Israel New Jewish Settlement: ജറുസലേമിനും വെസ്റ്റ് ബാങ്കിനും ഇടയില്‍ ജൂത കുടിയേറ്റ കേന്ദ്രം വരുന്നു; പുതിയ നീക്കവുമായി ഇസ്രായേല്‍
Israel News: കുടിയേറ്റ കേന്ദ്രം നിര്‍മിക്കുന്നത് രാജ്യത്ത് സുരക്ഷാ വെല്ലുവിളിയും സംഘര്‍ഷവും ഉണ്ടാക്കുമെന്ന് പീസ് നൗ മുന്നറിയിപ്പ് നല്‍കുന്നത്. യുനെസ്‌കോ ലോക ടെറസുകള്‍ക്ക് പേരുകേട്ട ഫലസ്തീനികളുടെ ഗ്രാമമായ ബത്തീറിന്റെ സ്ഥലത്താണ് ഈ കേന്ദ്രം നിര്‍മിക്കുന്നതെന്നും സംഘടന പറഞ്ഞു
ജറുസലേം: ജെറുസലേമിനും വെസ്റ്റ് ബാങ്കിനും ഇടയില്‍ ജൂത കുടിയേറ്റ കേന്ദ്രം സ്ഥാപിക്കാന്‍ പദ്ധതിയിട്ട് ഇസ്രായേല്‍. 2017ന് ശേഷം ആദ്യമായാണ് വെസ്റ്റ് ബാങ്കില്‍ കുടിയേറ്റ കേന്ദ്രം നിര്‍മിക്കാന്‍ ഇസ്രായേല്‍ പദ്ധതിയിടുന്നത്. വെസ്റ്റ് ബാങ്കില്‍ പ്രവര്‍ത്തിക്കുന്ന ഇസ്രയേലി സിവില്‍ അഡ്മിനിസ്‌ട്രേഷനാണ് ഇക്കാര്യം അറിയിച്ചത്. ഫലസ്തീന്‍ നഗരമായ ബത്‌ലഹേമിനോട് ചേര്‍ന്ന ഏകദേശം 148 ഏക്കര്‍ സ്ഥലത്താണ് കേന്ദ്രം നിര്‍മിക്കുന്നത്. നഹാല്‍ ഹെലെറ്റ്‌സ് എന്ന പേരിലായിരിക്കും കെട്ടിടം. എന്നാല്‍ സോണിങ് പ്ലാനുകളും നിര്‍മാണ അനുമതിയും ലഭിക്കാന്‍ സമയമെടുക്കുന്നതിനാല്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നീളാന്‍ സാധ്യതയുണ്ട്.
എന്നാല്‍ കുടിയേറ്റ കേന്ദ്രം നിര്‍മിക്കുന്നത് രാജ്യത്ത് സുരക്ഷാ വെല്ലുവിളിയും സംഘര്‍ഷവും ഉണ്ടാക്കുമെന്ന് പീസ് നൗ മുന്നറിയിപ്പ് നല്‍കുന്നത്. യുനെസ്‌കോ ലോക ടെറസുകള്‍ക്ക് പേരുകേട്ട ഫലസ്തീനികളുടെ ഗ്രാമമായ ബത്തീറിന്റെ സ്ഥലത്താണ് ഈ കേന്ദ്രം നിര്‍മിക്കുന്നതെന്നും സംഘടന പറഞ്ഞു.
അതേസമയം, ഉപറോധിക്കപ്പെട്ട ഗസ മുനമ്പില്‍ ജീത കുടിയേറ്റ കേന്ദ്രങ്ങള്‍ പണിയാനും അവിടെ കുടുങ്ങിക്കിടക്കുന്ന ഫലസ്തീനികള്‍ക്ക് ഭക്ഷണവും വെള്ളവും ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ തടയാനും ഇസ്രായേല്‍ ദേശീയ സുരക്ഷ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍ നേരത്തെ ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ ഇതിനെ ശക്തമായി അപലപിച്ചുകൊണ്ട് ഖത്തര്‍ രംഗത്തെത്തി. ഫലസ്തീനില്‍ ജൂത കുടിയേറ്റ കേന്ദ്രങ്ങള്‍ നിര്‍മിക്കുന്ന നടപടി ഫലസ്തീന്‍ ജനതയെ അവരുടെ ഭൂമിയില്‍ നിന്ന് ബലം പ്രയോഗിച്ച് കുടിയൊഴിപ്പിക്കാനുള്ള ഇസ്രായേല്‍ നയമാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
അന്താരാഷ്ട്ര നിയമങ്ങളോടുള്ള ഇസ്രായേലിന്റെ തുടര്‍ച്ചയായ ലംഘനവും അവഗണനയുമാണ് നടക്കുന്നത്. സമാധാനത്തിനുള്ള സാധ്യതകളെ തുരങ്കം വെക്കുന്ന സമീപനമാണിതെന്നും മന്ത്രാലയം ആരോപിച്ചിരുന്നു. ഗസ മുനമ്പിലെ എല്ലാ മേഖലകളിലേക്കും തടസങ്ങളില്ലാതെ സുരക്ഷിതവും സുസ്ഥിരവുമായ മാനുഷിക സഹായം ഉറപ്പാക്കാനും കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ള സിവിലയന്മാര്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ ഒഴിവാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഒന്നിച്ച് നില്‍ക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.
ഗസയില്‍ ജൂത കുടിയേറ്റ കേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്ന് ഗസയ്ക്ക് സമീപമുള്ള സെദ്‌റോത്ത് ജൂത കുടിയേറ്റ കേന്ദ്രത്തില്‍ നടന്ന റാലിയില്‍ സംസാരിക്കവെയാണ് ഇസ്രായേല്‍ മന്ത്രി വിവാദ പ്രസ്താവന നടത്തിയത്. റാലിയില്‍ സംസാരിച്ച ബെന്‍ ഗ്വിര്‍, ഗസയില്‍ നിന്നുള്ള ഫലസ്തീനികളുടെ പലായനം പ്രോത്സാഹിപ്പിക്കണമെന്നും അഭിപ്രായപ്പെട്ടിരുന്നു. റാലിയില്‍ സംസാരിച്ച ഇസ്രായേല്‍ കമ്മ്യൂണിക്കേഷന്‍സ് മന്ത്രി ഷ്ലോമോ കാര്‍ഹിയുടെ, ഗാസ അധിനിവേശമാണ് ഇസ്രായേലിന്റെ സുരക്ഷ ഉറപ്പാക്കാനുള്ള ഏക മാര്‍ഗമെന്ന പ്രസ്താവനയെയും ഖത്തര്‍ അപലപിച്ചിരുന്നു.
അതേസമയം, ഇസ്രയേലിനെതിരെ യാതൊരു വിട്ടുവീഴ്ചയും നടത്തേണ്ടതില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാഷ്ട്രീയ, സൈനിക തലങ്ങളില്‍ വീണ്ടുവിചാരത്തിനോ വിട്ടുവീഴ്ചയ്ക്കോ മുതിരരുത്. വീഴ്ച വരുത്തുന്നത് ദൈവ കോപത്തിന്റെ ഗണത്തില്‍പ്പെടുമെന്നും ഖമേനി പറഞ്ഞു.
ഹമാസ് രാഷ്ട്രീയകാര്യ മേധാവി ഇസ്മയില്‍ ഹനിയ ഇറാന്‍ സന്ദര്‍ശനത്തിനിടെ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഇറാനും ഇസ്രയേലും സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. എന്നാല്‍ ഇസ്രായേലിന് തിരിച്ചടി നല്‍കുന്നതില്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസസ്‌കിയാനും സൈന്യവും തമ്മില്‍ ഭിന്നതയുണ്ടായി. തുടര്‍ന്നാണ് ആയത്തുല്ല അലി ഖമേനിയുടെ പ്രസ്താവന.
അതോടൊപ്പം ഇസ്രയേലിന് തിരിച്ചടി നല്‍കുന്നതില്‍ നിന്നും ഇറാനെ തടയാന്‍ വിദേശരാജ്യങ്ങള്‍ സമ്മര്‍ദം ചെലുത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഇറാന്റെ ഭാഗത്ത് നിന്ന് ആക്രമണമുണ്ടായാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇസ്രയേലും നേരത്തെ മുന്നയിപ്പ് നല്‍കിയിരുന്നു. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസസ്‌കിയാന്റെ സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുത്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് ഇസ്മയില്‍ ഹനിയ കൊല്ലപ്പെട്ടത്. നെഷാത്ത് എന്നറിയപ്പെടുന്ന തന്ത്ര പ്രധാനമായ ഗസ്റ്റ് ഹൗസില്‍ വിദൂര നിയന്ത്രിത സംവിധാനം ഉപയോഗിച്ച് സ്‌ഫോടനം നടത്തിയാണ് ഹനിയയെ കൊലപ്പെടുത്തിയത്.
Also Read: Mpox : എംപോക്സ് പടരുന്നു; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന
സ്ഫോടനത്തില്‍ ഗസ്റ്റ് ഹൗസിന്റെ ഭിത്തി തകര്‍ന്നു. ജനലുകള്‍ ഉള്‍പ്പെടെ ഇളകി തെറിച്ചു. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡുകളുടെ നിയന്ത്രണത്തിലുള്ളതാണ് ഈ കെട്ടിടം. തന്ത്രപ്രധാന യോഗങ്ങള്‍ ചേരുന്നതിനും അതിഥികള്‍ക്ക് താമസിക്കാനുമായിരുന്ന് ഈ കെട്ടിടം ഉപയോഗിച്ചിരുന്നത്. ആക്രമണത്തില്‍ ഹനിയയെ കൂടാതെ അദ്ദേഹത്തിന്റെ അംഗരക്ഷകനും കൊല്ലപ്പെട്ടിട്ടുണ്ട്.
ഹനിയയുടെ കൊലപാതകത്തിന് പിന്നില്‍ ഇസ്രായേലാണെന്ന് ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസും നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍ ഹനിയയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഇതുവരേക്കും ആരും ഏറ്റെടുത്തിട്ടില്ല.