Yahya Sinwar: നിര്‍ണായക വഴിത്തിരിവ്; യഹ്യ സിന്‍വാറിന്റെ മരണം സ്ഥിരീകരിച്ചതായി നെതന്യാഹു, പ്രതികരിക്കാതെ ഹമാസ്
Yahya Sinwar Death: ഇസ്മായില്‍ ഹനിയയുടെ കൊലപാതകത്തോടെയാണ് ഹമാസിന്റെ തലവനായി യഹ്യ സിന്‍വാര്‍ പ്രഖ്യാപിക്കപ്പെട്ടത്. ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രായേലില്‍ നടത്തിയ ആക്രമണത്തിന് പിന്നില്‍ സിന്‍വാര്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഹനിയ കഴിഞ്ഞാല്‍ ഹമാസില്‍ സിന്‍വാറിന് തന്നെയായിരുന്നു കൂടുതല്‍ പ്രാധാന്യം.
ജറുസലേം: ഹമാസ് തലവന്‍ യഹ്യ സിന്‍വാറിന്റെ (Yahya Sinwar) മരണം നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തെ നിര്‍ണായക ഘട്ടത്തിലെത്തിച്ചൂവെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസിന് ശേഷമുള്ള പുതിയ കാലത്തിന് തുടക്കമാവുകയാണ്. ആ സംഘടന ഗസ ഭരിക്കാന്‍ ബാക്കിയാകില്ലെന്നും നെതന്യാഹു പറഞ്ഞതായി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യഹ്യ സിന്‍വാര്‍ ഇത്രയും നാള്‍ നിങ്ങളുടെ ജീവിതം നശിപ്പിക്കുകയായിരുന്നു. ഹമാസിന്റെ കീഴില്‍ നിന്ന് പുറത്തുകടക്കാനുള്ള അവസരമാണിത്. സിന്‍വാര്‍ ഒരു സിംഹമാണെന്നായിരിക്കും നിങ്ങളോട് പറഞ്ഞത്, എന്നാല്‍ അവന്‍ ഗുഹയ്ക്കുള്ളില്‍ ഒളിക്കുകയായിരുന്നുവെന്നും ഗസയിലെ ജനങ്ങളോടായി നെതന്യാഹു പറഞ്ഞു.
Also Read:Yahya Sinwar: ഇസ്രായേലിന്റെ ഉറക്കംകെടുത്തിയ നേതാവ്; ആരാണ് ഹനിയയുടെ പിന്‍ഗാമി യഹ്യ സിന്‍വാര്‍
യഹ്യ സിന്‍വാര്‍ കൊല്ലപ്പെട്ടൂവെന്ന് ഇസ്രായേല്‍ സ്ഥിരീകരിച്ചു. ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് ഗസയില്‍ നടത്തിയ ഏറ്റുമുട്ടലില്‍ മൂന്നുപേരെ വധിച്ചെന്നും അതില്‍ ഒരാള്‍ യഹ്യ സിന്‍വാര്‍ ആണെന്നുമാണ് നേരത്തെ ഇസ്രായേല്‍ പറഞ്ഞിരുന്നത്. പിന്നീട് കൊല്ലപ്പെട്ടത് ആരാണെന്ന് തെളിയിക്കാന്‍ നടത്തിയ ഡിഎന്‍എ പരിശോധനയിലാണ് യഹ്യ സിന്‍വാറാണതെന്ന കാര്യം വ്യക്തമായതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യഹ്യ സിന്‍വാര്‍ കൊല്ലപ്പെട്ടത് മറ്റ് ആക്രമണങ്ങള്‍ക്കിടെ യാദൃച്ഛികമായാണെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ ഹമാസിന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം ഇതുവരേക്കും ഉണ്ടായിട്ടില്ല.
ഇസ്മായില്‍ ഹനിയയുടെ കൊലപാതകത്തോടെയാണ് ഹമാസിന്റെ തലവനായി യഹ്യ സിന്‍വാര്‍ പ്രഖ്യാപിക്കപ്പെട്ടത്. ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രായേലില്‍ നടത്തിയ ആക്രമണത്തിന് പിന്നില്‍ സിന്‍വാര്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഹനിയ കഴിഞ്ഞാല്‍ ഹമാസില്‍ സിന്‍വാറിന് തന്നെയായിരുന്നു കൂടുതല്‍ പ്രാധാന്യം.
2017ലാണ് നേതൃനിരയിലേക്ക് സിന്‍വാര്‍ എത്തുന്നത്. ഹമാസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാനായി പൊതുവേദികളില്‍ അങ്ങനെ അദ്ദേഹം പ്രത്യക്ഷപ്പെടാറില്ല. വളരെ അപൂര്‍വമായാണ് സിന്‍വാര്‍ പൊതുവേദികളില്‍ സംസാരിക്കാറുള്ളത്. ഹമാസിന്റെ സൈനിക ശക്തി മെച്ചപ്പെടുത്തുന്നതിലായിരുന്നു സിന്‍വാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.
2014 ഓഗസ്റ്റ് മുതല്‍ ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ ചെയര്‍മാനും ഗസ മുനമ്പിന്റെ നേതാവുമായി യഹ്യ പ്രവര്‍ത്തിക്കുന്നുണ്ട്. ഗസ ആസ്ഥാനമായാണ് കാലങ്ങളായി യഹ്യയുടെ പ്രവര്‍ത്തനം നടക്കുന്നത്. തിന്മയുടെ മുഖമെന്നാണ് യഹ്യയെ ഇസ്രായേല്‍ വിശേഷിപ്പിക്കുന്നത്. 22 വര്‍ഷത്തോളം തടവറയില്‍ കഴിഞ്ഞിട്ടുമുണ്ട്.