Benjamin Netanyahu: ‘ഒമ്പത് ബന്ദികളെ വിട്ടയക്കണം, ഇല്ലെങ്കിൽ വീണ്ടും യുദ്ധം’; ഹമാസിന് മുന്നറിയിപ്പുമായി നെതന്യാഹു
Israel Warns Hamas to Return Hostages: ഹമാസ് നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാതെ ബന്ദികൈമാറ്റത്തിന് തയ്യാറല്ലെന്ന് പ്രഖ്യാപിച്ചത് വെടിനിർത്തൽ കരാറിന്റെ സമ്പൂർണ്ണ ലംഘനം ആണെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി പറഞ്ഞു.

ടെൽഅവീവ്: ശനിയാഴ്ച ഉച്ചയ്ക്ക് മുൻപ് ഒമ്പത് ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ വീണ്ടും യുദ്ധത്തിലേക്ക് നീങ്ങുമെന്ന് ഹമാസിന് മുന്നറിയിപ്പ് നൽകി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ബന്ദികൈമാറ്റം നീട്ടി വയ്ക്കുകയാണെങ്കിൽ ഇസ്രായേൽ ആക്രമണം ആരംഭിക്കുമെന്നും ഹമാസിനെ ഇല്ലാതാക്കും വരെ അത് തുടരുമെന്നും നെതന്യാഹു അറിയിച്ചു. എക്‌സിലൂടെയായിരുന്നു നെതന്യാഹുവിന്റെ മുന്നറിയിപ്പ്.
ബെഞ്ചമിൻ നെതന്യാഹു എക്‌സിൽ പങ്കുവെച്ച പോസ്റ്റ്:
אם חמאס לא יחזיר את חטופינו עד שבת בצהריים – הפסקת האש תיפסק, וצה”ל יחזור ללחימה עצימה עד להכרעה סופית של החמאס pic.twitter.com/4Cx30kHGvN
— Benjamin Netanyahu – בנימין נתניהו (@netanyahu) February 11, 2025
ഹമാസ് ഇസ്രായേൽ പൗരന്മാരായ ബന്ദികളെ മോചിപ്പിക്കുന്നത് നിർത്തിവെച്ചിരുന്നു. വെടിനിർത്തൽ കരാർ ഇസ്രായേൽ ലംഘിച്ചു എന്ന് ആരോപിച്ചായിരുന്നു ഹമാസിന്റെ നടപടി. നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാതെ ബന്ദികളെ കൈമാറില്ല കൈമാറില്ല എന്ന നിലപാടിലാണ് ഹമാസ്. ഹമാസിന്റെ പ്രധാന ആരോപണങ്ങളിൽ ഒന്ന് ഗാസയിലേക്കുള്ള മാനുഷിക സഹായം ഇസ്രായേൽ തടസ്സപ്പെടുത്തുന്നു എന്നതാണ്.
ഇസ്രായേൽ നിരന്തരം കരാർ ലംഘനം നടത്താൻ തുടങ്ങിയിട്ട് മൂന്ന് ആഴ്ചയായി എന്ന് ഹമാസ് പറയുന്നു. എന്തിനും സജ്ജമായിരിക്കണം എന്ന് ഇസ്രായേൽ സർക്കാർ സൈന്യത്തിന് നിർദേശം നൽകിയിട്ടുണ്ട്. ഹമാസ് നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാതെ ബന്ദികൈമാറ്റത്തിന് തയ്യാറല്ലെന്ന് പ്രഖ്യാപിച്ചത് വെടിനിർത്തൽ കരാറിന്റെ സമ്പൂർണ്ണ ലംഘനം ആണെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി പറഞ്ഞു.
അതേസമയം, ബന്ദികൈമാറ്റത്തിന് ഹമാസ് തയ്യാറായില്ലെങ്കിൽ വെടിനിർത്തൽ അവസാനിപ്പിച്ച് യുദ്ധത്തിലേക്ക് നീങ്ങണം എന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആഹ്വാനം ചെയ്തതായും റിപ്പോർട്ടുകൾ ഉണ്ട്. ഗാസ അമേരിക്ക ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ കൂടുതൽ വിശദീകരണവുമായി ട്രംപ് രംഗത്തെത്തിയിട്ടുണ്ട്. ഗാസ അമേരിക്ക ഏറ്റെടുത്ത് കഴിഞ്ഞാൽ പലസ്തീനികൾക്ക് അവിടേക്ക് മടങ്ങാൻ അവകാശം ഉണ്ടാകില്ലെന്ന് ട്രംപ് വ്യക്തമാക്കി. അറബ് രാജ്യങ്ങളിൽ അവർക്ക് മികച്ച താമസ സൗകര്യങ്ങളും മറ്റും ഒരുക്കിയാൽ പിന്നെ മടങ്ങിവരുന്നതിനെ കുറിച്ച് ചിന്തിക്കേണ്ടി വരില്ലെന്നും ട്രംപ് പറഞ്ഞു.