Israel Terrorist Attack: ഇസ്രയേലിൽ നിർത്തിയിട്ടിരുന്ന ബസുകളിൽ സ്ഫോടനപരമ്പര; ഭീകരാക്രമണം സംശയിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ
Bomb Blast In Israel: ഇസ്രയേലിൽ സ്ഫോടനപരമ്പര. നിർത്തിയിട്ടിരുന്ന ബസുകളിലാണ് സ്ഫോടനമുണ്ടായത്. മൂന്ന് സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ട് ബോംബുകൾ നിർവീര്യമാക്കിയിട്ടുണ്ട്. ഭീകരാക്രമാണ് നടന്നതെന്നാണ് സംശയം.

ഇസ്രയേലിൽ നിർത്തിയിട്ടിരിക്കുന്ന ബസുകളിൽ സ്ഫോടനപരമ്പര. ടെൽ അവീവിന് സമീപം, ബാറ്റ്‌യാം നഗരത്തിൻ്റെ വിവിധ ഇടങ്ങളിലായി നിർത്തിയിട്ടിരുന്ന ബസുകളിലായിരുന്നു സ്ഫോടനം. സംഭവത്തിൽ ആളപായമില്ല എന്നതാണ് വിവരം. നടന്നത് ഭീകരാക്രമണമാണെന്ന് സംശയമുള്ളതായി സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രങ്ങൾ പോലീസ് പുറത്തുവിട്ടു. സംഭവത്തിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹും അടിയന്തര സുരക്ഷായോഗം വിളിച്ചു.
മൂന്ന് ബസുകളിൽ സ്ഫോടനം നടന്നപ്പോൾ മറ്റ് രണ്ട് ബസുകളിൽ നിന്ന് കണ്ടെത്തിയ ബോംബുകൾ സുരക്ഷാ ഉദ്യോഗസ്ഥർ നിർവീര്യമാക്കി. ഇത്തരത്തിൽ ആകെ അഞ്ച് ബോംബുകളാണ് നിലവിൽ തിരിച്ചറിഞ്ഞിട്ടുള്ളത്. ഇവ സമാനരീതിയിലുള്ള ബോംബുകളാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. സ്ഫോടനത്തിന് പിന്നിൽ ആരാണ് എന്നത് വ്യക്തമായിട്ടില്ല. വേറെയെവിടെയെങ്കിലും ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള പരിശോധനകൾ നടക്കുകയാണ്. സംഭവത്തിൽ ജനങ്ങൾക്ക് ജാഗ്രതാനിർദ്ദേശം നൽകി.
ഹമാസ് ബന്ദികളാക്കിയവരിൽ മരണപ്പെട്ട നാല് പേരുടെ മൃതദേഹങ്ങൾ വിട്ടുനൽകിയിരുന്നു. ഇതിന് മണിക്കൂറുകൾക്കുള്ളിലാണ് സ്ഫോടനങ്ങൾ നടന്നത്. മുൻ വെസ്റ്റ് ബാങ്കിൽ നിന്ന് പലതവണ കണ്ടെടുത്തിട്ടുള്ള സ്ഫോടകവസ്തുക്കളുമായി ഈ ബോംബുകൾക്ക് സാമ്യതയുണ്ടെന്ന് പോലീസ് വക്താവ് ഹെയിം സര്‍ഗോഫ് അറിയിച്ചു. ഇക്കാര്യത്തിൽ ഏതെങ്കിലും തരത്തിലുള്ള സ്ഥിരീകരണങ്ങൾക്ക് അദ്ദേഹം തയ്യാറായിട്ടില്ല.




Also Read: Israel – Hamas: ബന്ദികളെ കൈമാറി ഹമാസ്; 369 പലസ്തീൻ തടവുകാർക്ക് മോചനം, പകരമായി മൂന്ന് പേരെ
വെടിനിർത്തൽ കരാറിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ ഈ മാസം 15ന് മൂന്ന് ബന്ദികളെ കൂടി ഹമാസ് ഇസ്രയേലിന് കൈമാറിയിരുന്നു. ബന്ദികളെ കൈമാറില്ലെന്ന ആദ്യനിലപാടിൽ മാറ്റം വരുത്തിയാണ് ഹമാസ് മൂന്ന് പേരെ മോചിപ്പിച്ചത്. വെടിനിർത്തൽ കരാറിലെ വ്യവസ്ഥകൾ ഇസ്രയേൽ ലംഘിച്ചെന്നാരോപിച്ച് ബന്ദികളെ കൈമാറാൻ തയ്യാറല്ലെന്ന് ഹമാസ് അറിയിച്ചിരുന്നു. ഇവരെ ഉടൻ വിട്ടയച്ചില്ലെങ്കിൽ യുദ്ധം വീണ്ടും ആരംഭിക്കുമെന്ന് ഇസ്രയേൽ മറുപടിനൽകുകയും ചെയ്തു. ഇതോടെയാണ് ബന്ദികളെ കൈമാറാൻ ഹമാസ് തയ്യാറായത്. മോചിപ്പിച്ച ബന്ദികൾ രാജ്യത്ത് എത്തിയതായി ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു. 369 പലസ്തീൻ തടവുകാരെ ഇസ്രയേലും മോചിപ്പിച്ചിരുന്നു.
ഗസയിലെ തെക്കൻ നഗരമായ ഖാൻ യൂനിസിലെ റെഡ് ക്രോസിനാണ് ഇവരെ ഹമാസ് തടവുകാരെ ആദ്യം കൈമാറിയത്. ബന്ദികൾ ആരോഗ്യവാന്മാരെണെന്ന് ഉറപ്പുവരുത്തിയശേഷം റെഡ് ക്രോസ് ഇവരെ ഇസ്രയേൽ സൈന്യത്തിന് കൈമാറി. ഇതിനിടെ ഗസയിലേക്ക് സഹായം എത്തിക്കുന്നവരെ ഇസ്രായേൽ സൈന്യം തടഞ്ഞതായി ആരോപണം ഉയർന്നിരുന്നു. ഇത് തുടർന്നാൽ ഇനിയും ബന്ദികളെ വിട്ടയക്കുന്നത് നിർത്തിവെക്കുമെന്ന് ഹമാസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.