ഇസ്രായേലി ബന്ദികളെ മോചിപ്പിക്കണം; ഹമാസിനോട് അഭ്യര്‍ത്ഥിച്ച് രാജ്യങ്ങള്‍
പലസ്തീനിലേക്ക് സഹായമെത്തിക്കുന്ന ഗ്രൂപ്പുകള്‍ക്ക് നേരെയുള്ള ആക്രമണം രൂക്ഷമാക്കിയിരിക്കുകയാണ് ഇസ്രായേല്‍. ഇസ്രായേലിന് പിന്തുണ നല്‍കുന്ന രാജ്യങ്ങളാണ് ആക്രമണത്തിന് ഇരയാകുന്നത്.
ഗസ: ഹമാസിന് മുന്നില്‍ അപേക്ഷയുമായി 18 രാജ്യങ്ങള്‍. ഹമാസ് തടവിലാക്കിയ ഇസ്രായേല്‍ ബന്ദികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് രാജ്യങ്ങള്‍ രംഗത്തെത്തിയിരിക്കുന്നത്. ബന്ദികളാക്കിയവരുടെ കൂട്ടത്തിലെ 18 രാജ്യങ്ങളിലെ പൗരന്മാരും ഉള്‍പ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം.
അമേരിക്ക, അര്‍ജന്റീന, ഓസ്‌ട്രേലിയ, ബ്രസീല്‍, ബള്‍ഗേറിയ, കാനഡ, കൊളംബിയ, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ്, ജര്‍മനി, ഹംഗറി, പോളണ്ട്, പോര്‍ച്ചുഗല്‍, റൊമാനിയ, സെര്‍ബിയ, സ്‌പെയിന്‍, തായ്‌ലന്റ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടെ തലവന്മാരാണ് സംയുക്തമായി ഹമാസിനുള്ള പ്രസ്താവനയില്‍ ഒപ്പുവെച്ചത്.
ഹമാസ് പിടികൂടിയ 253 ഇസ്രായേലി തടവുകാരില്‍ 129 പേര്‍ ഇപ്പോഴും പലസ്തീനില്‍ ബന്ദിയാക്കപ്പെട്ടിട്ടുണ്ടെന്നാണ് പ്രസ്താവനയില്‍ പറയുന്നത്. പ്രസ്താവനയെ തുടര്‍ന്ന് ബന്ദികളെ മോചിപ്പിക്കുകയാണെങ്കില്‍ ഗസയില്‍ വെടിനിര്‍ത്തലിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ശ്രമിക്കുമെന്നും 18 രാജ്യങ്ങളും പറയുന്നുണ്ട്. കുടിയിറക്കപ്പെട്ട പലസ്തീനികള്‍ക്ക് അനുയോജ്യമായ വാസസ്ഥലങ്ങളിലേക്ക് മാറാന്‍ കഴിയുമെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്.
അതേസമയം, പലസ്തീനിലേക്ക് സഹായമെത്തിക്കുന്ന ഗ്രൂപ്പുകള്‍ക്ക് നേരെയുള്ള ആക്രമണം രൂക്ഷമാക്കിയിരിക്കുകയാണ് ഇസ്രായേല്‍. ഇസ്രായേലിന് പിന്തുണ നല്‍കുന്ന രാജ്യങ്ങളാണ് ആക്രമണത്തിന് ഇരയാകുന്നത്.
ഡോക്ടേഴ്‌സ് വിത്തൗട്ട ബോര്‍ഡേഴ്‌സ്, പലസ്തീനിലേക്കുള്ള മെഡിക്കല്‍ എയ്ഡ്, ഇന്റര്‍നാഷണല്‍ റെസ്‌ക്യൂ കമ്മിറ്റി, ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് റെഡ് ക്രോസ്, അനെറ, വേള്‍ഡ് സെന്‍ട്രല്‍ കിച്ചണ്‍ എന്നീ ഗ്രൂപ്പുകള്‍ക്ക് നേരെയാണ് ഇസ്രായേല്‍ ആക്രമണം നടത്തിയിരിക്കുന്നത്.
അനെറയുടെ ഒരു സ്റ്റാഫ് ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെടുകയും ചെയ്തു. ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ന്യൂയോര്‍ക്ക് ടൈംസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം, യുഎസിലെ യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ നടന്ന പലസ്തീന്‍ അനുകൂല സമരങ്ങളില്‍ പ്രതികരിച്ച് നെതന്യാഹു രംഗത്തെത്തി. യുഎസില്‍ നടക്കുന്ന സമരങ്ങള്‍ സെമിറ്റിക് വിരുദ്ധമാണെന്ന് നെതന്യാഹു പ്രതികരിച്ചു.
സമരക്കാര്‍ ജൂതന്മാരെയും അധ്യാപകരേയും ആക്രമിക്കുകയാണെന്നും നെതന്യാഹു ആരോപിക്കുന്നുണ്ട്. മസാച്യുസെറ്റ്‌സ്, കാലിഫോര്‍ണിയ, ന്യൂയോര്‍ക്ക് തുടങ്ങിയ 21 സര്‍കലാശാലകളിലാണ് പലസ്തീന്‍ അനുകൂല സമരം നടന്നത്.
സമരത്തില്‍ പങ്കെടുത്ത 80 ലധികം വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇസ്രായേലിന് യുഎസ് നല്‍കുന്ന എല്ലാ സഹായങ്ങളും നിര്‍ത്തിവെക്കണമെന്നും വംശഹത്യ തുടരാന്‍ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥികള്‍ സമരം ചെയ്യുന്നത്. കഴിഞ്ഞ ഒരാഴ്ചയോളമായി യു എസിലെ ക്യാമ്പസുകളില്‍ പലസ്തീന്‍ അനുകൂല പ്രതിഷേധം നടന്നുവരികയാണ്. സമരത്തില്‍ ജൂത വിദ്യാര്‍ഥികളുള്‍പ്പെടെ പങ്കാലികളാകുന്നുണ്ട്.
അതേസമയം, ഖാന്‍ യൂനിസിലെ നാസര്‍ ആശുപത്രിയില്‍ കൂട്ടക്കുഴിമാടം കണ്ടെത്തിയിരുന്നു. 20 ഓളം വരുന്ന പലസ്തീനികളെ ഇസ്രായേലി സൈന്യം കൂട്ടത്തോടെ കുഴിച്ചുമൂടിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഗസയിലെ സിവില്‍ ഡിഫന്‍സാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.
20ഓളം പലസ്തീനികളെ പ്ലാസ്റ്റിക് ബാഗിലാക്കിയാണ് സംസ്‌കരിച്ചിരിക്കുന്നത്. ചില മൃതദേഹങ്ങള്‍ സംസ്‌കരിച്ച നിലയില്‍ കാണാന്‍ സാധിച്ചു. ക്രൂരമായി പീഡിപ്പിച്ചതിന് ശേഷമാണ് മൃതദേഹങ്ങള്‍ സംസ്‌കരിച്ചിരിക്കുന്നത്. കുട്ടികളുടെ ഉള്‍പ്പെടെയുള്ള മൃതദേഹങ്ങളാണ് കണ്ടെത്തിയിരിക്കുന്നതെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.
കണ്ടെടുത്ത മൃതദേഹങ്ങളില്‍ പത്തെണ്ണം കൈകള്‍ ബന്ധിച്ച നിലയിലായിരുന്നു. ബാക്കിയുള്ളവയില്‍ മെഡിക്കല്‍ ട്യൂബുകള്‍ ഘടിപ്പിച്ചിരുന്നു. ജീവനോടെയാണ് മൃതദേഹങ്ങള്‍ കുഴിച്ചിട്ടതെന്നാണ് സൂചന.
എന്നാല്‍ കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തിയെന്ന വാര്‍ത്ത ഇസ്രായേല്‍ തള്ളിയിട്ടുണ്ട്. രണ്ട് കൂട്ടക്കുഴിമാടങ്ങളാണ് ആശുപത്രി പരിസരത്ത് നിന്ന് കണ്ടെത്തിയത്. അതില്‍ 150 ലധികം മൃതദേഹങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഭൂരിഭാഗം മൃതദേഹങ്ങളിലും അവയവങ്ങള്‍ ഉണ്ടായിരുന്നില്ല. ഇതിന് മുമ്പ് അല്‍ ശിഫ ആശുപത്രിയും കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തിയിരുന്നു. അവിടെ നിന്നും 400 മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
ഇസ്രായേല്‍ നടത്തുന്ന നരനായാട്ടില്‍ മുപ്പത്തിനാലായിരത്തിലധികം പലസ്തീനികളാണ് ഇതുവരെ കൊല്ലപ്പെട്ടത്. വീണ്ടും കരയുദ്ധം ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് ഇസ്രായേല്‍ സൈന്യം. അതിനുള്ള എല്ലാ സജ്ജീകരണങ്ങളും ആരംഭിച്ചുകഴിഞ്ഞു.