Siriya: സിറിയയിൽ വ്യോമാക്രമണം നടത്തി ഇസ്രായേൽ; ആയുധ സംഭരണകേന്ദ്രങ്ങൾ ബോംബിട്ട് തകർത്തു
Israel's Bomb Attack In Siriya: പശ്ചിമേഷ്യയെ സംബന്ധിച്ച് ഇത് ചരിത്രദിനമാണെന്നും ഇറാനും ഹിസ്ബുള്ളയും എതിരായ ഇസ്രായേൽ നീക്കത്തിന്റെ പ്രത്യാഘാതമാണ് സിറിയയുടെ വീഴ്ചയെന്നും നെത്യാഹു പറഞ്ഞു.
ടെഹ്റാൻ: സിറിയയിൽ വ്യോമാക്രമണം നടത്തി ഇസ്രായേൽ. ആഭ്യന്തര കലാപം നടത്തുന്ന വിമതരുടെ കയ്യിൽ ആയുധശേഖരം എത്തുന്നത് ഒഴിവാക്കാനായാണ് ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്. വിമതരുടെ ആയുധ സംഭരണ കേന്ദ്രങ്ങളും ഇസ്രായേൽ സെെന്യം ബോംബിട്ട് തകർത്തു. 1974-ൽ സിറിയയുമായുള്ള വെടിനിർത്തൽ കരാർ പ്രകാരം സ്ഥാപിച്ച ഗോലാൻ കുന്നുകളിലെ ഒരു ബഫർ സോണിൻ്റെ നിയന്ത്രണം ഇസ്രായേൽ സൈന്യം ഏറ്റെടുത്തതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അറിയിച്ചിട്ടുണ്ട്. വിമതർ സിറിയ പിടിച്ചെടുക്കുന്നതിനെ തുടർന്നാണിത്.
പശ്ചിമേഷ്യയെ സംബന്ധിച്ച് ഇത് ചരിത്രദിനമാണെന്നും ഇറാനും ഹിസ്ബുള്ളയും എതിരായ ഇസ്രായേൽ നീക്കത്തിന്റെ പ്രത്യാഘാതമാണ് സിറിയയുടെ വീഴ്ചയെന്നും നെത്യാഹു കൂട്ടിച്ചേർത്തു. സിറിയൻ സെെന്യം ഗോലാൻ കുന്നുകളിൽ നിന്ന് പിന്മാറിയതിനാലാണ് പ്രദേശത്ത് ഐഡിഎഫ് തമ്പടിച്ചിരിക്കുന്നതെന്നും നെത്യാഹു പറഞ്ഞു. സിറിയൻ തലസ്ഥാനമായ ഡമാസ്‌കസ് കെെയടിക്കിയ ശേഷമാണ് പ്രസിഡൻ്റ് ബാഷർ അൽ അസാദിനെ പുറത്താക്കിയതായി വിമതർ അറിയിച്ചത്.
അതേസമയം, അധികാരം നഷ്ടപ്പെട്ട സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദും കുടുംബവും റഷ്യയിലെത്തിയതായി റിപ്പോർട്ട്. അസദിനും കുടുംബത്തിനും മോസ്‌കോയിൽ അഭയം ലഭിച്ചതായി റഷ്യൻ മാധ്യമമായ റഷ്യൻ സ്‌റ്റേറ്റ് മീഡിയയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വിമത സംഘമായ ഹയാത്ത് തഹ്‌രീർ അൽ ഷാം (എച്ച്ടിഎസ്) സിറിയൻ തലസ്ഥാനമായ ഡമാസ്‌കസ് പിടിച്ചെടുത്തിരുന്നു. പിന്നാലെയാണ് അസാദും കുടുംബവും രാജ്യം വിട്ടത്. മനുഷ്യത്വത്തിന്റെ അടിസ്ഥാനത്തിലാണ് സിറിയൻ പ്രസിഡന്റിന് റഷ്യ അഭയം നൽകിയിരിക്കുന്നതെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഐ.എൽ.-76 എയർക്രാഫ്റ്റിലാണ് അസാദ് റഷ്യയിലെത്തിയത്.
ALSO READ: സിറിയയില്‍ നിന്ന് മുങ്ങി, പൊങ്ങിയത് റഷ്യയില്‍; ബാഷര്‍ അല്‍ അസദും കുടുംബവും മോസ്‌കോയില്‍
നവംബർ 27-നാണ് സിറിയയിൽ വിമത സംഘം ആഭ്യന്തര കലാപത്തിന് തുടക്കമിട്ടത്. കലാപം ആരംഭിച്ച് 11 ദിവസം പിന്നിടുമ്പോഴാണ് സിറിയൻ പ്രസിഡന്റ് രാജ്യം വിടുന്നത്. സിറിയയിലെ അസാദ് ഭരണം അട്ടിമറിച്ചെന്ന് ഔദ്യോഗിക ടെലിവിഷൻ ചാനലിലൂടെയാണ് വിമതർ അറിയിച്ചത്. അസാദിന്റെ കുടുംബവാഴ്ചയ്ക്കാണ് വിമതർ അന്ത്യം കുറിച്ചിരിക്കുന്നത്. അസാദിന്റെ ബാത്ത് പാർട്ടിയാണ് അര നൂറ്റാണ്ടിലധികമായി സിറിയ ഭരിക്കുന്നത്. അബു മുഹമ്മദ് അൽ ജുലാനിയായിരിക്കും സിറിയയിലെ വിമതഭരണത്തിന് നേതൃത്വം നൽകുക. അമേരിക്ക തലയ്ക്ക് 10 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച ഭീകരനാണ് അബു മുഹമ്മദ് അൽ ജുലാനി. ഇറാന്റെ താത്പര്യത്തിനനുസരിച്ച് അസാദും ബാത്ത് പാർട്ടിയും സിറിയയെ നശിപ്പിച്ചെന്ന് അബു മുഹമ്മദ് അൽ ജുലാനി കുറ്റപ്പെടുത്തി. സിറിയ പിടിച്ചെടുത്ത ഹയാത്ത് തഹ്‌രീർ അൽ ഷാം (എച്ച്ടിഎസ്) അഭിനന്ദിച്ചു കൊണ്ട് താലിബാൻ രംഗത്തെത്തി. സിറിയയിലെ മൂന്ന് സുപ്രധാന നഗരങ്ങളാണ് വിമതൽ പിടിച്ചെടുത്തത്.
50 വർഷം നീണ്ടുനിന്ന അസാദിന്റെ കുടുംബവാഴ്ചയ്ക്ക് അന്ത്യമായതോടെ ജനങ്ങൾ തെരുവിലിറങ്ങി സന്തോഷം പ്രകടിപ്പിച്ചു. രാജ്യ തലസ്ഥാനമായ ഡമാസ്‌കസിൽ സ്ഥാപിച്ചിരുന്ന അസാദിന്റെ പിതാവിന്റെ പ്രതിമ ജനങ്ങൾ തകർക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങിൽ വെെറലാണ്.