Israel-Hamas war: പരിക്കേറ്റ പലസ്തീൻകാരനെ വാഹനത്തിൻ്റെ ബോണറ്റിൽ കെട്ടിവച്ചു; തെറ്റുപറ്റിയെന്ന് സമ്മതിച്ച് ഇസ്രയേൽ സൈന്യം
Israel-Hamas war Update: വെസ്റ്റ് ബാങ്കിൽ നടക്കുന്ന ആക്രമണത്തിൽ ഇതിനോടകം 480 പാലസ്തീൻ സ്വദേശികൾ കൊല്ലപ്പെട്ടതായാണ് യുഎൻ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. പലസ്തീനിലെ റഫയിൽ ഇസ്രയേൽ വീണ്ടും ആക്രമണം നടത്തിയതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു.
വെസ്റ്റ് ബാങ്ക്: സൈനിക ആക്രമണത്തിൽ പരിക്കേറ്റ പലസ്തീൻ യുവാവിനെ (Palestinian man) വാഹനത്തിൻ്റെ ബോണറ്റിൽ കെട്ടിവച്ച് ഇസ്രയേൽ സൈന്യം (Israeli army forces). വെസ്റ്റ് ബാങ്കിലെ ജെനിനിൽ നടത്തിയ റെയ്ഡിനിടെ (West Bank Raid) പരിക്കേറ്റ മുജാഹദ് ആസ്മി (Mujahed Azmi) എന്ന് സാധാരണക്കാരനോടാണ് ഇസ്രയേൽ സൈന്യം ക്രൂരത കാട്ടിയത്. പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിക്കാൻ കുടുംബം ആംബുലൻസ് ആവശ്യപ്പെട്ടതോടെയാണ് സൈന്യം ഇയാളെ ജീപ്പിന് മുന്നിൽ കെട്ടിവച്ച ശേഷം വാഹനം ഓടിച്ച് പോയത്. ഇയാളെ പിന്നീട് റെഡ് ക്രെസന്റിൻ്റെ ചികിത്സാ കേന്ദ്രത്തിൽ എത്തിച്ചതായാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
എന്നാൽ ദാരുണ സംഭവത്തിൻ്റെ ദൃശ്യങ്ങൾ വലിയ രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ സൈനികർക്ക് തെറ്റു പറ്റിയതായി സമ്മതിച്ച് ഇസ്രയേൽ രംഗത്തെത്തി. സൈനികർ പ്രോട്ടോക്കോൾ ലംഘിച്ചതായും ഇസ്രയേൽ അധികൃതർ വിശദമാക്കി. ദാരുണമായ സംഭവത്തിൽ അന്വേഷണം നടക്കുമെന്നും ഇസ്രയേൽ സൈന്യം പറഞ്ഞു.
അതേസമയം തീവ്രവാദി ആക്രമണം ചെറുക്കാനായി വെടിവച്ചപ്പോഴാണ് ഇയാൾക്ക് പരിക്കേറ്റതെന്നാണ് ഇസ്രയേൽ ഡിഫൻസ് ഫോഴ്സസ് ആവകാശപ്പെടുന്നത്. വീഡിയോയിലെ സേനയുടെ പെരുമാറ്റം ഇസ്രായേൽ സൈന്യത്തിൻ്റെ മൂല്യങ്ങളുമായി പൊരുത്തപ്പെടുന്നതല്ലെന്നും സംഭവങ്ങൾ അന്വേഷിച്ച് ശേഷം വേണ്ട നടപടി സ്വീകരിക്കുമെന്നും സൈന്യം അറിയിച്ചു. വെസ്റ്റ് ബാങ്കിൽ നടക്കുന്ന ആക്രമണത്തിൽ ഇതിനോടകം 480 പാലസ്തീൻ സ്വദേശികൾ കൊല്ലപ്പെട്ടതായാണ് യുഎൻ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.
ALSO READ: ഗാസയിൽ സമ്പൂർണ വെടിനിർത്തൽ: യുഎൻ പ്രമേയം പാസാക്കി, വിട്ടുനിന്ന് റഷ്യ
അതിനിടെ ഗാസയിൽ തകർന്ന കാറിൽ നിന്ന് ഇസ്രയേൽ സൈനികർ മൃതദേഹങ്ങൾ പുറത്തെടുക്കുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. റെയ്ഡിനിടെ വെടിയുതിർത്ത ഇസ്ലാമിക് ജിഹാദ് തീവവാദികളാണ് കൊല്ലപ്പെട്ടവരെന്നാണ് ദൃക്സാക്ഷികൾ പകർത്തിയ വീഡിയോയിൽ ഇസ്രയേൽ വിശദീകരിച്ചത്.
പലസ്തീനിലെ റഫയിൽ ഇസ്രയേൽ വീണ്ടും ആക്രമണം നടത്തിയതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു. റഫയ്ക്ക് വടക്കുള്ള അഭയാർത്ഥി ക്യാമ്പുകൾക്ക് നേരെ വെള്ളിയാഴ്ച ഇസ്രായേൽ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ 25 പേർ കൊല്ലപ്പെടുകയും 50 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് കണക്ക്. തീരപ്രദേശത്തെ രണ്ട് സ്ഥലങ്ങളിൽ ഷെല്ലാക്രമണം നടന്നതായി ദൃക്സാക്ഷികൾ പറഞ്ഞതായി രക്ഷാപ്രവർത്തകർ വ്യക്തമാക്കി.
ആക്രമണത്തിൽ കൊല്ലപ്പെട്ടവരെയും പരിക്കേറ്റവരെയും കൊട് ക്യാമ്പുകൾ നിറഞ്ഞിരിക്കുകയാണെന്ന് ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്യുന്നു. മെഡിറ്ററേനിയൻ തീരത്തെ ഗ്രാമപ്രദേശമായ മുവാസിയിലെ സമീപമുള്ള സ്ഥലങ്ങളിൽ ഇസ്രായേൽ മുമ്പ് ബോംബാക്രമണം നടത്തിയിരുന്നു.
ഒരു ദശലക്ഷത്തിലധികം പലസ്തീനികൾ അഭയം തേടിയ റഫയിൽ ഇസ്രയേൽ സൈനിക നടപടിയുമായി മുന്നോട്ട് പോകുകയാണ്. മിക്കവരും ഇപ്പോൾ റഫയിൽ നിന്ന് പലായനം ചെയ്തുകഴിഞ്ഞുവെന്നും റിപ്പോർട്ടുണ്ട്. വേണ്ടത്ര ഭക്ഷണമോ വെള്ളമോ മെഡിക്കൽ സംവിധാനമോ ഇല്ലാതെ കുടുംബങ്ങൾ ടെൻ്റുകളിലും ഇടുങ്ങിയ അപ്പാർട്ടുമെൻ്റുകളിലും അഭയം പ്രാപിക്കുന്നതിനാൽ ഗാസയിൽ ഒരു സ്ഥലവും സുരക്ഷിതമല്ലെന്നും സാഹചര്യങ്ങൾ ഭയാനകമാണെന്നും യുഎൻ വ്യക്തമാക്കി.