Hassan Nasrallah Dies: ഇസ്രായേൽ ആക്രമണത്തിൽ ഹിസ്ബുള്ള തലവൻ ഹസ്സൻ നസ്രല്ല കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രായേൽ
Israeli Army Confirms Hezbollah Chief Hassan Nasrallah Killed: ഹസ്സൻ നസ്രള്ളയ്ക്ക് ഇനി ലോകത്തെ ഭയപ്പെടുത്താൻ കഴിയില്ല എന്ന കുറിപ്പോടെയാണ് ഹസ്സൻ നസ്രല്ല കൊല്ലപ്പെട്ട വിവരം ഇസ്രായേൽ സൈന്യം അറിയിച്ചത്.
ബെയ്‌റൂട്ട്: കഴിഞ്ഞ ദിവസം ബെയ്‌റൂട്ടിൽ ഉണ്ടായ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള തലവൻ ഹസ്സൻ നസ്രല്ല കൊല്ലപ്പെട്ടതായി ഇസ്രായേൽ പ്രതിരോധ മന്ത്രാലയം അറിയിച്ചു. എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ, ഹിസ്ബുള്ളയുടെ ഭാഗത്ത് നിന്നും ഇതുവരെ പ്രതികരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. ഇറാന്റെ പിന്തുണയുള്ള ലെബനീസ് സായുധസംഘമായ ഹിസ്ബുള്ളയെ 32 വർഷമായി നയിക്കുന്നത് നസ്രല്ലയാണ്.
Hassan Nasrallah will no longer be able to terrorize the world.
— Israel Defense Forces (@IDF) September 28, 2024
ഇസ്രായേൽ പ്രതിരോധ മന്ത്രാലയം എക്‌സിൽ കുറിച്ചതിങ്ങനെ: “ഹസ്സൻ നസ്രല്ലയ്ക്ക് ഇനി ലോകത്തെ ഭയപ്പെടുത്താൻ കഴിയില്ല”. ഇസ്രായേൽ സൈനിക വക്താവായ ലെഫ്റ്റനെന്റ് കേണൽ ഷോഷാനിയും ഹസ്സൻ നസ്രല്ല കൊലപ്പെട്ടതായി സ്ഥിതീകരിച്ചു. വെള്ളിയാഴ്ച ലെബനീസ് തലസ്ഥാനത്ത് നടന്ന വ്യോമാക്രമണത്തിൽ നസ്രല്ല കൊല്ലപ്പെട്ടതായി, ഇസ്രായേൽ സൈനിക വക്താവായ ക്യാപ്റ്റൻ ഡേവിഡ് അവ്റഹാമും എഎഫ്പിയെ അറിയിച്ചു.
ALSO READ: ഹിസ്ബുല്ലയ്ക്ക് പിന്തുണ; ഇസ്രായേലിനെതിരെ മിസൈൽ ആക്രമണവുമായി യെമൻ ഹൂതികൾ
ലെബനീസ് തലസ്ഥാനമായ ബെയ്‌റൂട്ടിന് തെക്കുള്ള ദഹിയെയിലെ ഹിസ്ബുള്ള ആസ്ഥാനം ലക്ഷ്യം വെച്ച് വെള്ളിയാഴ്ച്ചയാണ് ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്. 32 വർഷമായി ഹിസ്ബുള്ളയെ നയിച്ചിരുന്ന ഹസ്സൻ നസ്രല്ലയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. എന്നാൽ, സംഭവം നടക്കുന്ന സമയത്ത് നസ്രല്ല ആസ്ഥാനത്ത് ഉണ്ടായിരുന്നോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല.
ഹിസ്‌ബുള്ളയ്‌ക്കെതിരെ ഒരാഴ്ചയായി ലെബനനിൽ നടന്നു വരുന്ന സൈനിക നടപടി അവസാനിപ്പിക്കില്ലെന്ന് യുഎൻ പൊതുസഭയിൽ ഇസ്രായേൽ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആക്രമണം ഉണ്ടായത്. ഗാസയിൽ ഹമാസിനെതിരെ പൂർണ വിജയം കൈവരിക്കുന്നത് വരെ ലെബനനിലും സൈനിക നടപടി തുടരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയിരുന്നു.
ലെബനനിലും പശ്ചിമേഷ്യയിലും ഏറ്റവും സ്വാധീനമുള്ള സായുധ സംഘടനയായി ഹിസ്ബുള്ളയെ വളർത്തിയെടുത്തതിൽ നസ്രല്ലയുടെ പങ്ക് വളരെ വലുതാണ്. 1992-ൽ അബ്ബാസ്-അൽ-മൂസാവി കൊലപ്പെട്ടതോടെ 32-ാം വയസിൽ ഹിസ്ബുല്ലയുടെ നേതൃത്വം ഏറ്റെടുക്കുകയായിരുന്നു ഷെയ്ഖ് ഹസ്സൻ നസ്രല്ല. കഴിഞ്ഞ 18 വർഷമായി ഇസ്രായേൽ നസ്രല്ലയെ കൊലപ്പെടുത്താൻ ശ്രമിക്കുന്നു. നസ്രല്ല കൊല്ലപ്പെട്ടത് സംബന്ധിച്ച് പുറത്ത് വരുന്ന വാർത്തകൾ ശെരിയാണെന്ന് സ്ഥിതീകരിക്കുകയാണെങ്കിൽ, അത് വലിയ സംഭവവികാസങ്ങളിലേക്ക് നയിച്ചേക്കും.
അതേസമയം, ബെയ്‌റൂട്ടിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ നസ്രല്ലയുടെ മകൾ സൈനബ് നസ്രല്ല കൊല്ലപ്പെട്ടതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇക്കാര്യം സംബന്ധിച്ചും ഇസ്രായേലോ ഹിസ്ബുള്ളയോ പ്രതികരിച്ചിട്ടില്ല.