Israel-Palestine Conflict: ഗാസയിലും ബെയ്‌റൂട്ടിലും വീണ്ടും വ്യോമാക്രമണം; 22 പേർ കൊല്ലപ്പെട്ടു
Israeli strike on Gaza School Claims Lives of 22: ഗാസയിലെ സ്കൂളിന് നേരെയുണ്ടായ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളുമുൾപ്പടെ 22 പേർ കൊല്ലപ്പെട്ടു.
ഗാസ: ഗാസയിലും ബെയ്‌റൂട്ടിലും വീണ്ടും ഇസ്രായേൽ വ്യോമാക്രമണം. പലായനം ചെയ്യപ്പെട്ട പാലസ്തീനികൾ താമസിക്കുകയായിരുന്ന തെക്കൻ ഗാസയിലെ ഒരു സ്കൂളിന് നേരെയാണ് റോക്കറ്റ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ സ്ത്രീകളും കുട്ടികളുമുൾപ്പടെ 22 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. എന്നാൽ, ഹമാസ് കമാൻഡ് സെന്റർ ലക്ഷ്യമിട്ടായിരുന്നു ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു.
കൊല്ലപ്പെട്ടവരിൽ 13 കുട്ടികളും ആറ് സ്ത്രീകളും ഉൾപ്പെടുന്നതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. മൈതാനത്ത് കുട്ടികൾ കളിച്ചുകൊണ്ടിരുന്ന സമയത്താണ് റോക്കറ്റ് ആക്രമണം ഉണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതെ സമയം, സാധാരണക്കാരെ മറയാക്കിയാണ് ഹമാസിന്റെ പ്രവർത്തനമെന്നും, മുമ്പ് സ്കൂളായിരുന്ന കെട്ടിടം ഇപ്പോൾ ഹമാസിന്റെ നിയന്ത്രണത്തിലാണെന്നും ഇസ്രായേൽ ആരോപിച്ചു. എന്നാൽ, ഇസ്രയേലിന്റെ ആരോപണങ്ങളെല്ലാം ഹമാസ് നിഷേധിച്ചു.
ALSO READ: ഹിസ്ബുല്ലയുടെ ശക്തികേന്ദ്രത്തിൽ ഇസ്രായേൽ ആക്രമണം; ഉന്നത നേതാവ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്
ഹിസ്ബുള്ളയ്‌ക്കെതിരെയും ഇസ്രായേൽ ആക്രമണം തുടരുകയാണ്. ഇസ്രായേൽ കഴിഞ്ഞ ദിവസം ബെയ്‌റൂട്ടിൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 31 ആയി. കൊല്ലപ്പെട്ടവരിൽ 16 പേർ ഹിസ്ബുള്ള അംഗങ്ങളാണെന്ന് സ്ഥിതീകരിച്ചിട്ടുണ്ട്. അതിനിടെ, ലെബനനിലും കഴിഞ്ഞ ദിവസം പേജറുകളും വാക്കി-ടോക്കികളും പൊട്ടിത്തെറിച്ച് 40ഓളം പേർ കൊല്ലപ്പെട്ടിരുന്നു. ഒരേ സമയം പൊട്ടിത്തെറിച്ചത് ആയിരക്കണക്കിന് പേജറുകളാണ്. വിവിധയിടങ്ങളിലുണ്ടായ സ്‌ഫോടനങ്ങളിൽ മൂവായിരത്തിലധികം പേർക്കാണ് പരിക്കേറ്റത്. കൊല്ലപ്പെട്ടവരിലും പരിക്കേറ്റവരിലും ഹിസ്ബുള്ള നേതാക്കളും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.
അടിക്ക് തിരിച്ചടിയെന്ന രീതിയിൽ തുടർച്ചയായി രണ്ടു ഭാഗത്തും ആക്രമങ്ങളുണ്ടായി. ഹിസ്ബുള്ള ഇസ്രായേലിനെതിരെ റോക്കറ്റാക്രമണം നടത്തിയപ്പോൾ, ഇസ്രായേൽ വ്യോമാക്രമണത്തിലൂടെ തിരിച്ചടിച്ചിരുന്നു. ഹിസ്ബുല്ലയുടെ പ്രധാന നേതാക്കളായ ഇബ്രാഹിം അക്വീൽ, അഹമ്മദ് വഹ്ബി എന്നിവർ വെള്ളിയാഴ്ച നടന്ന വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു.