെ നിമിഷങ്ങൾക്കുള്ളിൽ ഒരു പേടിസ്വപ്നമായി മാറിയെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. ജപ്പാനിൽ ഇത്തരത്തിൽ ഒരു പ്രശ്‌നം അനുഭവിക്കുന്ന ഒരേയൊരു വ്യക്തി ഞാനാണെന്ന് എനിക്ക് ഉറപ്പുണ്ടെന്ന് ഹോങ്കൺ എക്‌സിൽ കുറിച്ചു. സംഭവത്തിൽ മെട്രോപൊളിറ്റൻ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്