Israel-Palestine Conflict: അഞ്ച് ദിവസം കൊണ്ട് 70 കുഞ്ഞുങ്ങള്‍; കൊന്ന് തള്ളി ഇസ്രായേല്‍
Israeli Defense Force Killed 70 Kids in Five Days: ഗസയില്‍ പട്ടിണിയും തണുപ്പും ആക്രമണവും കാരണം മരണപ്പെടുന്ന കുഞ്ഞുങ്ങളുടെ എണ്ണം വര്‍ധിച്ചതായി യൂനിസെഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കാതറിന്‍ റസ്സല്‍ നേരത്തെ പറഞ്ഞിരുന്നു. പുതുവര്‍ഷം ഗസയില്‍ കൂടുതല്‍ മരണങ്ങളും ആക്രമണങ്ങളും ദാരിദ്ര്യവും കൊണ്ടാണ് വന്നതെന്ന് ജനുവരി എട്ടിന് കാതറിന്‍ ചൂണ്ടിക്കാട്ടി.
ഗസ സിറ്റി: അഞ്ച് ദിവസത്തിനിടെ ഗസയില്‍ 70 ഓളം കുട്ടികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. സിവില്‍ ഡിഫന്‍സ് സര്‍വീസ് ആണ് ഇതുമായി ബന്ധപ്പെട്ട വിവരം പുറത്തുവിട്ടത്. എന്നാല്‍ കൊല്ലപ്പെട്ട കുട്ടികളുടെ പ്രായവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഏജന്‍സി പുറത്തുവിട്ടിട്ടില്ല. പലസ്തീന്‍ എന്‍ക്ലേവ് ഉടനീളമുള്ള പ്രദേശങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളാണ് കുട്ടികളുടെ ജീവനെടുത്തതെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
ഗസയില്‍ പട്ടിണിയും തണുപ്പും ആക്രമണവും കാരണം മരണപ്പെടുന്ന കുഞ്ഞുങ്ങളുടെ എണ്ണം വര്‍ധിച്ചതായി യൂനിസെഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കാതറിന്‍ റസ്സല്‍ നേരത്തെ പറഞ്ഞിരുന്നു. പുതുവര്‍ഷം ഗസയില്‍ കൂടുതല്‍ മരണങ്ങളും ആക്രമണങ്ങളും ദാരിദ്ര്യവും കൊണ്ടാണ് വന്നതെന്ന് ജനുവരി എട്ടിന് കാതറിന്‍ ചൂണ്ടിക്കാട്ടി.
ഉപരോധിച്ച മേഖലകളില്‍ ഉള്‍പ്പെടെ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ 28 പലസ്തീനികളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. അതേസമയം, വടക്കന്‍ ഗസയില്‍ നാല് ഇസ്രായേല്‍ സൈനികര്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു. ഹമാസ് നടത്തിയ ആക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. ആറ് സൈനികര്‍ക്ക് പരിക്കേറ്റതായും ഇസ്രായേല്‍ പ്രതിരോധ സേന വ്യക്തമാക്കി. വടക്കന്‍ ഗസയിലെ ബെയ്ത്ത് ഹാനൂനിലുണ്ടായ ആക്രമണത്തിലാണ് സംഭവമെന്നാണ് ഐഡിഎഫ് നടത്തിയ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. ഗസയില്‍ ഇതുവരെ കൊല്ലപ്പെട്ട ഇസ്രായേലി സൈനികരുടെ എണ്ണം ഇതോടെ 402 ആയതായും പ്രതിരോധ സേന പറഞ്ഞു.
അതേസമയം, ഇസ്രായേലിനെ ഐക്യരാഷ്ട്രസഭ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് യൂറോ-മെഡ് ഹ്യൂമന്‍ റൈറ്റ്സ് മോണിറ്റര്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. പലസ്തീനിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ഇസ്രായേലിന്റെ ലൈംഗികാതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു യൂറോ-മെഡ് രംഗത്തെത്തിയത്.
ബന്ദികളാക്കപ്പെട്ട പലസ്തീനികളെ പോലും ഇസ്രായേല്‍ സൈന്യം വെറുതെ വിടുന്നില്ലെന്നും ആസൂത്രിതമായ ഈ അതിക്രമങ്ങള്‍ക്ക് വ്യക്തമായ തെളിവുകളുണ്ടെന്നും മനുഷ്യാവകാശ സംഘടന പറഞ്ഞു. 2023 ഒക്ടോബര്‍ ഏഴ് മുതല്‍ ആരംഭിച്ച ഇസ്രായേല്‍-പലസ്തീന്‍ യുദ്ധത്തെ സംബന്ധിച്ച് യു എന്‍ നടത്താനിരുന്ന അന്വേഷണങ്ങളെ ഇസ്രായേല്‍ തടസപ്പെടുത്തുകയാണെന്നും ഹ്യൂമന്‍ റൈറ്റ്സ് മോണിറ്റര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇസ്രായേലിന്റെ ഈ നടപടി അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണെന്നും സംഘടന കൂട്ടിച്ചേര്‍ത്തു.
യുദ്ധം 79 ശതമാനവും ബാധിച്ചത് ഗസയിലെ കുട്ടികളെയും സ്ത്രീകളെയുമാണ്. ഇതില്‍ ഗര്‍ഭിണികളായ സ്ത്രീകള്‍ മാനസികാരോഗ്യ വെല്ലുവിളി നേരിടുന്നതായും ബലാത്സംഗം ചെയ്യപ്പെടുന്നതായും റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. പലസ്തീന്‍ സ്ത്രീകളെ കൊലപ്പെടുത്തിയ ശേഷം അവരുടെ അടിവസ്ത്രങ്ങള്‍ ധരിച്ച് ഇസ്രായേലി സൈനികര്‍ നില്‍ക്കുന്ന ഫോട്ടോകളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനൊപ്പം കുട്ടികളെ ഇസ്രായേല്‍ കുടിയേറ്റക്കാര്‍ ഉള്‍പ്പെടെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിന്റെ തെളിവുകളും പുറത്തുവന്നിരുന്നു.