Benjamin Netanyahu: വെടി നിർത്തൽ താൽക്കാലികം, ആവശ്യമെങ്കിൽ പോരാട്ടം തുടരും; ബെഞ്ചമിന്‍ നെതന്യാഹു
Israel PM Benjamin Netanyahu on Gaza Cease Fire: വെടിനിർത്തൽ കരാറിന്റെ ഭാഗമായി ആദ്യ ബന്ധിമോചനത്തിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് മോചിപ്പിക്കുന്ന ബന്ദികളെ കുറിച്ചുള്ള വിവരങ്ങൾ നൽകിയില്ലെങ്കിൽ കരാറുമായി മുന്നോട്ട് പോകാൻ സാധിക്കില്ലെന്ന് നെതന്യാഹു അറിയിച്ചത്.
ടെൽഅവീവ്: ഹമാസുമായുള്ള വെടിനിർത്തൽ കരാർ താൽക്കാലികം ആണെന്നും ആവശ്യമെങ്കിൽ പോരാട്ടം തുടരുമെന്നും അറിയിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ലെബനൻ, സിറിയ എന്നിവിടങ്ങളിൽ ഇസ്രായേലിന് ഉണ്ടായ സൈനിക വിജയമാണ് ഹമാസിനെ വെടിനിർത്തലിന് പ്രേരിപ്പിച്ചത്, അതിനാൽ ഇസ്രായേലിന് പോരാട്ടം തുടരാൻ അവകാശമുണ്ടെന്നും നെതന്യാഹു പറഞ്ഞു.
അതേസമയം, തനിക്ക് യുഎസ് നിയുക്ത പ്രസിഡന്റായ ഡൊണാൾഡ് ട്രംപിന്റെ പിന്തുണ ഉണ്ടെന്നും നെതന്യാഹു വ്യക്തമാക്കി. നേരത്തെ, മോചിപ്പിക്കുന്ന ബന്ദികൾ ആരൊക്കെയെന്ന് പുറത്തുവിടാതെ വെടിനിർത്തൽ കരാറിന് തയ്യാറല്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി അറിയിച്ചിരുന്നു. തുടർന്ന് സുരക്ഷാ കാബിനറ്റ് വെടി നിർത്തൽ വിഷയത്തിൽ അന്തിമ തീരുമാനം എടുക്കാൻ സർക്കാരിനെ നിയോഗിച്ചു. കാബിനറ്റിലും ഭൂരിപക്ഷ പിന്തുണ വെടി നിർത്തലിന് അനുകൂലമായതോടെ ആണ് ഒടുവിൽ ഇസ്രയേലും കരാറിലേർപ്പെടാൻ തയ്യാറായത്.
അതേസമയം, വെടിനിർത്തൽ കരാറിന്റെ ഭാഗമായി ആദ്യ ബന്ധിമോചനത്തിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് മോചിപ്പിക്കുന്ന ബന്ദികളെ കുറിച്ചുള്ള വിവരങ്ങൾ നൽകിയില്ലെങ്കിൽ കരാറുമായി മുന്നോട്ട് പോകാൻ സാധിക്കില്ലെന്ന് നെതന്യാഹു അറിയിച്ചത്. ഔദ്യോഗിക എക്സ് അക്കൗണ്ട് വഴിയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഞായറാഴ്ച രാവിലെ 8.30 നാണ് (ഇസ്രായേൽ സമയം) ബന്ദികളെ കൈമാറുന്നതിന് ധാരണയായിട്ടുള്ളത്. എന്നാൽ, ആരെയൊക്കെ മോചിപ്പിക്കുമെന്നത് സംബന്ധിച്ച ലിസ്റ്റ് ഹമാസ് കൈമാറിയിട്ടില്ലെന്നും, ഇത് കരാർ ലംഘനമാണെന്നും ഇസ്രായേൽ വ്യക്തമാക്കി. ഇതോടെയാണ് ആവശ്യമെങ്കിൽ അമേരിക്കയുടെ പിന്തുണയോടെ യുദ്ധം പുനരാരംഭിക്കുമെന്നും, ഹമാസ് ബന്ദികളാക്കിയ എല്ലാവരെയും തിരികെ രാജ്യത്തെത്തിക്കും എന്നും ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി.
വെടി നിർത്തൽ കരാർ പ്രകാരം 42 ദിവസം നീളുന്നതാണ് ആദ്യഘട്ടം. ഈ കാലയളവിൽ ഹമാസ് 33 ബന്ദികളെ ഘട്ടംഘട്ടമായി മോചിപ്പിക്കുമെന്നാണ് ധാരണ. അതിൽ മൂന്ന് പേരെയാണ് ഇന്ന് (ഞായറാഴ്ച) വിട്ടയയ്ക്കുക. പുറത്തുവരുന്ന റിപോർട്ടുകൾ പ്രകാരം ഇവർ 30 വയസിൽ താഴെ പ്രായമായുള്ള ഇസ്രയേലിന്റെ വനിതാ സൈനികരായിരിക്കും. എന്നാൽ, ഇസ്രായേൽ ആദ്യഘട്ടത്തിൽ മോചിപ്പിക്കുന്ന 737 പലസ്തീൻ തടവുകാരെ കുറിച്ചുള്ള വിവരങ്ങൾ നേരത്തെ നീതിന്യായ വകുപ്പ് പുറത്തുവിട്ടിരുന്നു.
ഇതിൽ ഞായറാഴ്ച മോചിപ്പിക്കുന്ന ആദ്യസംഘത്തിൽ 95 പേർ ഉണ്ടാകും. ഇവരെ വൈകീട്ട് നാലിന് ശേഷം മാത്രമേ കൈമാറുകയുള്ളു എന്ന് ഇസ്രായേൽ അറിയിച്ചിരുന്നു. കൂടാതെ, ആദ്യഘട്ടത്തിൽ ജനവാസ മേഖലകളിൽ നിന്നും സൈന്യം പിന്മാറും. 42 ദിവസം നീളുന്ന ആദ്യഘട്ട വെടിനിർത്തലിന്റെ 16-ാം ദിവസം രണ്ടും മൂന്നും ഘട്ടങ്ങൾ എങ്ങനെ ആയിരിക്കണം എന്നതിനെ കുറിച്ച് ചർച്ച ആരംഭിക്കും. വെള്ളിയഴ്ച രാത്രിയോടെയാണ് ഇസ്രായേൽ മന്ത്രിസഭാ വെടി നിർത്തൽ കരാറിന് അംഗീകാരം നൽകിയത്.