Israel-Gaza War: ഗാസയിൽ ഇസ്രയേൽ ആക്രമണം; 54 പേർ കൊല്ലപ്പെട്ടു, അഭയാർത്ഥി ക്യാംപുകളിൽ ജലക്ഷാമം രൂക്ഷം
Israel-Gaza War Updates: തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ ഇസ്രയേൽ സേന കുഴിച്ചുമൂടിയ 12 മൃതദേഹങ്ങൾ പലസ്തീൻ ആരോഗ്യപ്രവർത്തകർ പുറത്തെടുത്ത് ശരിയായ രീതിയിലുള്ള സംസ്കാരിച്ചു. വെടിനിർത്തൽ ചർച്ചകളിൽ പങ്കെടുക്കുന്നതിനായി ഇസ്രയേലിന്റെ പുതിയ സംഘം കയ്റോയിലെത്തിയിട്ടുണ്ട്.
ഗാസ: മധ്യ ഗാസയിലെ അഭയാർത്ഥി ക്യാംപുകളിൽ ഇസ്രയേൽ സേനയുടെ (Israel-Gaza war) ആക്രമണം. സംഭവത്തിൽ 54 പലസ്തീൻകാർ കൂടി കൊല്ലപ്പെട്ടു. സവെയ്ദ, ബുറേജ്, നുസ്റിയേത്ത്, ദെയ്ർ അൽ ബലാ ക്യാംപുകളിലാണ് ഇസ്രയേലിൻ്റെ ആക്രമണം ഉണ്ടായിരിക്കുന്നത്. ഗാസയ്ക്ക് ആവശ്യമായ വെള്ളത്തിൻ്റെ 94 ശതമാനവും ഇസ്രയേൽ തടഞ്ഞതോടെ അഭയാർത്ഥി ക്യാംപുകളിൽ ജലക്ഷാമം രൂക്ഷമാണ്. മിക്ക ക്യാംപുകളിലും വൻമാലിന്യക്കൂമ്പാരം നീക്കം ചെയ്യാതെ കിടക്കുന്നതായും റിപ്പോർട്ടുണ്ട്. റഫയിലേക്ക് ഇസ്രയേൽ ടാങ്കുകൾ അക്രമണം ശക്തമാക്കിയിട്ടുണ്ട്.
അതിനിടെ തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ ഇസ്രയേൽ സേന കുഴിച്ചുമൂടിയ 12 മൃതദേഹങ്ങൾ പലസ്തീൻ ആരോഗ്യപ്രവർത്തകർ പുറത്തെടുത്ത് ശരിയായ രീതിയിലുള്ള സംസ്കാരിച്ചു. ഇപ്പോഴത്തെ സംഘർഷത്തിനു കാരണമായ ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ പങ്കെടുത്തയാൾ ഉൾപ്പെടെ രണ്ട് ഇസ്‍ലാമിക് ജിഹാദ് കമാൻഡർമാരെ വധിച്ചതായി ഇസ്രയേൽ സേന അവകാശപ്പെട്ടു. ഹമാസ് പ്രവർത്തകരുടെ ഒട്ടേറെ തുരങ്കങ്ങൾ കണ്ടെത്തി തകർത്തതായും ഇസ്രയേൽ പറയുന്നു. അതേസമയം, വെടിനിർത്തൽ ചർച്ചകളിൽ പങ്കെടുക്കുന്നതിനായി ഇസ്രയേലിന്റെ പുതിയ സംഘം കയ്റോയിലെത്തിയിട്ടുണ്ട്.
ALSO READ: ഗാസയിൽ അഭയാർത്ഥി ക്യാമ്പിലേക്ക് ഇസ്രയേൽ വ്യോമാക്രമണം; 16 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
കോൺഗ്രസിനെ അഭിസംബോധന ചെയ്യാൻ യുഎസിനു തിരിക്കുന്നതിനു തൊട്ടു മുൻപ് പ്രധാനമന്ത്രി ബന്യാമിൻ നെതന്യാഹു ദക്ഷിണ ഗാസയിലെ ഇസ്രയേൽ സേനയെ സന്ദർശിച്ചിരുന്നു. ഇതിനു തൊട്ടുമുൻപ് തീവ്ര വലതുപക്ഷ നേതാവും ദേശീയ സുരക്ഷാ മന്ത്രിയുമായ ഇത്താവർ ബെൻ ഗവിർ അൽ അഖ്സ പള്ളി സന്ദർശിച്ചത് വെടിനിർത്തൽ ചർച്ചയെ ബാധിച്ചേക്കുമെന്നും ആശങ്കയുണ്ട്.
തെക്കൻ ഇസ്രയേലിലെ അതിർത്തി ഗ്രാമങ്ങളിലേക്ക് ഇസ്‍ലാമിക് ജിഹാദ് റോക്കറ്റ് ആക്രമണം നടത്തിയിരുന്നു. ഗാസയിൽ സഹായം എത്തിക്കാൻ അനുവദിച്ചാൽ ആക്രമണം നിർത്താമെന്ന് ഹിസ്ബുല്ലയുടെ ഒരു മുതിർന്ന നേതാവ് പറഞ്ഞതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഗാസയിൽ സംഘർഷം തുടരുന്നത് വലിയ മാനുഷിക പ്രതിസന്ധിക്കിടയാക്കുമെന്ന ആശങ്ക ഇന്ത്യ യുഎൻ രക്ഷാസമിതിയിൽ അറിയിച്ചു.
ഒക്‌ടോബർ ഏഴിന് തെക്കൻ ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട യുദ്ധത്തിൽ 38,600-ലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്ക്. ഇതിൽ തിരിച്ചറിപ്പെടാത്ത മൃതദേഹങ്ങളും ഉണ്ട്. യുദ്ധത്തിൽ ഇതുവരെ 2.3 ദശലക്ഷം ജനസംഖ്യയിൽ ഭൂരിഭാഗവും പലായനം ചെയ്യുകയും വ്യാപകമായ പട്ടിണിക്ക് കാരണമാവുകയും ചെയ്തതായാണ് റിപ്പോർട്ട്. ഒക്ടോബറിൽ ഹമാസിൻ്റെ ആക്രമണത്തിൽ 1,200 പേരാണ് കൊല്ലപ്പെട്ടത്. കൂടുതലും സാധാരണക്കാരായിരുന്നു. ഭീകരർ 250 ഓളം പേരെ ബന്ദികളാക്കി.