Israel – Palestine : ഇസ്രയേൽ മന്ത്രിസഭായോഗം അംഗീകാരം നൽകി; ഗസയിൽ വെടിനിർത്തൽ കരാർ നാളെമുതൽ പ്രാബല്യത്തിൽ
Israel Approves Ceasfire And Hostage Deal: ഗസയിൽ വെടിനിർത്തലിനും ബന്ദികളെ കൈമാറുന്നതിനും പരസ്പര ധാരണയായി. കരാറിന് ഇസ്രയേൽ മന്ത്രിസഭായോഗം അംഗീകാരം നൽകി. ഈ മാസം 19 മുതൽ കരാർ പ്രാബല്യത്തിൽ വരും.

വെടിനിർത്തലിന് അംഗീകാരം
ഗസയിൽ വെടിനിർത്തലിനുള്ള അംഗീകാരം നൽകി ഇസ്രയേൽ മന്ത്രിസഭായോഗം. ഇതോടെ ഈ മാസം 19 മുതൽ ഇവിടെ കരാർ പ്രാബല്യത്തിൽ വരും. വെടിനിർത്തലിനും (Gazza Ceasfire) ബന്ദികളുടെ മോചനത്തിനുമുള്ള കരാർ മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു. ഇക്കാര്യം പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. ഈ മാസം 19, ഞായറാഴ്ച മുതൽ കരാർ പ്രാബല്യത്തിൽ വരുമെന്നും ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ബന്ദികളുടെ മോചനത്തിനുള്ള കരാർ നേരത്തെ ഇസ്രയേല്‍ സുരക്ഷാ കാബിനറ്റ് അംഗീകരിച്ചിരുന്നു. ഇതിന് ശേഷമാണ് സമ്പൂർണ മന്ത്രിസഭായോഗം ചേർന്ന് വെടിനിർത്തൽ കരാറിന് അംഗീകാരം നൽകിയത്. 11 അംഗ സുരക്ഷാ മന്ത്രിസഭ വോട്ടെടുപ്പിലൂടെയാണ് ഈ കരാർ പാസാക്കിയത്. ഇതോടെ 15 മാസത്തോളമായി നീടുനിൽക്കുന്ന യുദ്ധത്തിനാണ് അവസാനമാവുന്നത്. കരാർ പ്രകാരം ഇസ്രയേൽ ജയിലുകളിൽ തടവിലുള്ള, 19 വയസിൽ താഴെ പ്രായമുള്ള എല്ലാ പലസ്തീൻ സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കും. 95 തടവുകാരെയാണ് ഞായറാഴ്ച മോചിപ്പിക്കുക. ഇവരുടെ പട്ടിക ഇസ്രയേൽ നീതിന്യായ മന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയിരുന്നു.
ഈ മാസം 20നാണ് അമേരിക്കയിൽ പുതിയ പ്രസിഡൻ്റായി ഡൊണാൾഡ് ട്രംപ് സ്ഥാനമേൽക്കുക. അതിന് മുൻപ് വെടിനിർത്തൽ കരാർ പ്രാബല്യത്തിലാക്കാൻ ഇസ്രയേലിന് മേൽ അമേരിക്കയുടെ സമ്മർദ്ദമുണ്ടായിരുന്നു. എന്നാൽ, ഹമാസുമായി കരാറിലേർപ്പെട്ടാൽ സർക്കാരിനെ അട്ടിമറിക്കുമെന്ന് തീവ്രനിലപാടുകാരായ ഘടകകക്ഷികൾ ഭീഷണിപ്പെടുത്തിയത് നെതന്യാഹുവിന് സമ്മർദ്ദമായി. ദേശീയസുരക്ഷാ മന്ത്രി ഇതമാര്‍ ബെന്‍ഗ്വിര്‍, ധനമന്ത്രി ബസലേല്‍ സ്‌മോട്രിച് എന്നിവർ രാജിഭീഷണി മുഴക്കിയതും കാര്യങ്ങൾ വഷളക്കി. എങ്കിലും മന്ത്രിസഭയില്‍ ഭൂരിപക്ഷം പേരുടെ പിന്തുണയുള്ളതിനാല്‍ കരാർ അംഗീകരിക്കാൻ നെതന്യാഹു തീരുമാനിക്കുകയായിരുന്നു.
കരാർ ധാരണയായിട്ടും ആക്രമണം
ഈ മാസം 17ന് തന്നെ വെടിനിർത്തൽ കരാർ ധാരണയായിരുന്നു. വെടിനിർത്തൽ ധാരണ ആഘോഷിച്ചവർക്ക് ഇസ്രയേൽ ആക്രമണം നടത്തി. വെള്ളിയാഴ്ച ഗസയിൽ നടത്തിയ ആക്രമണത്തിൽ 20 കുട്ടികളും 25 സ്ത്രീകളും സഹിതം 73 പേരാണ് കൊല്ലപ്പെട്ടത്. 200ഓളം പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു.
വെടിനിർത്തൽ ധാരണയായെന്ന അറിയിപ്പ് വന്നതോടെ ഇത് ആഘോഷിക്കാൻ ജനം തെരുവിലിറങ്ങിയപ്പോൾ അപ്രതീക്ഷിതമായാണ് ആക്രമണമുണ്ടായത്. കരാറിലെ ചില വ്യവസ്ഥകളിൽ നിന്ന് ഹമാസ് പിന്നാക്കം പോവുകയാണെന്ന് ഇസ്രയേൽ ആരോപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി വെള്ളിയാഴ്ച കരാറിന് അംഗീകാരം നൽകുന്നത് മന്ത്രിസഭ മരവിപ്പിക്കുകയും ചെയ്തു. ഇതൊന്നുമറിയാതെ യുദ്ധം അവസാനിച്ചത് ആഘോഷിക്കാനിറങ്ങിയവർക്ക് നേരെ ഇസ്രയേൽ ആക്രമണം നടത്തുകയായിരുന്നു.
2024 മെയ് മാസത്തിലാണ് വെടിനിർത്തൽ കരാറിൻ്റെ തുടക്കം. അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ മുന്നോട്ടുവെച്ച കരാറാണ് ഇതിലേക്ക് വഴിതെളിച്ചത്. ഏഴുമാസം നീണ്ട ചർച്ചയ്ക്കുശേഷം ഹമാസും ഇസ്രയേലും ഈ കരാർ അംഗീകരിക്കുകയായിരുന്നു. മൂന്ന് ഘട്ട വെടിനിർത്തലായിരുന്നു കരാറിലെ നിബന്ധന. ആദ്യഘട്ടത്തിൽ 42 ദിവസം വെടിനിർത്തൽ. ഈ സമയത്ത് പരസ്പരം ബന്ദികളാക്കിയവരെ ഇസ്രയേലും പലസ്തീനും വിട്ടുകൊടുക്കുമെന്നായിരുന്നു കരാർ. ഈജിപ്ത്, ഖത്തർ, അമേരിക്ക എന്നിവർ മധ്യസ്ഥരായി ദോഹയിൽ വച്ചാണ് ചർച്ച നടന്നത്.