Israel-Palestine Conflict: ആയുധങ്ങള്‍ ഒളിപ്പിക്കാന്‍ ആശുപത്രികള്‍ ഉപയോഗിക്കുന്നതായി ഇസ്രായേല്‍, നിഷേധിച്ച് ഹമാസ്; ഗാസയില്‍ മരണസംഖ്യ 50,000 കടന്നു
Israel Killed Senior Hamas Leader: ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആശുപത്രിയുടെ വലിയൊരു ഭാഗം തകര്‍ന്നതിനെ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചതായും മന്ത്രാലയം വ്യക്തമാക്കി.

ഗാസ സിറ്റി: ഗാസയിലെ ആശുപത്രിക്ക് നേരെ നടത്തിയ ആക്രമണത്തില്‍ മുതിര്‍ന്ന ഹമാസ് നേതാവും സഹായിയും കൊല്ലപ്പെട്ടതായി വിവരം. ഖാന്‍ യൂനിയിലെ നാസര്‍ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഗ്രൂപ്പിന്റെ സാമ്പത്തിക കാര്യങ്ങളുടെ തലവനായ ഇസ്മായില്‍ ബര്‍ഹൂം കൊല്ലപ്പെട്ടതായി ഹമാസ് ഉദ്യോഗസ്ഥന്‍ ബിബിസിയോട് പ്രതികരിച്ചു.
നാല് മാസം മുമ്പ് ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ് ബര്‍ഹൂം നാസര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്നും അതിനിടെയാണ് വീണ്ടും ആക്രമണമുണ്ടായതെന്നും ഹമാസ് നേതൃത്വം പ്രതികരിച്ചു.
വിപുലമായ രഹസ്യാന്വേഷണ പ്രക്രിയയിലൂടെ നാസര്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രധാന ഹമാസ് നേതാവിനെ കൂടി ആക്രമിച്ചതായി ഇസ്രായേല്‍ സൈന്യം പ്രതികരിച്ചു.




എന്നാല്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആശുപത്രിയുടെ വലിയൊരു ഭാഗം തകര്‍ന്നതിനെ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചതായും മന്ത്രാലയം വ്യക്തമാക്കി.
എന്നാല്‍ ഹമാസ് ആയുധങ്ങള്‍ സൂക്ഷിക്കാനും കമാന്‍ സെന്ററുകള്‍ പ്രവര്‍ത്തിപ്പിക്കാനും ആശുപത്രികളെ ഉപയോഗിക്കുകയാണെന്ന ആരോപണം ഇസ്രായേല്‍ വീണ്ടും ഉയര്‍ത്തി. എന്നാല്‍ ഇത് ഹമാസ് നിഷേധിച്ചു.
അതേസമയം, ഞായറാഴ്ച ഖാന്‍ യൂനിസില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മറ്റൊരു ഹമാസ് നേതാവ് കൂടി കൊല്ലപ്പെട്ടതായാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹമാസ് നേതാവായ സലാഹ് അല്‍ ബര്‍ദവീല്‍ ആണ് കൊല്ലപ്പെട്ടത്. ഖാന്‍ യൂനിസിലും റഫയിലും കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമണത്തില്‍ 30 പേരാണ് കൊല്ലപ്പെട്ടതെന്ന് ഗാസ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.
അതേസമയം, ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം പതിനെട്ടാം മാസത്തിലേക്ക് കടക്കുകയാണ്. ഇതുവരെ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 50,000 കടന്നു. ഇസ്രായേല്‍ കഴിഞ്ഞ ദിവസം നടത്തിയ വ്യോമാക്രമണത്തോടെയാണ് മരണസംഖ്യ 50,000 ത്തിലേക്ക് ഉയര്‍ന്നതെന്ന് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
രണ്ട് മാസത്തോളം നീണ്ടുനിന്ന വെടിനിര്‍ത്തല്‍ കരാര്‍ അവസാനിപ്പിച്ച് മാര്‍ച്ച് 18നാണ് ഇസ്രായേല്‍ വീണ്ടും ഗാസയില്‍ ആക്രമണം ആരംഭിച്ചത്. ഈ ആക്രമണത്തില്‍ ഇതുവരെ നൂറ് പേര്‍ക്കെങ്കിലും ജീവന്‍ നഷ്ടമായതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വെടിനിര്‍ത്തല്‍ നീട്ടാന്‍ വിസമ്മതിച്ചത് ഹമാസ് ആണെന്ന് അമേരിക്കയും ഇസ്രായേലും കുറ്റപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഇസ്രായേല്‍ വെടിനിര്‍ത്തല്‍ കരാര്‍ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് ഹമാസിന്റെ വാദം.