Israel-Palestine Conflict: ഗാസയില്‍ സൈനിക പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കും, കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കും: ഇസ്രായേല്‍ പ്രതിരോധമന്ത്രി
Israel Expands Military Operation in Gaza: പിടിച്ചെടുക്കുന്ന പ്രദേശങ്ങള്‍ ഇസ്രായേല്‍ സുരക്ഷ മേഖലകളില്‍ ഉള്‍പ്പെടുത്തും. ഇതിനായി പലസ്തീനികളെ വലിയ തോതില്‍ പ്രദേശത്ത് നിന്ന് ഒഴിപ്പിക്കേണ്ടി വരും. ഹമാസിനെ ഇല്ലാതാക്കാനും ഇസ്രായേലി ബന്ദികളെ മോചിപ്പിക്കാനും ഗാസക്കാരോട് ആവശ്യപ്പെട്ടതായും കാറ്റ്‌സ് കൂട്ടിച്ചേര്‍ത്തു.

ഗാസി സിറ്റി: ഗാസയുടെ കൂടുതല്‍ മേഖലകളിലേക്ക് സൈനിക പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്ന് ഇസ്രായേല്‍ പ്രതിരോധമന്ത്രി ഇസ്രായേല്‍ കാറ്റ്‌സ്. ഗാസയുടെ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദികളെയും തീവ്രവാദ സംഘങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളെയും നശിപ്പിക്കുകയും നീക്കം ചെയ്യുകയുമാണ് പുതിയ പദ്ധതിയുടെ ലക്ഷ്യമെന്ന് കാറ്റ്‌സ് വ്യക്തമാക്കി.
പിടിച്ചെടുക്കുന്ന പ്രദേശങ്ങള്‍ ഇസ്രായേല്‍ സുരക്ഷ മേഖലകളില്‍ ഉള്‍പ്പെടുത്തും. ഇതിനായി പലസ്തീനികളെ വലിയ തോതില്‍ പ്രദേശത്ത് നിന്ന് ഒഴിപ്പിക്കേണ്ടി വരും. ഹമാസിനെ ഇല്ലാതാക്കാനും ഇസ്രായേലി ബന്ദികളെ മോചിപ്പിക്കാനും ഗാസക്കാരോട് ആവശ്യപ്പെട്ടതായും കാറ്റ്‌സ് കൂട്ടിച്ചേര്‍ത്തു. യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള ഏകമാര്‍ഗമാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
”ഗാസയിലെ ജനങ്ങളോട് ഞാന്‍ ആഹ്വാനം ചെയ്യുന്നത് ഹമാസിനെ നീക്കം ചെയ്യാനും എല്ലാ ബന്ദികളെ തിരികെ കൊണ്ടുവരാനും ഇപ്പോള്‍ തന്നെ പ്രവര്‍ത്തിക്കണമെന്നാണ്. യുദ്ധം അവസാനിപ്പിക്കാനുള്ള ഒരേയൊരു മാര്‍ഗമാണിത്,” കാറ്റ്‌സ് എക്‌സില്‍ കുറിച്ചു.




ഗാസയുടെ വിവിധ ഭാഗങ്ങളില്‍ സൈന്യം ഉടന്‍ തന്നെ ശക്തമായി പ്രവര്‍ത്തിച്ച് തുടങ്ങുമെന്ന് ഇസ്രായേല്‍ കാറ്റ്‌സ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം.
എന്നാല്‍ ഗാസയുടെ ഏതെല്ലാം മേഖലകളാണ് പിടിച്ചെടുക്കുന്നതെന്ന കാര്യം ഇസ്രായേല്‍ കാറ്റ്‌സ് വ്യക്തമാക്കിയിട്ടില്ലെന്ന് റോയ്‌ട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗാസയ്ക്കുള്ളില്‍ ഇതിനോടകം തന്നെ ഇസ്രായേല്‍ ഒരു പ്രധാന ബഫര്‍ സോണ്‍ സ്ഥാപിച്ച് കഴിഞ്ഞു. ഗാസയുടെ നടുക്ക് നെറ്റ്‌സാരിം ഇടനാഴിയെ സുരക്ഷ മേഖലയായി രൂപപ്പെടുത്തുകയും ചെയ്തു.