Israel Military Operation: റഫയിലെ സൈനിക നടപടി അവസാനിപ്പിക്കാൻ ഇസ്രായേലിനോട് അന്താരാഷ്ട്ര കോടതി
ബന്ദികളെ വിട്ടയക്കണമെന്ന് ഹമാസിനോട് കോടതി ആവശ്യപ്പെട്ടു. ഫലസ്തീനികളുടെ അവസ്ഥ വിനാശകരമാണ്. നിലവില്‍ എട്ട് ലക്ഷത്തിന് മുകളില്‍ ഫലസ്തീനികള്‍ അഭയാര്‍ത്ഥികളായി മാറിയിട്ടുണ്ട്.
ഹേഗ്: റഫയില്‍ ഇസ്രായേല്‍ നടത്തികൊണ്ടിരിക്കുന്ന സൈനിക നടപടി അവസാനിപ്പിക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി. ഗസയിലെ വംശഹത്യക്കെതിരെ ദക്ഷിണാഫ്രിക്ക നല്‍കിയ ഹരജയിലാണ് കോടതി വിധി ഉണ്ടായിരിക്കുന്നത്. രണ്ടിനെതിരെ 13 ജഡ്ജിമാര്‍ റഫയിലെ സൈനിക അവസാനിപ്പിക്കണമെന്ന വിധിയെ പിന്തുണച്ചു. ഗസയിലേക്ക് സഹായമെത്തിക്കാന്‍ റഫ അതിര്‍ത്തി തുറക്കണെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം, ബന്ദികളെ വിട്ടയക്കണമെന്ന് ഹമാസിനോട് കോടതി ആവശ്യപ്പെട്ടു. ഫലസ്തീനികളുടെ അവസ്ഥ വിനാശകരമാണ്. നിലവില്‍ എട്ട് ലക്ഷത്തിന് മുകളില്‍ ഫലസ്തീനികള്‍ അഭയാര്‍ത്ഥികളായി മാറിയിട്ടുണ്ട്. റഫയിലെ ഇസ്രായേല്‍ ആക്രമണം ഒരു സമൂഹത്തെ മുഴുവനായും നശിപ്പിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇസ്രായേലിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ യുഎന്നിന്റെ നേതൃത്വത്തില്‍ അന്വേഷണ കമ്മീഷന്‍ രൂപീകരിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. വംശഹത്യ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഗസയിലേക്കെത്തുന്ന സംഘത്തിന്റെ പ്രവേശനം ഉറപ്പുവരുത്താന്‍ ഇസ്രായേല്‍ നടപടി സ്വീകരിക്കണം. ഒരു മാസത്തിനുള്ളില്‍ കോടതി വിധിയില്‍ ഇസ്രായേല്‍ കൈകൊണ്ട നടപടികള്‍ എന്താണെന്ന് അറിയിച്ചു.
അതേസമയം, ഇതിന് മുമ്പ് കോടതി പുറപ്പെടവിച്ച നിര്‍ദേശങ്ങള്‍ പാലിക്കുന്നതിലും അതില്‍ റിപ്പോര്‍ സമര്‍പ്പിക്കുന്നതിലും ഇസ്രായേല്‍ പരാജയപ്പെട്ടുവെന്ന് പാനല്‍ ബോഡി പ്രസിഡന്റ് ജസ്റ്റിസ് നവാം സലാം പറഞ്ഞു. കോടതി വിധിയെ ഫലസ്തീന്‍ അതോറിറ്റി സ്വാഗതം ചെയ്‌തെങ്കിലും. കോടതി ഉത്തരവ് പാലിക്കില്ലെന്ന നിലപാടിലാണ് ഇസ്രായേല്‍. റഫയില്‍ ആക്രമണം അവസാനിപ്പിക്കാന്‍ ഇസ്രായേലിനോട് ആവശ്യപ്പെട്ട അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ നടപടി ദക്ഷിണാഫ്രിക്ക സ്വാഗതം ചെയ്തു. യുഎന്‍ രാജ്യങ്ങളോട് ഉത്തരവ് പിന്തുണയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
അതേസമയം, ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന കൂട്ടകുരുതിയില്‍ മരിച്ചവരുടെ എണ്ണം 35,647 ആയി. 85 ഫലസ്തീനികളെയാണ് ഒറ്റദിവസംകൊണ്ട് ഇസ്രായേല്‍ ഇല്ലാതാക്കിയത്. ആക്രമണത്തില്‍ 200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതോടെയാണ് മരണസംഖ്യ 35,647 കടന്നത്.
കഴിഞ്ഞ ഒക്ടോബറില്‍ ഇസ്രായേല്‍ തുടങ്ങിയ ഗസ യുദ്ധത്തില്‍ ഇതുവരെ 79,852 പേര്‍ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം 70 ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച ഡ്രോണുകളും യുദ്ധവിമാനങ്ങളും ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഇസ്രായേല്‍ സൈന്യം അറിയിച്ചിട്ടുണ്ട്.
ഹമാസിന്റെ സൈനിക കേന്ദ്രങ്ങളും റോക്കറ്റ് ലോഞ്ചറുകളും നിരീക്ഷണം യൂണിറ്റുകളും മറ്റ് സൈനിക സൗകര്യങ്ങളും ലക്ഷ്യം വെച്ചായിരുന്നു ആക്രമണം. വടക്കന്‍ ഗസ മുനമ്പിലെ ജബലിയ ഭാഗത്ത് വെച്ച് നിരവധി ഹമാസ് പ്രവര്‍ത്തകരെ വധിച്ചതായും സൈന്യം പറയുന്നുണ്ട്.