Israel-Palestine Conflict: ബന്ദികളെ മോചിപ്പിക്കാൻ ഒരുക്കമെന്ന് ഹമാസ്; ചർച്ചകൾ സജീവമാക്കി ബൈഡൻ
Hamas Agrees To Release Israeli Hostages: ജനുവരി 20നകം ബന്ദികളെ മോചിപ്പിക്കണമെന്ന് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും അന്ത്യശാസനം നല്‍കിയിട്ടുണ്ട്. വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നാല്‍ ആദ്യഘട്ടത്തില്‍ മോചിപ്പിക്കേണ്ട 34 ബന്ദികളുടെ ഇസ്രായേല്‍ നല്‍കിയ പട്ടിക അംഗീകരിച്ചതായാണ് ഹമാസ് റോയിട്ടേഴ്‌സിനോട് പ്രതികരിച്ചത്.
ജറുസലേം: 34 ബന്ദികളെ മോചിപ്പിക്കാന്‍ ഒരുക്കമാണെന്ന് അറിയിച്ച് ഹമാസ്. ആദ്യഘട്ടമെന്ന നിലയില്‍ ബന്ദികളെ മോചിപ്പിക്കാമെന്ന് ഹമാസ് വാര്‍ത്താ ഏജന്‍സിയോട് വ്യക്തമാക്കിയതിന് പിന്നാലെ ബൈഡന്‍ ഭരണകൂടവും തങ്ങളുടെ മധ്യസ്ഥ ശ്രമം ശക്തമാക്കി. വെടിനിര്‍ത്തല്‍ പ്രഖ്യാപനം രണ്ടാഴ്ചയ്ക്കകം ഉണ്ടാകുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്രിങ്കന്‍ അറിയിച്ചു.
ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലേറുന്നതിന് മുമ്പ് വെടിനിര്‍ത്തലില്‍ തീരുമാനമുണ്ടാക്കുന്നതിനായാണ് യുഎസിന്റെ ശ്രമം. ജനുവരി 20നാണ് ട്രംപ് അധികാരമേല്‍ക്കുന്നത്. ദോഹയിലാണ് വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ഇസ്രായേല്‍ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. മൊസാദിന്റെ തലവന്‍ ഡേവിഡ് ബര്‍നിയ വൈകാതെ ദോഹയിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ജനുവരി 20നകം ബന്ദികളെ മോചിപ്പിക്കണമെന്ന് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും അന്ത്യശാസനം നല്‍കിയിട്ടുണ്ട്. വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നാല്‍ ആദ്യഘട്ടത്തില്‍ മോചിപ്പിക്കേണ്ട 34 ബന്ദികളുടെ ഇസ്രായേല്‍ നല്‍കിയ പട്ടിക അംഗീകരിച്ചതായാണ് ഹമാസ് റോയിട്ടേഴ്‌സിനോട് പ്രതികരിച്ചത്.
വനിത സൈനികരും പ്രായമായവരുമാണ് ഇസ്രായേല്‍ നല്‍കിയ പട്ടികയിലുള്ളത്. എന്നാല്‍ ഇക്കാര്യവുമായി ബന്ധപ്പെട്ട് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് പ്രതികരിച്ചിട്ടില്ല.
അതേസമയം, ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന ബോംബാക്രമണം കഴിഞ്ഞ ദിവസവും തുടര്‍ന്നു. ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 24 മണിക്കൂറിനിടെ 48 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. 75 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഗസയില്‍ തണുപ്പ് രൂക്ഷമായിരിക്കുകയാണ്. അടച്ചുറപ്പില്ലാത്ത അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്ന പലസ്തീനുകാര്‍ കൊടുംതണുപ്പിന് ഇരയാകുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതിശൈത്യത്തെ തുടര്‍ന്ന് രണ്ടാഴ്ചയ്ക്കിടെ 35 ദിവസം പ്രായമായ കുഞ്ഞ് ഉള്‍പ്പെടെ എട്ട് പേരാണ് മരിച്ചത്.
അതേസമയം, വെസ്റ്റ് ബാങ്കില്‍ വെടിവെപ്പിനെ തുടര്‍ന്ന് മൂന്ന് ഇസ്രായേല്‍ പൗരന്മാര്‍ കൊല്ലപ്പെട്ടു. നിരവധിയാളുകള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. കാറിനും ബസിനും നേരെയാണ് വെടിവെപ്പുണ്ടായത്. ജെനിന്‍ ക്യാമ്പിന് നേരെ ഇസ്രായേല്‍ നടത്തിയ വെടിവെപ്പില്‍ പതിനേഴ് വയസുകാരന്‍ ഉള്‍പ്പെടെ രണ്ട് പലസ്തീനികളും കൊല്ലപ്പെട്ടു.