5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Israel Gaza Attack: ഗാസയില്‍ കരയാക്രമണത്തിന് തുടക്കമിട്ട് ഇസ്രായേല്‍; മരണസംഖ്യ ഉയരുന്നു

Israel Gaza Ground Operation: ഗാസയില്‍ നടക്കുന്ന ആക്രമണങ്ങള്‍ വെറും തുടക്കം മാത്രമാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇനി തുടര്‍ന്നുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ എല്ലാം തന്നെ ആക്രമണങ്ങള്‍ക്ക് കീഴിലായിരിക്കുമെന്നും നെതന്യാഹു മുന്നറിയിപ്പ് നല്‍കിയിരുന്നു.

Israel Gaza Attack: ഗാസയില്‍ കരയാക്രമണത്തിന് തുടക്കമിട്ട് ഇസ്രായേല്‍; മരണസംഖ്യ ഉയരുന്നു
ഗാസയില്‍ നിന്നുള്ള ദൃശ്യം Image Credit source: PTI
shiji-mk
Shiji M K | Published: 20 Mar 2025 08:44 AM

ഗാസ സിറ്റി: ഗാസയില്‍ കരയാക്രമണം ആരംഭിച്ച് ഇസ്രായേല്‍. നെറ്റ്‌സെരിം ഇടനാഴിയുടെ നിയന്ത്രണം പിടിച്ചെടുക്കുന്നതിനായാണ് നിലവിലെ ആക്രമണം. ഗാസ വിഭജിക്കുന്നതിനും പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിനുമായി നെറ്റ്‌സെരിം ഇടനാഴി അനിവാര്യമാണ്. ഈ പാതയുടെ നിയന്ത്രണം വീണ്ടെടുക്കുകയാണ് ഇസ്രായേല്‍ ലക്ഷ്യം.

തിങ്കളാഴ്ച (മാര്‍ച്ച് 18) രാത്രിയിലാണ് ഗാസയ്ക്ക് നേരെയുള്ള ആക്രമണം ഇസ്രായേല്‍ പുനരാരംഭിച്ചത്. ഇതുവരെ 470 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 70 പലസ്തീനികളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. 183 പേര്‍ കുട്ടികളാണ്. ഇസ്രായേല്‍ ഇതുവരെ നടത്തിയ ആക്രമണങ്ങളില്‍ 48,570 പേരാണ് ഗാസയില്‍ കൊല്ലപ്പെട്ടതെന്ന് ഗാസ ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.

ഗാസയില്‍ നടക്കുന്ന ആക്രമണങ്ങള്‍ വെറും തുടക്കം മാത്രമാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇനി തുടര്‍ന്നുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ എല്ലാം തന്നെ ആക്രമണങ്ങള്‍ക്ക് കീഴിലായിരിക്കുമെന്നും നെതന്യാഹു മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഹമാസിനെ നശിപ്പിക്കുക, തീവ്രവാദ സംഘടനയുടെ തടവില്‍ കഴിയുന്ന ബന്ദികളെ മോചിപ്പിക്കുക എന്നീ യുദ്ധ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാകുന്നത് വരെ ആക്രമണം നടത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം, ബന്ദികളെ മോചിപ്പിക്കുന്നതിനായി സൈനിക സമ്മര്‍ദം അനിവാര്യമാണെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.

കരയുദ്ധം ഉടന്‍ ആരംഭിക്കുമെന്ന സൂചന കഴിഞ്ഞ ദിവസം തന്നെ ഇസ്രായേല്‍ നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി ഖാനൂന്‍ ഉള്‍പ്പെടെയുള്ള കിഴക്കന്‍ ഗാസയില്‍ നിന്ന് ഒഴിഞ്ഞുപോകാനായി ഇസ്രായേല്‍ പലസ്തീനികളോട് ആവശ്യപ്പെട്ടിരുന്നു.

Also Read: Israel Gaza Attack: ‘ഇത് വെറും തുടക്കം മാത്രം’; കിഴക്കന്‍ ഗസ ഉടന്‍ ഒഴിയണം; ഭീഷണിയുമായി നെതന്യാഹു

എന്നാല്‍ ജീവനോടെയുള്ള ബന്ദികളെയെല്ലാം കൊലയ്ക്ക് കൊടുക്കുന്ന നടപടിയാണ് ഇപ്പോള്‍ ഇസ്രായേല്‍ സ്വീകരിച്ചിരിക്കുന്നതെന്നാണ് ഹമാസ് പറയുന്നത്. പക്ഷെ ബന്ദികളില്‍ ഭൂരിഭാഗം പേരും മരണപ്പെട്ടിട്ടുണ്ടാകാം എന്ന വിലയിരുത്തലിലാണ് ഇസ്രായേല്‍.