5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Benjamin Netanyahu: നെതന്യാഹു ഞങ്ങളെ വഞ്ചിച്ചു; പ്രതിഷേധിച്ച് ഇസ്രായേലി ബന്ദികളുടെ കുടുംബം

Hamas-Israel War: ഗസയിലെ യുദ്ധം അവസാനിപ്പിക്കുകയും സൈന്യത്തെ പൂര്‍ണമായും പ്രദേശത്ത് നിന്ന് പിന്‍വലിക്കുകയും ചെയ്താല്‍ ബന്ദികളെ വിട്ടയക്കാമെന്ന് ഹമാസ് നേരത്തെ അറിയിച്ചിരുന്നതാണ്. എന്നാല്‍ വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രായേല്‍ വിസമ്മതിച്ചതാണ് ബന്ദികള്‍ കൊല്ലപ്പെടുന്നതിന് കാരണമാകുന്നതെന്ന് ഇസ്രയേലി ഉദ്യോഗസ്ഥര്‍ നേരത്തെ ആരോപിച്ചിരുന്നു.

Benjamin Netanyahu: നെതന്യാഹു ഞങ്ങളെ വഞ്ചിച്ചു; പ്രതിഷേധിച്ച് ഇസ്രായേലി ബന്ദികളുടെ കുടുംബം
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു (Image Credits: PTI)
Follow Us
shiji-mk
SHIJI M K | Published: 07 Oct 2024 23:42 PM

ജെറുസലേം: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ (Benjamin Netanyahu) പ്രതിഷേധിച്ച് ഇസ്രായേലി ബന്ദികളുടെ കുടുംബാംഗങ്ങള്‍. നെതന്യാഹു തങ്ങളെ വഞ്ചിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബന്ദികളുടെ കുടുംബാംഗങ്ങള്‍ ഒത്തുചേര്‍ന്നത്. ഗസയില്‍ യുദ്ധം ആരംഭിച്ച് ഒരു വര്‍ഷം പിന്നിട്ട സഹാചര്യത്തിലാണ് ബന്ദികളുടെ കുടുംബാംഗങ്ങള്‍ നെതന്യാഹുവിനെതിരെ രംഗത്തെത്തിയത്. ബന്ദികളാക്കപ്പെട്ടവരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ ബാനറുകള്‍ പൊക്കിപ്പിടിച്ചായിരുന്നു പ്രതിഷേധം.

ജെറുസലേമില്‍ ഒത്തുകൂടിയ ബന്ദികളുടെ കുടുംബാംഗങ്ങള്‍ നെതന്യാഹുവിനെതിരെ പ്രതിഷേധ പ്രകടനം നടത്തി. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം നിലവില്‍ ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസിന്റെ തടങ്കലില്‍ ഏകദേശം 100 ഇസ്രായേലി ബന്ദികളുണ്ടെന്നാണ് വിവരം. ഇവരില്‍ പലര്‍ക്കും ജീവന്‍ നഷ്ടമായതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ബന്ദി കൈമാറ്റവുമായി ബന്ധപ്പെട്ട കരാറുകള്‍ ഇസ്രായേല്‍ അംഗീകരിക്കാത്തതാണ് ബന്ദികള്‍ കൊല്ലപ്പെടുന്നതിന് കാരണമെന്ന് കുടുംബങ്ങള്‍ വിമര്‍ശിച്ചു.

Also Read: Ayatollah Ali Khamenei: ‘ഒരേയൊരു ശത്രു, അതിനെ തകര്‍ത്തേ മതിയാകൂ; മിസൈല്‍ ആക്രമണം ഏറ്റവും കുറഞ്ഞ ശിക്ഷ’; മുസ്ലിം രാജ്യങ്ങള്‍ക്ക് സന്ദേശം നല്‍കി ഖാംനഈ

ഗസയിലെ യുദ്ധം അവസാനിപ്പിക്കുകയും സൈന്യത്തെ പൂര്‍ണമായും പ്രദേശത്ത് നിന്ന് പിന്‍വലിക്കുകയും ചെയ്താല്‍ ബന്ദികളെ വിട്ടയക്കാമെന്ന് ഹമാസ് നേരത്തെ അറിയിച്ചിരുന്നതാണ്. എന്നാല്‍ വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രായേല്‍ വിസമ്മതിച്ചതാണ് ബന്ദികള്‍ കൊല്ലപ്പെടുന്നതിന് കാരണമാകുന്നതെന്ന് ഇസ്രയേലി ഉദ്യോഗസ്ഥര്‍ നേരത്തെ ആരോപിച്ചിരുന്നു. ഹമാസ് മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ കരാര്‍ ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ ഇസ്രായേല്‍ തള്ളുകയായിരുന്നു.

എന്നാല്‍ നേരത്തെ, ഇസ്രായേലി ബന്ദികള്‍ കൊല്ലപ്പെട്ടതിന് പിന്നാലെ നെതന്യാഹുവിനെതിരെ രാജ്യവ്യാപക പ്രതിഷേധം നടന്നിരുന്നു. ആറ് ഇസ്രായേലി ബന്ദികള്‍ റഫയില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ ട്രേഡ് യൂണിയനായ ഹിസ്ട്രസിന്റെ നേതൃത്വത്തില്‍ പണിമുടക്ക് നടത്തി. പതിനായിരക്കണക്കിന് ഇസ്രായേല്‍ പൗരന്മാരാണ് അന്ന് നെതന്യാഹുവിനെതിരെ തെരുവിലിറങ്ങിയത്. പ്രതിഷേധക്കാരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നിരവധിയാളുകള്‍ക്ക് പരിക്കേറ്റിരുന്നു.

ഗസയുടെ അതിര്‍ത്തി നഗരമായ റഫയിലെ തുരങ്കത്തില്‍ നിന്നാണ് അന്ന് ബന്ദികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നത്. അമേരിക്കന്‍ വംശജനായ ഇസ്രായേല്‍ പൗരന്‍ ഹെര്‍ഷ് ഗോള്‍ഡ്ബര്‍ഗ് പോളിന്‍, കാര്‍മല്‍ ഗാറ്റ്, ഏദന്‍, യെരുശാല്‍മി, അലക്‌സാണ്ടര്‍ ലോബനോവ്, അല്‍മോഗ് സര്‍സുയി, ഓറി ഡോനിനോ എന്നിവരാണ് കൊല്ലപ്പെട്ടത്. എന്നാല്‍ പ്രതിഷേധം കനത്തത്തോടെ ഹമാസ് വെടിനിര്‍ത്തല്‍ ആഗ്രഹിക്കുന്നില്ലെന്നും അതുകൊണ്ടാണ് അവര്‍ ബന്ദികളെ കൊലപ്പെടുത്തിയതെന്നും നെതന്യാഹു രാജ്യത്തെ ജനങ്ങളോടായി പറഞ്ഞു.

Also Read: Iran-Israel Conflict: ബന്ധുക്കള്‍ ശത്രുക്കള്‍; ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷത്തിന്റെ കഥ

അതേസമയം, ഇസ്രയേല്‍ ഹമാസ് സംഘര്‍ഷം ഒരാണ്ട് പിന്നിട്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിനായിരുന്നു ഇസ്രയേലിനെ ഒന്നടങ്കം ഉലച്ചുകൊണ്ട് ഹമാസ് ആക്രമണം നടത്തിയത്. അന്നേ ദിവസം 1200 ഇസ്രായേലികളാണ് കൊല്ലപ്പെട്ടത്. 250ലേറെ പേരെ ഹമാസ് ബന്ദികളാക്കി. എന്നാല്‍ ഈ ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഇസ്രായേല്‍ തിരിച്ചടിച്ചു. ഹമാസിന്റെ പ്രധാന കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു ഇസ്രായേല്‍ നടപടി.

ഒരു വര്‍ഷം നീണ്ട യുദ്ധത്തില്‍ ഇതുവരെ ഗസയില്‍ കൊല്ലപ്പെട്ടത് 42,000 പേരാണ്. ഇതില്‍ പകുതിയോളം വരുന്നത് സ്ത്രീകളും കുട്ടികളും. ഒരു ലക്ഷം പേര്‍ക്കാണ് പരിക്കേറ്റത്. ഗസയിലെ കുരുന്നുകളുടെ മരണം ലോകത്തെ ഒന്നടങ്കമാണ് പിടിച്ചുകുലുക്കിയത്. ഇന്നും അശാന്തമാണ് ആ നഗരം.

Latest News